

അസംഘടിത തൊഴിലാളികള്‍ക്കായി സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള സംഭാവനകള്‍ ഉള്‍പ്പെടുത്തുന്നതിനായി കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ശ്രമം തുടങ്ങി. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമൂഹിക സുരക്ഷാ തൊഴില്‍ചട്ടത്തില്‍ ഇതിനു നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇപിഎഫ്, ഇഎസ്‌ഐ തുടങ്ങിവയ്ക്കായി സാമൂഹിക സുരക്ഷാ ഫണ്ട് രൂപവല്‍ക്കരിക്കാനും കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ഇതിനായി തുക കണ്ടെത്താനും പുതിയ ചട്ടത്തില്‍ നിര്‍ദേശമുണ്ട്. അസംഘടിത മേഖലയിലെ പെന്‍ഷന്‍, മരണാനന്തരസഹായം, മെഡിക്കല്‍ സഹായം തുടങ്ങിയവയ്ക്കാണ് ഈ തുക ഉപയോഗിക്കുക.
സാമൂഹിക സുരക്ഷാ ഫണ്ടിന് 20,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കു കൂട്ടുന്നത്. ഇതു നടപ്പായാല്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കും. കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ഒരു വിഹിതം ഫണ്ടിലേക്കു സംഭാവന ചെയ്യാനുള്ള നിര്‍ദേശം, പെട്ടെന്നു തുക സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ്.
നിയമം പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വ്യക്തമായ ചട്ടങ്ങളുണ്ടാക്കും. ബില്‍ ഇപ്പോള്‍ ലോക്‌സഭയുടെ സ്ഥിരം സമിതിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. കമ്പനി നിയമമനുസരിച്ച് 500 കോടി ആസ്തിയുള്ളതോ 1000 കോടി ടേണ്‍ ഓവറുള്ളതോ കുറഞ്ഞത് 5 കോടി അറ്റാദായമുള്ളതോ ആയ സ്ഥാപനങ്ങള്‍ ലാഭത്തിന്റെ രണ്ട് ശതമാനം സാമൂഹിക ഉത്തരവാദിത്ത പദ്ധതികള്‍ക്കായി നീക്കിവയ്ക്കണം.
2014-15 മുതല്‍ ഈ വര്‍ഷം വരെ ഇന്ത്യന്‍ കമ്പനികള്‍ 52,533 കോടി രൂപയിലേറെ ഇതിനായി ചെലവിട്ടതായാണു കണക്ക്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ശുചീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലാണു കമ്പനികള്‍ പണം ചെലവിടുന്നത്. ഏറ്റവുമധികം തുക ചെലവഴിച്ചത് വിദ്യാഭ്യാസ മേഖലയിലാണ്. 15,742 കോടി രൂപ. ആരോഗ്യ സംരക്ഷണ മേഖലയില്‍ 9,093 കോടി രൂപയും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine