Begin typing your search above and press return to search.
കുവൈത്തില്‍ വീസ നിയമങ്ങളില്‍ മാറ്റം, മലയാളികള്‍ക്കടക്കം ആശ്വാസ നീക്കം
വീസ നീയമങ്ങളില്‍ താത്കാലിക മാറ്റം പ്രഖ്യാപിച്ച് കുവൈത്ത്. ഇപ്പോള്‍ ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ വീസകളിലേക്ക് മാറാം. നിലവിലെ സ്‌പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നിബന്ധനകളോടെ ഈ മാസം 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് വീസ മാറ്റത്തിന് അവസരം നല്‍കിയിരിക്കുന്നത്. ഇതിനായി 50 ദിനാര്‍ ട്രാന്‍സ്ഫര്‍ ഫീസ് നല്‍കണം. കൂടാതെ നിലവിലുള്ള സ്‌പോണറുടെയടുത്ത് സേവനം ചെയ്ത ഓരോ വര്‍ഷത്തിനും 10 ദിനാര്‍ വീതം അധികമായും അടയ്ക്കണം.
മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഗുണം ലഭിക്കുന്ന തീരുമാനമാണിത്. 2018ന് ശേഷം ആദ്യമായാണ് കുവൈത്ത് വീസ നിയമത്തില്‍ മാറ്റം വരുത്തുന്നത്. ആവശ്യമായ തൊഴിലാളികളെ രാജ്യത്തിനകത്തു നിന്ന് തന്നെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.
പൊതു മാപ്പിന് പിന്നാലെ കര്‍ശന പരിശോധന
അടുത്തിടെ അനധികൃത താമസക്കാര്‍ക്ക് ആശ്വാസമായി കുവൈത്ത് മൂന്ന് മാസത്തെ പൊതുമാപ്പ് അവതരിപ്പിച്ചിരുന്നു. പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ അനധികൃത താമസക്കാര്‍ക്ക് അവസരം നല്‍കുന്നതായിരുന്നു പൊതുമാപ്പ് കാലയളവ്. പിന്നീട് മറ്റൊരു വീസയില്‍ രാജ്യത്തേക്ക് തിരികെയെത്താനുമാകും. കുവൈത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 600 ദിനാര്‍ പിഴയടച്ച് താമസാനുമതി രേഖ സാധുതയുള്ളതാക്കി മാറ്റാനും അവസരമുണ്ടായിരുന്നു. കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഫ്ലാറ്റിൽ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം മലയാളികള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള നീക്കം സർക്കാർ ഊര്‍ജിതമാക്കിയിരുന്നു. ഇതിനു ശേഷം നിരവധി വിദേശികളെ വീടുകളില്‍ നിന്നും പുറത്താക്കി. ഇത്തരം അനധികൃത താമസസ്ഥലങ്ങളിലേക്കുള്ള വൈദ്യുത കണക്ഷനും കുടിവെള്ള കണക്ഷനുമടക്കമുള്ളവ അധികൃതര്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു.
Next Story
Videos