

രാജ്യത്തെ പ്രമുഖ വ്യവസായ കുടുംബങ്ങളിലൊന്നായ ടിവിഎസ് കുടുംബത്തിലെ സ്വത്തുതര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ടിവിഎസ് മോട്ടോര്‍ ചെയര്‍മാന്‍ എമിരിറ്റസ് വേണു ശ്രീനിവാസന്റെ മകള്‍ ലക്ഷ്മി വേണു പിതാവിന് നോട്ടീസയച്ചു. കുടുംബസ്വത്ത് നിയമാനുസൃതമായി വീതിക്കണമെന്നാണ് ആവശ്യം. മകള്‍ക്ക് പിന്തുണയുമായി അമ്മയും ടാഫെ (TAFE) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസനും എത്തിയതോടെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.
സഹോദരനും ടിവിഎസ് മോട്ടോര്‍ മാനേജിംഗ് ഡയറക്ടറുമായ സുദര്‍ശന്‍ വേണുവിന് അനുകൂലമായി സ്വത്തുക്കളുടെ നിയന്ത്രണവും സാമ്പത്തിക അവകാശങ്ങളും കേന്ദ്രീകരിക്കുകയാണെന്നാണ് ലക്ഷ്മിയുടെ ആരോപണം. പ്രശ്‌നം കോടതിക്ക് പുറത്തു പരസ്പര ധാരണയിലൂടെ പരിഹരിക്കണമെന്ന താല്‍പര്യവും ലക്ഷ്മി പ്രകടിപ്പിച്ചിട്ടുണ്ട്.
മകനും മകളും എല്ലാ അര്‍ഥത്തിലും തുല്യരാണെന്നും കുടുംബസ്വത്തില്‍ സുദര്‍ശന് ലഭിക്കുന്നതില്‍ കുറയാത്ത നിയമാനുസൃതമായ വിഹിതം ലക്ഷ്മിക്കും ലഭിക്കണമെന്നുമാണ് മല്ലികയുടെ നിലപാട്. മകള്‍ക്ക് പിന്തുണയുമായി അമ്മയെത്തിയതോടെയാണ് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പുറത്തേക്കെത്തിയത്.
2024 മാര്‍ച്ച് 20ന് വേണു ശ്രീനിവാസന്‍, മല്ലിക ശ്രീനിവാസന്‍, ലക്ഷ്മി വേണു, സുദര്‍ശന്‍ വേണു എന്നിവര്‍ തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു. കുടുംബത്തിലെ ബിസിനസുകളുടെ നിയന്ത്രണം, ഉടമസ്ഥാവകാശ സഹകരണം, ടിവിഎസ് ബ്രാന്‍ഡിന്റെ ഉപയോഗം തുടങ്ങിയ വിഷയങ്ങളാണ് ഈ കരാറില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ആസ്തികളുടെ സുതാര്യമായ മൂല്യനിര്‍ണയത്തിന്റെയോ പരസ്പര ചര്‍ച്ചകളുടെയോ അടിസ്ഥാനത്തിലല്ല ധാരണയുണ്ടാക്കിയതെന്നാണ് ലക്ഷ്മിയുടെ ആരോപണം.
അതേസമയം, 2024ലെ കരാറിലൂടെ കുടുംബത്തിനുള്ളിലെ സ്വത്ത് വിഭജനം നീതിപൂര്‍വമായി പൂര്‍ത്തിയാക്കിയിരുന്നെന്നാണ് വേണു ശ്രീനിവാസനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. അന്നത്തെ സാഹചര്യങ്ങളും പ്രസക്തമായ ഘടകങ്ങളും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും പിന്നീട് കമ്പനികളുടെ മൂല്യത്തില്‍ വന്ന മാറ്റങ്ങള്‍ പഴയ ധാരണ പുനഃപരിശോധിക്കാനുള്ള കാരണമാകില്ലെന്നും ഇവര്‍ വാദിക്കുന്നു.
കുടുംബത്തിന്റെ സംയുക്ത സ്വത്താണെന്ന ലക്ഷ്മിയുടെ വാദത്തോടും മറുപക്ഷത്തിന് യോജിപ്പില്ല. ആസ്തികള്‍ തന്റെ വ്യക്തിഗത സ്വത്താണെന്ന നിലപാട് വേണു ശ്രീനിവാസന്‍ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
2014 സെപ്റ്റംബര്‍ 10നാണ് ലക്ഷ്മി വേണു ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായത്. ധാരണയുടെ ഭാഗമായി 2024 ഓഗസ്റ്റ് ആറിന് അവര്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു.
ഇന്ത്യയിലെ പ്രമുഖ വാഹന, ധനകാര്യ, വ്യാവസായിക ഗ്രൂപ്പുകളിലൊന്നായ ടിവിഎസിലെ കുടുംബത്തര്‍ക്കം കേവലം വ്യക്തിപരമായ സ്വത്തുവിഭജന പ്രശ്‌നമല്ല. വിവിധ കമ്പനികളിലെ ഓഹരി പങ്കാളിത്തം, നിയന്ത്രണാവകാശം, കുടുംബ ട്രസ്റ്റുകളുടെ ഘടന തുടങ്ങിയ വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലെ തര്‍ക്കം കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Read DhanamOnline in English
Subscribe to Dhanam Magazine