ഉരുള്‍പൊട്ടലില്‍ നടുങ്ങി കേരളം; മുണ്ടക്കൈയിൽ പൊലിഞ്ഞത് 153 ജീവന്‍

വയനാട്ടിലെ മുണ്ടക്കൈ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടല്‍ വിതച്ചത് വന്‍ ദുരന്തം. മലയിടിഞ്ഞ് വീടുകള്‍ക്ക് മുകളില്‍ പതിച്ച് 153 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. 123 പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരുമെന്നാണ് ഭയപ്പെടുന്നത്. രാത്രി രണ്ട് മണിക്കും പുലർച്ചെ 4.10നുമാണ് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയിട്ടുണ്ട്. മുന്നൂറോളം വീടുകളില്‍ ഭൂരിഭാഗവും ഒലിച്ചു പോയതായാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി ആർമിയുടെ പ്ലാറ്റൂൺ ചൂരമലയിൽ എത്തിയതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. അഞ്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പാലം തകര്‍ന്നു, ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

വയനാട്ടില്‍ കല്‍പ്പറ്റയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈ മേഖലയിലാണ് ദുരന്തമുണ്ടായത്. മുണ്ടക്കൈടുത്തുള്ള ചൂരല്‍മലയാണ് പൊട്ടിതകര്‍ന്ന് താഴേക്ക് പതിച്ചത്. മഴവെള്ളത്തോടൊപ്പം മലയിലെ പാറക്കെട്ടുകളും മരങ്ങളും മണ്ണും ശക്തിയോടെ താഴേക്ക് പതിക്കുകയായിരുന്നു. മലയോരങ്ങളിലെ വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. രാത്രിയില്‍ വീടുകളില്‍ ഉറങ്ങി കിടന്നവരാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. മുണ്ടക്കൈ-ചൂരല്‍മലകളെ ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. ഇതോടെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

നിസ്സഹായരായി രക്ഷാപ്രവര്‍ത്തകർ

അര്‍ധരാത്രിയില്‍ ശക്തമായ മഴയിലുണ്ടായ ദുരന്തം രക്ഷാപ്രവര്‍ത്തനങ്ങളെയും ദുഷ്‌കരമാക്കുന്നു. വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകര്‍ ദുരന്തബാധിത മേഖലയിലുണ്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം. അതേസമയം, പാലം തകര്‍ന്നതു കൊണ്ട് മുണ്ടക്കൈയിലേക്കും ചൂരല്‍ മലയിലേക്കും കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്തതാണ് പ്രധാന വെല്ലുവിളി. ചൂരല്‍ മലയില്‍ കുടുങ്ങി കിടന്നവരെ താല്‍ക്കാലിക പാലം നിര്‍മ്മിച്ച് പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുണ്ടക്കൈ മേഖലയിലുള്ളവര്‍ ഇപ്പോഴും അവിടെ കുടുങ്ങികിടക്കുകയാണ്.വലിയ ദുരന്തത്തിന്റെ മുഖത്താണ് വയനാട് ജില്ലയിൽ ഉള്ളവർ .

മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുകിയെത്തി

മല വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയവരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു കുട്ടിയുടേത് ഉള്‍പ്പടെ ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് നിലമ്പൂര്‍ മേഖലയില്‍ പുഴയില്‍ കണ്ടെത്തിയത്. ചൂരല്‍മലയില്‍ നിന്ന് ഒഴുകിയെത്തിയതാണ് ഇതെന്നാണ് സംശയിക്കുന്നത്.

Related Articles

Next Story

Videos

Share it