
മലയാള സിനിമയില്‍ പുതിയ പരീക്ഷണങ്ങളുമായിട്ടാണ് എംപുരാന്‍ നാളെ റിലീസ് ചെയ്യുന്നത്. ഷൂട്ടിംഗ് രീതികളില്‍ മുതല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ വരെ പുതുമകള്‍ അവതരിപ്പിച്ചാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. പ്രീബുക്കിംഗ് തന്നെ നൂറുകോടിക്ക് അടുത്തു വന്നതോടെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി എംപുരാന്‍ മാറിയേക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
ചിത്രത്തിന്റെ ആകെ ബജറ്റ് എത്രയാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 100-140 കോടിക്ക് ഇടയിലാണെന്നാണ് പൊതുധാരണ. ഇത്രയും മുതല്‍മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ തീയറ്ററിനെ മാത്രം ആശ്രയിക്കാനാകില്ല. 200 കോടി രൂപ തീയറ്ററില്‍ നിന്ന് കിട്ടിയാലും അതെല്ലാം നിര്‍മാതാവിന്റെ പോക്കറ്റിലേക്ക് എത്തില്ല.
200 കോടി തീയറ്ററില്‍ നിന്ന് കളക്ട് ചെയ്താല്‍ മൂന്നിലൊന്ന് മാത്രമാകും നിര്‍മാതാവിന്റെ വിഹിതമായി കിട്ടുക. തീയറ്ററുകാര്‍ക്കും വിതരണക്കാര്‍ക്കുമുള്ളത് കൊടുത്ത് സര്‍ക്കാര്‍ നികുതിയും കഴിച്ചാല്‍ ഏകദേശം 70 കോടിയോളം രൂപ നിര്‍മാതാക്കള്‍ക്ക് ലഭിക്കും. 400 കോടി രൂപയെങ്കിലും തീയറ്ററില്‍ നിന്ന് കളക്ട് ചെയ്യാനായാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകും.
സാറ്റലൈറ്റ് റൈറ്റ്‌സ്, ഒ.ടി.ടി തുടങ്ങിയവയെല്ലാം ചേര്‍ക്കുന്നതോടെ നല്ലൊരു ലാഭം നേടാനും സാധിക്കും. തീയറ്റര്‍, സാറ്റലൈറ്റ്, ഒ.ടി.ടി വരുമാന സ്രോതസുകള്‍ക്ക് പുറമേ ബ്രാന്‍ഡിംഗിലൂടെയും വരുമാനം എംപുരാന്‍ എത്തിക്കുമെന്നാണ് സൂചന. സിനിമയുടെ ആഖ്യാനരീതിയെ ബാധിക്കാത്ത രീതിയില്‍ ബ്രാന്‍ഡുകളെ അവതരിപ്പിക്കുന്നതാണ് ഈ രീതി. മലയാളത്തിലും മറ്റ് ഭാഷകളിലും മുമ്പേ പരീക്ഷിച്ചിട്ടുള്ളതാണ് ബ്രാന്‍ഡിംഗ്.
ലഭിക്കുന്ന വിവരം അനുസരിച്ച് ഒ.ടി.ടി റൈറ്റ്‌സിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഒ.ടി.ടി വരുമാനം ലഭിക്കുന്ന ചിത്രമായിരിക്കും എംപുരാന്‍ എന്നതു മാത്രമാണ് തീര്‍ച്ചപ്പെടുത്തിയ കാര്യം. ഒ.ടി.ടി റിലീസിംഗുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് വിവിധ പ്ലാറ്റ്‌ഫോമുകളുമായി അവസാനവട്ട ചര്‍ച്ചകളാണ് നടക്കുന്നത്. തീയറ്റര്‍ റിലീസിംഗ് കഴിഞ്ഞ് 56 ദിവസത്തിനുശേഷം മാത്രമേ ചിത്രം ഒ.ടി.ടിയില്‍ എത്തുകയുള്ളുവെന്നാണ് വിവരം.
അവധിക്കാലം ആയതിനാല്‍ തീയറ്ററില്‍ നിന്ന് പരാമവധി കളക്ഷന്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ 'ഓഫീസര്‍ ഓണ്‍ഡ്യൂട്ടി' തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന സമയത്ത് തന്നെ ഒ.ടി.ടിയിലും എത്തിയിരുന്നു. മറ്റ് പല ചിത്രങ്ങളും ഇതേ രീതിയിലാണ് ഒ.ടി.ടിയില്‍ വന്നുകൊണ്ടിരിക്കുന്നത്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഒ.ടി.ടി വരുമാനം കിട്ടിയ ചിത്രം ഫഹദ് ഫാസിലിന്റെ 'ആവേശം' ആണ്. 35 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈംവീഡിയോ സ്വന്തമാക്കിയത്. തമിഴ്‌നാട്ടില്‍ അടക്കം ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിന് 20 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാര്‍ നല്കിയത്. തീയറ്റര്‍ റിലീസിനുശേഷം 70 ദിവസം കഴിഞ്ഞാണ് ചിത്രം ഒ.ടി.ടിയില്‍ എത്തിയത്. തീയറ്ററില്‍ ഹിറ്റായാല്‍ എംപുരാന് ചോദിക്കുന്ന തുക നല്‍കാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തയാറാകും. ഒ.ടി.ടി കരാര്‍ ഒപ്പിടാന്‍ നിര്‍മാതാക്കള്‍ തിടുക്കം കാണിക്കാത്തതിന് കാരണവും ഇതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine