വരുമോ ഒരു പുലിമുരുകന്‍?

മുംബൈയിലെ പ്രമുഖ ടാബ്ലോയിഡ് 'MID -DAY' യുടെ പ്രസിദ്ധമായൊരു പരസ്യവാചകമാണ് 'Expect the unexpected.' ഇന്നത്തെ ബിസിനസിന്റെ മുഖം ഒറ്റ വാക്കില്‍ ഇങ്ങനെ തന്നെ പറയാം. ''അപ്രതീക്ഷിതമായതിനെ കരുതിയിരിക്കുക.'

നമ്മുടെ വ്യവസായികളെല്ലാം ഇന്നൊരു യുദ്ധമുഖത്താണ്. കണ്ടിട്ടുള്ള, കേട്ടറിവുള്ള പ്രതിസന്ധികളെക്കാള്‍ അവരെ അലട്ടുന്നത് Unknown Challenges ആണ്. തങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന, ഇന്‍ഡസ്ട്രിയെ ആകെ മാറ്റിമറിക്കുന്ന disruptive technologies and practices ആണ് മാര്‍ക്കറ്റില്‍ കണ്ടുവരുന്നത്.

ചൈന - അമേരിക്കന്‍ ട്രേഡ് വാറുകളും ബ്രെക്‌സിറ്റും, മിഡില്‍ ഈസ്റ്റ് സാമ്പത്തിക പ്രതിസന്ധികളും പ്രൊട്ടക്ഷനിസം പോളിസികളും, ഉയര്‍ന്ന പ്രവര്‍ത്തന ചെലവും, കുറഞ്ഞ വായ്പാ ലഭ്യതയും. ഈ പ്രതിസന്ധിക്ക് നടുവില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ഏതെങ്കിലുമൊരു പുലിമുരുകന്‍ വരുമോ എന്നാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്.

എങ്ങും അലയൊലികള്‍

2008 സെപ്റ്റംബര്‍ മാസത്തിലാണ് അമേരിക്കയിലെ Lehman Brother എന്ന ധനകാര്യ സ്ഥാപനം തകരുന്നത്. അതിന് പിന്നാലെ അമേരിക്കന്‍ സാമ്പത്തിക രംഗവും കൂടെ ലോക സമ്പദ്‌വ്യവസ്ഥയും ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത് നാം കണ്ടതാണ്.

ഇന്ത്യയിലും രണ്ട് മാസങ്ങള്‍ക്കുമുമ്പ് IL&FS എന്ന ധനകാര്യ സ്ഥാപനത്തിനും ഒന്ന് കാലിടറി. അതിന്റെ ഓഹരി പങ്കാളികളായ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ഷെയര്‍വാല്യൂ താഴേക്ക് വന്നു.

IL&FS ബോണ്ടുകളില്‍ നിക്ഷേപിച്ച എല്ലാ മ്യൂച്വല്‍ഫണ്ടുകളുടേയും നെറ്റ് അസറ്റ് വാല്യൂ തെക്കോട്ടായി. ഈ കമ്പനിക്ക് 57,000 കോടി രൂപ വായ്പ നല്‍കിയിരുന്ന പ്രമുഖ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് അതൊരു NPA (Non performing asset) ആയി മാറി.

കേന്ദ്ര ധനകാര്യ വകുപ്പിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി. എന്നാല്‍ IL &FS ന്റെ നഷ്ടക്കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്തിനേറെ പറയുന്നു ഈ കമ്പനി അങ്ങ് എത്യോപ്യയില്‍ ഏറ്റെടുത്ത് നടത്തുന്ന പ്രോജക്റ്റ് പാതി വഴിയില്‍ ഉപേക്ഷിച്ച്, അവിടത്തെ തൊഴിലാളികള്‍ക്ക് കൂലി കൊടുത്തു തീര്‍ക്കാതെ അവിടുത്തുകാര്‍ നാല് ഇന്ത്യന്‍ കമ്പനി ഉദ്യോഗസ്ഥരെ ഇപ്പോഴും അവിടെ തടവില്‍
പാര്‍പ്പിച്ചിരിക്കുകയാണ്.

മുകളില്‍ പറഞ്ഞ പ്രതിഭാസം നാം ബാറുകള്‍ നിരോധിച്ചപ്പോള്‍ കേരളത്തിലും കണ്ടതാണ്. 500 കോടിയോളം രൂപ ബാറുകള്‍ക്ക് KSIDC വായ്പ നല്‍കിയിരുന്നു. വ്യവസായം നിലച്ചതോടെ അതെല്ലാം NPA യുമായി. നമ്മുടെ സാമ്പത്തികരംഗം ഇന്ന് വലിയൊരു കൊടുക്കല്‍ വാങ്ങലുകളുടെ വലയിലാണ്. ചെറുതും വലുതുമായ അലയൊലികള്‍ എല്ലാവരെയും ബാധിക്കും. നല്ലൊരു ഇക്കണോമിക് ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കേണ്ടത് വ്യവസായ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.

വ്യവസായികള്‍ക്ക് കട്ട സപ്പോര്‍ട്ട്

കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 97 ഹര്‍ത്താലുകള്‍! കുപ്പിയില്‍ നിന്നും തുറന്നുവിട്ട ഭൂതംപോലെ ആര്‍ക്കും നിയന്ത്രിക്കാനാവാത്ത ഒരു ക്രൂരവിനോദമായി ഇത് മാറിയിരിക്കുന്നു. പൂച്ചയ്ക്കാരു മണികെട്ടും എന്ന് കാത്തിരിക്കാതെ, പ്രളയത്തെ മറികടന്നതുപോലെ കേരളജനതയ്ക്ക് ഇതിനെയും മറികടക്കാനാകണം.

സമൂഹമധ്യത്തില്‍ ഇതിനെ തള്ളിപ്പറയുകയാണ് ആദ്യപടി. ടി. നസറുദ്ദീന്റെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അതിനുള്ള ചങ്കൂറ്റം കാട്ടി എന്നത് സ്വാഗതാര്‍ഹം തന്നെ. കേരള സമൂഹം ഇതിനി ഏറ്റെടുക്കണം. സിനിമ വലിയൊരു ശക്തിയാണ്. ഹര്‍ത്താലിനെതിരെ സിനിമകള്‍ ഉണ്ടാകട്ടെ! മോഹന്‍ലാല്‍, മമ്മൂട്ടി, ടോവിനോ ചിത്രങ്ങള്‍ ഹര്‍ത്താലില്‍ മാത്രം റിലീസ് ചെയ്യട്ടെ! പി.എസ്.സി തങ്ങളുടെ പരീക്ഷകള്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ മാത്രം നടത്തട്ടെ (എന്നാല്‍ അവര്‍ക്ക് 97 പരീക്ഷണങ്ങള്‍ നടത്താം!)

ബിവറേജ് കോര്‍പ്പറേഷന്‍ ഹര്‍ത്താല്‍ ദിനങ്ങള്‍ ഹാപ്പി ഡേ ആയി ഡിക്ലയര്‍ ചെയ്ത് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യട്ടെ! ഹര്‍ത്താല്‍ ദിനത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക്, സര്‍ക്കാര്‍ മിശ്ര വിവാഹങ്ങള്‍ക്ക് നല്‍കുന്ന പരിരക്ഷ നല്‍കട്ടെ! അമ്മ സംഘടനയുടെ ഭാരവാഹികള്‍ റെക്കമെന്‍ഡ് ചെയ്ത് ഹര്‍ത്താല്‍ ദിനത്തില്‍ ധര്‍മ്മജന്‍ തന്റെ ധര്‍മൂസ് മല്‍സ്യവില്‍പ്പന ശാലകളില്‍ 10 ശതമാനം ഇളവ് നല്‍കട്ടെ.

ഹര്‍ത്താലിനോടനുബന്ധിച്ച് സംഘടനകള്‍ ബീഫ് ഫെസ്റ്റിവലും ചുംബന സമരങ്ങളും നടത്തി ഹര്‍ത്താല്‍ ദിനങ്ങളെ നമുക്ക് തിരികെ പിടിക്കാം.

കെട്ടുതാലിപോലും പണയംവെച്ച്, ബാക്കി പണം ബാങ്ക് വായ്പയെടുത്ത് തങ്ങളുടെ ആശയങ്ങളും, ചങ്കുറപ്പും സമാസമം ചാലിച്ച്, വ്യവസായത്തില്‍ ഇറങ്ങുന്ന, സമൂഹത്തിന് ജോലിയും, സര്‍ക്കാരിന് നികുതിയും ഉണ്ടാക്കിത്തരുന്ന എല്ലാ സി.പിമാരോടുമുള്ള (വെള്ളാനകളുടെ നാട് സിനിമയോട് കടപ്പാട്) തങ്ങളുടെ കട്ട സപ്പോര്‍ട്ട് ഒരു ആന്റി ഹര്‍ത്താല്‍ മൂവ്‌മെന്റിലൂടെ നമുക്ക് തെളിയിക്കാം.

കേരളത്തെ ഈ ഹര്‍ത്താല്‍ ഭൂതത്തില്‍ നിന്ന് രക്ഷിക്കാന്‍ നാം തന്നെ പുലിമുരുകന്മാര്‍ ആകേണ്ടതുണ്ട്.

Related Articles
Next Story
Videos
Share it