ആദ്യ ഷോയ്ക്ക് മുമ്പേ 100 കോടി കടന്നേക്കും, കേരളത്തില്‍ മാത്രം സ്‌ക്രീനുകള്‍ 750ലേറെ, ഇതരഭാഷകളില്‍ പ്രമോഷന്‍ തന്ത്രം ക്ലിക്ക്ഡ്! എംപുരാന്‍ വേറെ റേഞ്ചാകും

750 സ്‌ക്രീനുകളില്‍ എത്തുന്ന എംപുരാന്‍ റിലീസിന് മുമ്പേ തന്നെ ടിക്കറ്റ് വിറ്റുവരവില്‍ റെക്കോര്‍ഡ് കുറിച്ചു; മലയാള സിനിമയ്ക്കും തിയറ്ററുകള്‍ക്കും വലിയ ആശ്വാസം
ആദ്യ ഷോയ്ക്ക് മുമ്പേ 100 കോടി കടന്നേക്കും, കേരളത്തില്‍ മാത്രം സ്‌ക്രീനുകള്‍ 750ലേറെ, ഇതരഭാഷകളില്‍ പ്രമോഷന്‍ തന്ത്രം ക്ലിക്ക്ഡ്! എംപുരാന്‍ വേറെ റേഞ്ചാകും
Published on

മലയാള സിനിമ മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിക്കു മുന്നില്‍ നില്‍ക്കുന്ന സമയത്താണ് എംപുരാനുമായി മോഹന്‍ലാലും പൃഥ്വിരാജും എത്തുന്നത്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത 16 ചിത്രങ്ങള്‍ എല്ലാംകൂടി നേടിയത് വെറും 23 കോടി രൂപയില്‍ താഴെയാണ്. ആളു കയറാന്‍ മടിച്ചതോടെ തീയറ്ററുകളെയും പ്രതിസന്ധി നേരിട്ടു തുടങ്ങിയിരുന്നു. ഈ അവസരത്തിലെത്തുന്ന എംപുരാന്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് വളരുകയാണ്.

എംപുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് മാര്‍ച്ച് 25ന് രാവിലെ തന്നെ 63 കോടി രൂപ പിന്നിട്ടു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസ് ചെയ്യുംമുമ്പേ ഇത്രയും ടിക്കറ്റ് വിറ്റുപോകുന്നത്. ഇതുവരെ വിറ്റതില്‍ കൂടുതലും മലയാളം പതിപ്പിന്റെ ടിക്കറ്റുകളാണ്. ഇതരഭാഷകളിലും പ്രമോഷന്‍ അതിന്റെ പീക്കില്‍ എത്തിയതോടെ രണ്ടു ദിവസം കൊണ്ട് പ്രീബുക്കിംഗ് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ മാര്‍ച്ച് 27ന് പുലര്‍ച്ചെ ആദ്യ ഷോ നടക്കുംമുമ്പേ ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിക്കും.

കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകളില്‍

കേരളത്തില്‍ മാത്രം 750ലേറെ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. സമീപകാലത്ത് ഒരു ചിത്രവും കേരളത്തില്‍ ഇത്രയേറെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്തിട്ടില്ല. ഇനീഷ്യല്‍ കളക്ഷന്‍ പരാമവധി നേടുകയാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. രണ്ടാഴ്ച ഹൗസ്ഫുള്ളായി ചിത്രം ഓടിയാല്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ മറികടക്കാന്‍ ചിത്രത്തിനാകും.

സ്‌കൂള്‍ അടച്ചതും തുടര്‍ച്ചയായി അവധികള്‍ വരുന്നതും ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. കുടുംബ പ്രേക്ഷകര്‍ കൂടുതലായി തീയറ്ററിലെത്തുന്ന ട്രെന്‍ഡ് രൂപപ്പെട്ടാല്‍ ലോംഗ് റണ്ണില്‍ ചിത്രം കോടികള്‍ വാരിക്കൂട്ടും. പരിധിവിട്ടുള്ള വയലന്‍സ് ചിത്രത്തില്‍ ഉണ്ടാകില്ലെന്ന സംവിധായകന്‍ പൃഥ്വിരാജിന്റെ ഉറപ്പും കുടുംബങ്ങളെ തീയറ്ററിലേക്ക് നയിച്ചേക്കും.

ഇതരഭാഷകളിലും ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിക്കുന്നത്. ഓരോ ഭാഷയിലും അവിടുത്തെ പ്രമുഖ താരങ്ങളെയും ഇന്‍ഫ്‌ളുവേഴ്‌സിനെയും പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രമോഷന്‍ തന്ത്രങ്ങളാണ് അണിയറക്കാര്‍ നടപ്പിലാക്കിയത്. ഇത് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.

മലയാള സിനിമയ്ക്കും ആശ്വാസം

എംപുരാന്റെ വരവ് മലയാള സിനിമ ഇന്‍ഡസ്ട്രിക്കും ജീവന്‍ പകരുന്നതാണ്. 2025ലിറങ്ങിയ ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിച്ചത്. ആള് കയറാത്ത അവസ്ഥ വന്നതോടെ തീയറ്ററുകള്‍ക്ക് ലഭിച്ചിരുന്ന മറ്റ് വരുമാനങ്ങളും നിലച്ചു. എംപുരാന്‍ റിലീസിംഗ് എല്ലാ തരത്തിലും തീയറ്ററുകള്‍ക്ക് ചാകരയാകുകയാണ്. തീയറ്ററില്‍ സിനിമ തുടങ്ങുംമുമ്പ് പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍ വന്‍വര്‍ധനയാണുണ്ടായത്.

ഫെബ്രുവരിയില്‍ തീയറ്ററിലെത്തിയ ചിത്രങ്ങളില്‍ സിംഹഭാഗവും കനത്ത നഷ്ടമായിരുന്നു നേരിട്ടത്. 1.6 കോടി രൂപ മുടക്കിയ ലവ് ഡേലിന് ലഭിച്ചത് വെറും പതിനായിരം രൂപ മാത്രമാണ്. ഇത്തരം ദയനീയാവസ്ഥകള്‍ക്കിടയിലാണ് മോഹന്‍ലാലും സംഘവും എത്തുന്നത്. എംപുരാന്റെ വരവ് അവധിക്കാലത്ത് റിലീസ് ചെയ്യുന്ന മറ്റ് സിനിമകള്‍ക്കും ഗുണം ചെയ്‌തേക്കും.

ജര്‍മനിയില്‍ പുഷ്പ 2 റെക്കോഡ് തകര്‍ത്തു

ഒരു ഇന്ത്യന്‍ ചിത്രത്തിന് ജര്‍മനിയില്‍ ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പാണ് എംപുരാന് കിട്ടുന്നത്. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ന് കിട്ടിയതിനേക്കാള്‍ അഡ്വാന്‍സ് ബുക്കിംഗ് എംപുരാന് ലഭിച്ചിട്ടുണ്ട്. ജര്‍മനിയില്‍ പഠിക്കാനും ജോലിക്കുമായി എത്തിയ മലയാളികളുടെ വര്‍ധനയും എംപുരാന്റെ കളക്ഷനില്‍ പ്രകടമാണ്.

കേരളത്തിനു പുറമേ ബെംഗളൂരുവിലും ചില കമ്പനികള്‍ എംപുരാന്‍ കാണാനായി തങ്ങളുടെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും എംപുരാന്‍ വാര്‍ത്തകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com