Begin typing your search above and press return to search.
കാലാവസ്ഥാ മാറ്റങ്ങള്‍ ഓണ്‍ലൈനില്‍ സൗജന്യമായി പഠിക്കാം; കോഴ്സിലുളളത് രണ്ട് പ്രളയങ്ങള്‍ നേരിട്ട മലയാളി അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കേരളത്തെ ഞെട്ടിച്ചു കൊണ്ട് 2018, 2019 വര്‍ഷങ്ങളില്‍ പ്രളയക്കെടുതി, ഇക്കൊല്ലം സംഭവിച്ച വയനാട് ഉരുള്‍പൊട്ടല്‍ തുടങ്ങി സംസ്ഥാനത്തിന് നേരിടേണ്ടി വരുന്ന പ്രകൃതി ദുരന്തങ്ങള്‍ ഓരോ കൊല്ലവും വര്‍ധിക്കുകയാണ്. അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ജനങ്ങള്‍ കൃത്യമായ ആസൂത്രണങ്ങള്‍ നടത്തേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്. കൂടാതെ ഓരോ വര്‍ഷവും കനത്ത മഴമൂലം ഉണ്ടാകുന്ന കൃഷി നാശങ്ങളും മറ്റു നാശ നഷ്ടങ്ങളും ജനങ്ങള്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
കോഴ്സിന്റെ ഘടന
ഈ അവസരത്തില്‍ കാലാവസ്ഥയില്‍ ഉണ്ടാകുന്ന വിവിധ മാറ്റങ്ങള്‍ പൊതുജനങ്ങളെ പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്). 15 ആഴ്ചത്തെ കോഴ്സ് സൗജന്യമായാണ് നടത്തുന്നത്. മഴ വിവിധ രീതിയില്‍ കേരളത്തില്‍ അക്രമാസക്തമാകുന്നത് എങ്ങനെ, സംസ്ഥാനത്തിന്റെ തീര പ്രദേശങ്ങളില്‍ കടല്‍ നിരപ്പ് ഉയരുന്നത് എപ്പോഴാണ്, കാലാവസ്ഥാ മാറ്റം പ്രതികൂലമായി മാറുന്നത് മുന്‍കൂട്ടി എങ്ങനെ മനസിലാക്കാം തുടങ്ങി ജനങ്ങളും കര്‍ഷകരും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് കോഴ്സിലൂടെ പകര്‍ന്നു നല്‍കുന്നത്.
യു.ജി.സി.യുടെ കീഴിലുളള സ്വയം എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസുകള്‍ നടത്തുന്നത്. കോഴ്സില്‍ പങ്കെടുക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങളൊന്നും ഇല്ല. ഓണ്‍ലൈന്‍ ക്ലാസ് ആയതിനാല്‍ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കോഴ്സില്‍ പങ്കെടുക്കാവുന്നതാണ്. ഈ മാസം 31 ആണ് കോഴ്സില്‍ ചേരാനുളള അവസാന തീയതി.
ആര്‍ക്കൊക്കെ പങ്കെടുക്കാം
എത്ര ആളുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാന്‍ സാധിക്കും എന്നത് സ്വയം പ്ലാറ്റ്ഫോമിന്റെ സവിശേഷതയാണ്. അതുകൊണ്ട് പങ്കെടുക്കാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ല. ഇതിനോടകം 1200 ലേറെ ആളുകൾ കോഴ്സിൽ ചേർന്നിട്ടുണ്ട്.
സ്കൂൾകുട്ടികൾ മുതൽ വീട്ടമ്മമാരും അധ്യാപകരും കോളേജ് വിദ്യാർഥികളും കര്‍ഷകരും ഓഫീസ് ജീവനക്കാരും അടക്കമുളളവര്‍ കോഴ്സില്‍ പങ്കെടുക്കുന്നുണ്ട്. ഇംഗ്ലീഷിലാണ് ക്ലാസുകള്‍. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ജനങ്ങൾ എത്രമാത്രം ആകുലരാണ് എന്നതിന്റെ തെളിവാണ് ഇത്ര വലിയ പങ്കാളിത്തം സൂചിപ്പിക്കുന്നത്.
പരിസ്ഥിതി ദുരന്തങ്ങൾ നാശം വിതച്ച ഉത്തരാഖണ്ഡിൽ നിന്നും ചുഴലിക്കാറ്റ് മൂലം കനത്ത കെടുതികള്‍ നേരിട്ട ഒഡിഷയിൽ നിന്നും ആളുകള്‍ കോഴ്സില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. കുഫോസിലെ അക്വാട്ടിക് എൻവയൺമെന്റ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് കോഴ്സ് നടത്തുന്നത്.
പഠന വിവരങ്ങളും വീഡിയോകളും നല്‍കും
തമിഴ്നാട്ടിലെ സർവകലാശാലയിൽ മാത്രമാണ് നിലവില്‍ പൊതുജനങ്ങള്‍ക്കായി ഇത്തരം കോഴ്സ് നടത്തുന്നത്. കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് പഠന സംബന്ധമായ വിവരങ്ങളും വീഡിയോകളും നല്‍കുന്നതാണ്. ആളുകള്‍ക്ക് തങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് വീഡിയോകള്‍ കണ്ടു മനസ്സിലാക്കി ക്ലാസില്‍ സംശയ നിവാരണം നടത്താവുന്നതാണ്.
പ്രകൃതി ദുരന്തങ്ങള്‍ ഇടിത്തീ പോലെ സംഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ കാലാവസ്ഥയില്‍ ഉണ്ടാകുന്ന വിവിധ മാറ്റങ്ങളും മികച്ച ഒരു പ്രകൃതിയെ സൃഷ്ടിക്കാന്‍ മനുഷ്യന് സ്വീകരിക്കാന്‍ സാധിക്കുന്ന മുന്‍കരുതലുകളും സംബന്ധിച്ച് കൂടുതല്‍ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുകയാണ്.
Next Story
Videos