കുവൈത്ത് തീപിടുത്തം: ലേബര്‍ ക്യാമ്പുകളില്‍ അടിയന്തര പരിശോധന; കര്‍ശന നടപടികള്‍

കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ച സംഭവത്തില്‍ അടിയന്തര ഇടപെടലുമായി കുവൈത്ത് സര്‍ക്കാര്‍. പ്രവാസി തൊഴിലാളികളെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ കൂട്ടമായി താമസിപ്പിക്കുന്ന കമ്പനികള്‍, കെട്ടിട ഉടമകള്‍ എന്നിവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. സംഭവ സ്ഥലം സന്ദര്‍ശിച്ച കുവൈത്ത് പ്രതിരോധ, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും ഈജിപ്തുകാരനായ സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. തന്റെ അനുമതിയില്ലാതെ ഇവരെ മോചിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയ ഇദ്ദേഹം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കി. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് വഴി വച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധിച്ചില്ലെങ്കില്‍ കമ്പനികള്‍ കുടുങ്ങും
രാജ്യം കണ്ട ഏറ്റവും വലിയ തീപിടുത്തത്തെ തുടര്‍ന്ന് തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് കുവൈത്ത് അറിയിച്ചു. ഇന്ന് (വ്യാഴായ്ച) മുതല്‍ തൊഴിലാളികള്‍ താമസിക്കുന്ന മുഴുവന്‍ കെട്ടിടങ്ങളിലും മുന്‍സിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തും. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കാതെ കര്‍ശന നടപടി സ്വീകരിക്കും. പ്രവാസി തൊഴിലാളികള്‍ സുരക്ഷിതമല്ലാതെ കൂട്ടമായി താമസിക്കുന്നത് സംബന്ധിച്ച് കുവൈത്തിലെ തൊഴില്‍ വകുപ്പും അന്വേഷണം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് നാല് മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കും
അവിദഗ്ദ തൊഴിലാളികളുടെ നിയമനം, തൊഴില്‍ നിയമങ്ങള്‍, തൊഴിലാളികളുടെ താമസം, കെട്ടിടങ്ങളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ് കുവൈത്ത്. അധികൃതരുടെയും കമ്പനി ഉടമകളുടെയും അശ്രദ്ധയും അത്യാഗ്രഹവുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും രാജ്യത്തെ നിയമവിദഗ്ധര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് കുവൈത്ത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
സെക്യൂരിറ്റി ക്യാബിനിലെ ഗ്യാസ് ലീക്ക് വന്‍ ദുരന്തമായി
മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. 160 ലധികം പേര്‍ താമസിച്ച ഫ്‌ളാറ്റിലെ മുഴുവന്‍ പേരും ഉറങ്ങികിടക്കുമ്പോഴാണ് താഴത്തെ നിലയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ക്യാബിനില്‍ പാചക വാതക ചോര്‍ച്ചയുണ്ടാകുന്നത്. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ കെട്ടിടം മുഴുവന്‍ തീയും കറുത്ത പുകയും പടര്‍ന്നു. രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ പലരും കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയതും അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.23നാണ് കെട്ടിടത്തില്‍ തീപടര്‍ന്ന വിവരം കുവൈത്ത് അഗ്നിരക്ഷാ നിലയത്തില്‍ അറിയിപ്പ് എത്തുന്നത്. അഞ്ച് മിനിറ്റിനുള്ളില്‍ സംഭവസ്ഥലത്തെത്തിയ
അഗ്നിരക്ഷാ
സംഘം പത്ത് മിനിറ്റിനുള്ളില്‍ തീയണച്ചു.
24 മലയാളികള്‍, 42 ഇന്ത്യക്കാര്‍
കുവൈത്തിലുണ്ടായ അപകടത്തില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേരാണ് മരിച്ചത്. മുപ്പതോളം മലയാളികള്‍ ഉള്‍പ്പെടെ 50 ലധികം പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഏഴ് പേരുടെ നില അതിഗുരുതരമാണ്. പലരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയടക്കം നടത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ നാട്ടിലേക്ക്
അപകട വിവരം പുറത്തറിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയത് നിര്‍ണായക ഇടപെടലുകള്‍. അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതി. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ കുവൈത്ത് വിദേശകാര്യമന്ത്രിയുമായി അടിയന്തര ചര്‍ച്ചയും നടത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ പ്രത്യേക വ്യോമസേനാ വിമാനത്തില്‍ നാട്ടിലേക്ക് എത്തിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായ ധനം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം നല്‍കും. സംഭവത്തിന്റെ ഏകോപന ചുമതല കെ.വി തോമസിന് നല്‍കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ഉടന്‍ കുവൈത്തിലേക്ക് അയക്കാനും മന്ത്രിസഭാ തീരുമാനം.

Related Articles

Next Story

Videos

Share it