

വലിയ പ്രതീക്ഷയും അതിലേറെ വിവാദങ്ങളുമായിട്ടാണ് 'എംപുരാന്‍' തീയറ്ററുകളിലെത്തിയത്. തീയറ്ററില്‍ ഹിറ്റായി മാറിയ 'ലൂസിഫര്‍' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമെന്ന മികച്ച തുടക്കം സ്വന്തമാക്കാനും ചിത്രത്തിന് സാധിച്ചിരുന്നു. എന്നാല്‍ തുടക്കത്തിലെ മികവ് തീയറ്ററില്‍ നിലനിര്‍ത്താന്‍ എംപുരാന്‍ പരാജയപ്പെടുന്നുവെന്ന സൂചനകളാണ് തീയറ്ററില്‍ നിന്നു വരുന്നത്.
ബോക്‌സോഫീസ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ 4 വരെ എംപുരാന്‍ ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തത് 91.25 കോടി രൂപയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ അവകാശവാദവുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ല ഈ കണക്ക്. ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദം കത്തിനിന്ന സമയത്ത് പ്രതിദിനം 13 കോടിക്കടുത്ത് കളക്ട് ചെയ്തിരുന്ന ചിത്രത്തിന് പിന്നീട് ഈ നേട്ടം നിലനിര്‍ത്താനായില്ല.
റിലീസിംഗിനു ശേഷമുള്ള ആദ്യ ശനിയാഴ്ച 13.25 കോടി രൂപയായിരുന്നു ഓള്‍ ഇന്ത്യ കളക്ഷന്‍. ഞായറാഴ്ച 13.65 കോടി രൂപയും. പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷന്‍ താഴേക്ക് പോകുന്നതാണ് കണ്ടത്. തിങ്കളാഴ്ചത്തെ വരുമാനം 11.15 കോടി രൂപയായി. ചൊവ്വാഴ്ച ഇത് 8.55 കോടിയിലേക്ക് കൂപ്പുകുത്തി. ഏഴാംദിവസമായ ബുധനാഴ്ച 5.65 കോടി രൂപയും ഏപ്രില്‍ നാലിന് മൂന്നു കോടി രൂപയുമായി കളക്ഷന്‍ കുറഞ്ഞു.
ആദ്യത്തെ നാലു ദിവസം കൊണ്ട് ചിത്രം നൂറു കോടി രൂപ കളക്ട് ചെയ്തുവെന്നായിരുന്നു നിര്‍മാതാക്കളുടെ അവകാശവാദം. ഇതിനെ ഖണ്ഡിക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. ലോംഗ് റണ്ണില്‍ ചിത്രം വലിയ നേട്ടമുണ്ടാക്കില്ലെന്ന സൂചനകളാണ് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ശനിയാഴ്ചയായിട്ട് പോലും ഇന്ന് ബുക്കിംഗില്‍ കാര്യമായ അനക്കമൊന്നുമില്ല.
കൊച്ചി അടക്കം പ്രധാന നഗരങ്ങളിലെ തീയറ്ററുകളിലെല്ലാം ടിക്കറ്റിന് വലിയ ഡിമാന്‍ഡ് ഇല്ല. ആദ്യ ദിവസങ്ങളിലെ തിരക്ക് നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നും ചിത്രത്തെക്കുറിച്ചുള്ള മിശ്ര പ്രതികരണങ്ങളായിരിക്കാം കാരണമെന്നുമാണ് സിനിമമേഖലയുടെ വിലയിരുത്തല്‍.
ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് ലഭിച്ചതിലും വരുമാനം വിദേശത്തു നിന്ന് ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ അണിയറ പ്രവര്‍ത്തകരെ ഉദ്ധരിച്ച് പുറത്തുവരുന്നുണ്ട്. ഓവര്‍സീസ് വരുമാനം 103 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തുനിന്ന് കളക്ട് ചെയ്തുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആദ്യ ദിവസങ്ങളിലെ ആവേശം ഒഴിച്ചു നിര്‍ത്തിയാല്‍ ശരാശരി പ്രകടനമാണ് വിദേശ രാജ്യങ്ങളില്‍ എംപുരാനില്‍ നിന്നുണ്ടായത്.
140-170 കോടിക്കടുത്താണ് ചിത്രത്തിന്റെ ചെലവെന്ന് സഹനിര്‍മാതാവ് ഗോകുലം ഗോപാലന്‍ അടുത്തിടെ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെയും സംവിധായകന്‍ പൃഥ്വിരാജിന്റെയും പ്രതിഫലം ഉള്‍പ്പെടുത്താതെയാണിത്. ഈ തുക കൂടി കൂട്ടിയാല്‍ ചിത്രത്തിന്റെ ബജറ്റ് ഇനിയും ഉയരും.
ഇപ്പോഴത്തെ അവസ്ഥയില്‍ ചിത്രം തീയറ്ററില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധ്യത കുറവാണ്. തീയറ്ററില്‍ ആകെ ലഭിക്കുന്ന കളക്ഷനില്‍ നിന്ന് നികുതി, തീയറ്ററുകാരുടെ വിഹിതം, വിതരണക്കാരുടെ വിഹിതം എന്നിവയെല്ലാം കുറച്ചാല്‍ 30-35 ശതമാനം മാത്രമാകും നിര്‍മാതാക്കള്‍ക്ക് ലഭിക്കുക. അതായത് 100 രൂപ വരുമാനം ലഭിച്ചാല്‍ അതില്‍ 35 രൂപയ്ക്ക് താഴെ മാത്രമേ നിര്‍മാതാക്കളുടെ വിഹിതമായി ലഭിക്കൂ. 400 കോടി രൂപയ്ക്കടുത്ത് ലഭിച്ചാല്‍ മാത്രമേ ചിത്രം മുതല്‍മുടക്ക് തിരിച്ചു പിടിക്കുകയുള്ളൂ.
ചിത്രത്തിന്റെ നിര്‍മാതാവ് ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തതിന് പിന്നാലെ നടന്‍ പൃഥ്വിരാജും നിയമനടപടി നേരിടുകയാണ്. അദായനികുതി വകുപ്പാണ് താരത്തോട് വിശദീകരണം തേടിയിരിക്കുന്നത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
Read DhanamOnline in English
Subscribe to Dhanam Magazine