
ഇന്റര്‍നെറ്റിലെ പുതിയ തരംഗമായി മാറിയിരിക്കുകയാണ് ലബുബു പാവകള്‍ (Labubu dolls). ഓൺലൈനിൽ ഒരു പാവയ്ക്ക് 5,000 മുതൽ 6,000 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. ലിമിറ്റഡ് എഡിഷൻ പാവകൾക്ക് ഇതിലും വില ഉയരും. ബീജിംഗിൽ മനുഷ്യന്റെ വലുപ്പമുളള ലബുബു പാവ 1,50,000 യുഎസ് ഡോളറിന് (1.28 കോടി രൂപ) മുകളിലാണ് വിറ്റത്. കൂർത്ത പല്ലുള്ള, വിചിത്ര മുഖമുള്ള ഒരു കളിപ്പാട്ടം ആഡംബര സ്വകാര്യ ശേഖരമെന്ന നിലയില്‍ ലോകമെങ്ങും ട്രെന്‍ഡായി മാറുകയാണ്.
ഹോങ്കോങ്-ബെൽജിയൻ കലാകാരനായ കാസിംഗ് ലുങ് 2015 ൽ തന്റെ ഗ്രാഫിക്-നോവൽ പരമ്പരയായ ദി മോൺസ്റ്റേഴ്‌സിന്റെ ഭാഗമായി സൃഷ്ടിച്ച കഥാപാത്രമാണ് ലബുബു. വൃത്താകൃതിയിലുള്ള രോമമുള്ള ശരീരം, വീതിയേറിയ കണ്ണുകൾ, കൂർത്ത ചെവികൾ, കൃത്യം ഒമ്പത് മൂർച്ചയുള്ള പല്ലുകൾ എന്നിവ ഈ പാവയുടെ സവിശേഷതകളാണ്. ഇത് കുസൃതിയോടൊപ്പം ലാളനാത്മകമായ പരിവേഷവും പാവയ്ക്ക് നൽകുന്നു.
2019 ലാണ് ചൈനീസ് കമ്പനിയായ പോപ്പ് മാർട്ട് "ബ്ലൈൻഡ്-ബോക്‌സ്" ഫോർമാറ്റിൽ ലബുബു പാവകള്‍ വിപണിയിലിറക്കാന്‍ ആരംഭിച്ചത്. സീൽ ചെയ്ത പെട്ടികൾ വാങ്ങുന്നവര്‍ തുറക്കുമ്പോഴാണ് പാവയുടെ ഏതു മോഡലാണ് ലഭിച്ചതെന്ന് അറിയുക. ദക്ഷിണ കൊറിയൻ പെൺകുട്ടികളുടെ മ്യൂസിക് ബാൻഡ് ഗ്രൂപ്പായ ബ്ലാക്ക്പിങ്കിലെ ലിസ തന്റെ ബാഗിൽ ഈ പാവ പിടിപ്പിച്ച് പ്രത്യക്ഷപ്പെട്ടത് ലബുബുവിനെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തി. റിഹാന, മഡോണ, ഡേവിഡ് ബെക്കാം തുടങ്ങിയ താരങ്ങളും ഇവയുടെ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടു. ഇത് ലോകമെമ്പാടുമുള്ള കടകളിൽ ഈ പാവയ്ക്ക് വേണ്ടിയുളള തിരക്കിന് കാരണമായി. പ്രശസ്തി വര്‍ധിച്ചതോടെ ഇവയുടെ ഡുപ്ലിക്കേറ്റുകളും വിപണിയില്‍ എത്തുന്നുണ്ട്.
തായ്‌ലാന്റിലെ ബാങ്കോക്ക് മുതൽ യു.എസിലെ ഓസ്റ്റിൻ വരെയുള്ള ലബുബു വിൽക്കുന്ന കടകളിൽ ജനക്കൂട്ടത്തിന്റെ ബാഹുല്യം മൂലം സംഘർഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു.കെ യിലെ കടകളില്‍ തിക്കും തിരക്കും മൂലം വിൽപ്പന പോലും പോപ്പ് മാർട്ട് നിർത്തിവച്ചിട്ടുണ്ട്. കളിപ്പാട്ടത്തേക്കാൾ ഫാഷൻ ആക്സസറിയും പോപ്പ്-സംസ്കാരത്തിന്റെ പ്രതീകവുമായി മാറിയിരിക്കുകയാണ് ലബുബു.
പോപ്പ് മാർട്ട് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സ്ഥാപകനായ 38 കാരനായ വാങ് നിങ് ഇപ്പോൾ ചൈനയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളാണ്. ഫോർബ്‌സിന്റെ റിയൽ-ടൈം ബില്യണയർ പട്ടിക പ്രകാരം വാങ് നിങ്ങിന്റെ ആസ്തി 22.7 ബില്യൺ ഡോളറായി ഉയർന്നു. 2020 ൽ പോപ്പ് മാർട്ട് ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ആദ്യ ദിവസം തന്നെ ഓഹരികൾ 79 ശതമാനമാണ് നേട്ടം രേഖപ്പെടുത്തിയത്. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിയോൾ തുടങ്ങിയ നഗരങ്ങളിൽ കമ്പനി സ്റ്റോറുകൾ തുറക്കുകയും ബീജിംഗിൽ സ്വന്തം തീം പാർക്ക് ആരംഭിക്കുകയും ചെയ്തു.
ഇന്ത്യയിലും ലബുബു തരംഗം ആഞ്ഞടിക്കുകയാണ്. ലബുബുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുംബൈയിലെ രണ്ട് റെസ്റ്റോറന്റുകൾ ഭക്ഷണത്തൊടൊപ്പം ലബുബു പാവ നല്‍കുന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. മുംബൈയിലെ ഖാർ വെസ്റ്റിലും സാന്താക്രൂസ് വെസ്റ്റിലുമാണ് ഈ റെസ്റ്റോറന്റുകൾ ഉളളത്. 5,000 രൂപയുടെ പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെനു തിരഞ്ഞെടുക്കുന്നവര്‍ക്കാണ് സൗജന്യമായി ലബുബു പാവ നല്‍കുന്നത്.
Labubu dolls become a global luxury trend, selling up to ₹1.28 crore, with rising popularity in India and a billionaire founder topping Forbes lists.
Read DhanamOnline in English
Subscribe to Dhanam Magazine