ഭാഗ്യ കടാക്ഷമായി പുതിയ എണ്ണ ശേഖരം കണ്ടെത്തി ഈ ഗൾഫ് രാജ്യം; പ്രവാസികൾക്കും പ്രതീക്ഷ

എണ്ണയും അനുബന്ധ വാതകങ്ങളും അടങ്ങിയ വലിയ എണ്ണപ്പാടം ഫൈലാക ദ്വീപിനടുത്തുള്ള പ്രദേശത്ത് നിന്നും കണ്ടെത്തിയെന്ന് കുവൈത്ത്. അല്‍-നൗക്കിദ ഓഫ്‌ഷോര്‍ ഫീല്‍ഡില്‍ ഏതാണ്ട് 3.2 ബില്യന്‍ ബാരല്‍ എണ്ണയും ഗ്യാസും ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് കുവൈത്തിന്റെ വാര്‍ഷിക എണ്ണയുല്‍പ്പാദനത്തിന്റെ മൂന്നിരട്ടിയോളം വരുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്യത്തെ എണ്ണ പര്യവേഷക കമ്പനിയായ കുവൈത്ത് ഓയില്‍ കമ്പനി (കെ.ഒ.സി)യാണ് ഇക്കാര്യം പുറത്തുവിട്ടത്.
എണ്ണയുല്‍പ്പാദ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ (OPEC) സ്ഥാപക രാജ്യങ്ങളിലൊന്നായ കുവൈത്ത് ജി.സി.സിയിലെ അഞ്ചാമത്തെ വലിയ ഉത്പാദകരാണ്. സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളാണ് മുന്നില്‍. 1946ല്‍ എണ്ണയുത്പ്പാദനം ആരംഭിച്ച കുവൈത്ത് 2.4 മില്യന്‍ ബാരലാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
അടുത്ത വര്‍ഷങ്ങളില്‍ ഒപെകിന് പുറത്തുള്ള റഷ്യയടക്കമുള്ള അംഗങ്ങളുമായി ചേര്‍ന്ന് എണ്ണയുത്പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. 2035ല്‍ പ്രതിദിനം 5 മില്യന്‍ ബാരല്‍ ഉത്പാദനം നടത്താനാണ് പദ്ധതിയെന്ന് കെ.ഒ.സി ചീഫ് എക്‌സിക്യൂട്ടീവ് ഷെയ്ഖ് നവാഫ് അല്‍ സബഹ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് വലിയ എണ്ണപ്പാടം കണ്ടുപിടിച്ച വാര്‍ത്തയുമെത്തിയത്. പുതിയ കണ്ടുപിടുത്തം ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുത്താ
ന്‍
ഇടയുണ്ട്.
പ്രവാസികള്‍ക്കും പ്രതീക്ഷ
എണ്ണയുത്പ്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ കുവൈത്തിന് ലഭിക്കുന്ന അധിക വരുമാനം രാജ്യത്തെ മലയാളികള്‍ അടക്കമുള്ള പ്രവാസി തൊഴിലാളികള്‍ക്കും പ്രതീക്ഷയാണ്. അധിക വരുമാനം രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തമാക്കുകയും ഇതുവഴി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപത്തിന് കളമൊരുങ്ങുകയും ചെയ്യും. എത്രയും വേഗം പുതിയ എണ്ണപ്പാടത്ത് നിന്നും ഉത്പ്പാദനം ആരംഭിക്കുമെന്ന് കെ.ഒ.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ധാരാളം തൊഴിലവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കും.
പുതിയ സമവാക്യങ്ങള്‍?
ലോക വിപണിയിലേക്ക് കുവൈത്ത് കൂടുതലായി എണ്ണയെത്തിക്കുന്നത് ഒപെകിലെ മറ്റ് അംഗരാജ്യങ്ങള്‍ക്കും ഭീഷണിയാണ്. പ്രതീക്ഷിക്കാത്ത രീതിയില്‍ വിപണിയില്‍ എണ്ണയെത്തുന്നത് പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില കുറയാന്‍ ഇടയാക്കും. ഇതോടെ സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ ഉത്പാദനത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. എണ്ണയിറക്കുമതി രാജ്യങ്ങളായ ഇന്ത്യ, ചൈന യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി പുതിയ വ്യാപാര കരാറില്‍ കുവൈത്ത് ഏര്‍പ്പെടാനും സാധ്യതയുണ്ട്.

Related Articles

Next Story

Videos

Share it