വനിതാ സംരംഭകരുടെ പങ്കാളിത്തം കൂടി; കുടുംബശ്രീയുടെ ഓണം മേളകളില്‍ വിറ്റുവരവ് 28.47 കോടി

വനിതാ സംരംഭകരുടെ പങ്കാളിത്തം വലിയതോതില്‍ കൂടിയതോടെ ഇത്തവണ ഓണം മേളകളില്‍ കുടുംബശ്രീക്ക് മികച്ച വരുമാനം. സെപ്തംബര്‍ ആറ് മുതല്‍ 14 വരെ വിവിധ ജില്ലകളില്‍ നടന്ന മേളകളില്‍ നിന്നായി 28.47 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. വ്യവസായ സംരംഭങ്ങള്‍ നടത്തുന്ന വനിതകളുടെ പങ്കാളിത്തം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയോളമായിരുന്നു. 43,359 സൂക്ഷ്മ സംരംഭങ്ങളാണ് മേളകളില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഇത് 28,401 ആയിരുന്നു. വനിതാ കാര്‍ഷിക സംഘങ്ങളുടെ പങ്കാളിത്തവും ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെട്ടു.26,816 സംഘങ്ങളാണ് കാര്‍ഷികോല്‍പ്പന്നങ്ങളുമായി മേളക്കെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5,000 ത്തിലേറെ സംഘങ്ങള്‍ ഇത്തവണ എത്തി.

വരുമാനത്തില്‍ എറണാകുളം മുന്നില്‍

14 ജില്ലാ ആസ്ഥാനങ്ങളിലെ മേളകള്‍ ഉള്‍പ്പടെ 2154 ഓണം വിപണന മേളകളാണ് കുടുംബശ്രീ ഇത്തവണ നടത്തിയത്. ഏറ്റവും കൂടുതല്‍ വിറ്റുവരവുണ്ടായത് എറണാകുളം ജില്ലയിലാണ്. 3.6 കോടി രൂപ. രണ്ടാം സ്ഥാനം ആലപ്പുഴയ്ക്കും (3.4 കോടി), മൂന്നാം സ്ഥാനം തൃശൂരിനും (3.3 കോടി) ആണ്. കുടുംബശ്രീയുടെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍, പൂക്കള്‍, മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയാണ് മേളകളില്‍ പ്രധാനമായും വില്‍പ്പനക്കെത്തിച്ചത്. കുടുംബശ്രീ യൂണിറ്റുകള്‍ കൃഷി ചെയ്തുണ്ടാക്കിയ പൂക്കള്‍ ഇത്തവണ വ്യാപകമായി വില്‍പ്പന നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 3,000 കുടുംബശ്രീ അംഗങ്ങളാണ് ഇത്തവണ പൂകൃഷി ചെയ്തത്.2,250 ഏക്കറിലായി ജമന്തി,മുല്ല, താമര എന്നിവയായിരുന്നു പ്രധാന കൃഷി.

Related Articles
Next Story
Videos
Share it