

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതര വെല്ലുവിളികള്‍ നേരിടുന്നതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം (Kerala's Fiscal Health: A Status Report) വിലയിരുത്തുന്നു. സംസ്ഥാനത്തിന്റെ സാമൂഹിക നേട്ടങ്ങള്‍ സംരക്ഷിക്കുകയും വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യേണ്ടത് പുതിയ സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടനുസരിച്ച് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം ബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. ഇത് സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GSDP) 35.5 ശതമാനമാണ്. ശമ്പളം, പെന്‍ഷന്‍, പലിശ അടവ് എന്നിവയ്ക്കായി മാത്രം സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 77 ശതമാനത്തോളം ചെലവാകുന്നു. പലിശ അടവുകള്‍ മാത്രം വരുമാനത്തിന്റെ 20.9 ശതമാനം വിഴുങ്ങുന്നു.
ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്കുള്ള ധനശേഷി ചുരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍.
സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന ധനക്കമ്മിയാണ് കേരളത്തിനെങ്കിലും മൂലധന ചെലവ് വെറും 1.3 ശതമാനം GSDP മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായത് കടമെടുത്ത പണത്തിന്റെ വലിയൊരു വിഹിതം പുതിയ ആസ്തികള്‍ സൃഷ്ടിക്കുന്നതിനോ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനോ അല്ല, നിലവിലെ ചെലവുകള്‍ നിറവേറ്റുന്നതിനും പഴയ ബാധ്യതകള്‍ അടയ്ക്കുന്നതിനുമാണ് ഉപയോഗിക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
സംസ്ഥാന ട്രഷറിയുടെ പണലഭ്യതാ സ്ഥിതിയും റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുന്നു. 2025-ല്‍ 262 ദിവസവും കേരളം റിസര്‍വ് ബാങ്കിന്റെ Ways and Means Advance സംവിധാനത്തെ ആശ്രയിച്ചതായും 84 ദിവസം ഓവര്‍ഡ്രാഫ്റ്റിലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് സംസ്ഥാനത്തിന്റെ പ്രതിദിന പണമിടപാട് സംവിധാനത്തില്‍ നിലനില്‍ക്കുന്ന സമ്മര്‍ദത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
പുതിയ സര്‍ക്കാരിന് കൈമാറപ്പെട്ട കുടിശ്ശിക ബാധ്യതകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജീവനക്കാരുടെ ക്ഷാമബത്ത (DA), പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസം (DR), ബാങ്കുകള്‍, കരാറുകാര്‍ എന്നിവരോടുള്ള കുടിശ്ശികകള്‍ ഉള്‍പ്പെടെ മൊത്തം 48,733 കോടി രൂപയുടെ മാറ്റിവെച്ച ബാധ്യതകള്‍ സംസ്ഥാനത്തിനുണ്ടെന്നാണ് കണക്ക്.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (KIIFB) ധനകാര്യ ഘടനയും റിപ്പോര്‍ട്ട് പരിശോധിക്കുന്നു. നിലവില്‍ ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യതയും ഇനി ധനസഹായം നല്‍കേണ്ട 35,000 കോടിയിലേറെ വരുന്ന പദ്ധതികളും KIIFBയുടെ ചുമലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന സര്‍ക്കാരിനേക്കാള്‍ ഉയര്‍ന്ന പലിശനിരക്കിലാണ് KIIFB പണം സമാഹരിക്കുന്നതെന്നും അതിന്റെ കടബാധ്യതകള്‍ ഒടുവില്‍ സംസ്ഥാനത്തിന്റെ ബാധ്യതയായി മാറുന്നുവെന്നുമാണ് റിപ്പോര്‍ട്ടിന്റെ നിരീക്ഷണം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍ അവയില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. 2024-25ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 78,851 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
KSRTC, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍സ് ലിമിറ്റഡ് (KSSPL), കേരള വാട്ടര്‍ അതോറിറ്റി (KWA) എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സമ്മര്‍ദം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് വികസന ചെലവുകളെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പദ്ധതി ചെലവുകളുടെ വിഹിതം കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗം, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതി ചെലവുകളും ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ ധനകാര്യ പ്രശ്‌നങ്ങള്‍ക്ക് ചെലവ് നിയന്ത്രണം മാത്രം പരിഹാരമല്ലെന്നാണ് റിപ്പോര്‍ട്ടിന്റെ പ്രധാന സന്ദേശം. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കല്‍, തൊഴില്‍ സൃഷ്ടി, വ്യവസായ വികസനം, അടിസ്ഥാനസൗകര്യ നിക്ഷേപം, വൈദ്യുതി മേഖലയിലെ കൂടുതല്‍ നിക്ഷേപം എന്നിവയാണ് ദീര്‍ഘകാല പരിഹാരമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടുകയും അടുത്ത അഞ്ച് വര്‍ഷത്തെ ധനകാര്യ പരിഷ്‌കാരങ്ങള്‍ക്ക് അടിസ്ഥാനരേഖ സൃഷ്ടിക്കുകയുമാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്ന് രേഖ വ്യക്തമാക്കുന്നു.
''2026-ലെ തെരഞ്ഞെടുപ്പില്‍ കേരളം മാറ്റത്തിനുവേണ്ടി മാത്രം വോട്ട് ചെയ്തതല്ല; അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്ന ഒരു ഭാവിക്കുവേണ്ടിയാണ് വോട്ട് ചെയ്തത്. ആ വാഗ്ദാനം നിറവേറ്റാനുള്ള പ്രധാന ഉപാധിയാണ് സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതി. അതിനാല്‍ കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെ തുറന്നും സത്യസന്ധമായും വിലയിരുത്താനുള്ള ശ്രമമാണ് ഈ സ്റ്റാറ്റസ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാരിന് ലഭിച്ച ധനകാര്യ പാരമ്പര്യം മനസ്സിലാക്കാനുള്ള തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനവും ജനാധിപത്യ ഉത്തരവാദിത്തത്തിന്റെ പ്രകടനവുമാണ് ഇത്. സംസ്ഥാനത്തിന് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന വരുമാനം എത്ര, ചെലവഴിക്കുന്നത് എങ്ങനെ, ആരോടൊക്കെയാണ് ബാധ്യതയുള്ളത് എന്നതിന്റെ കൃത്യമായ ചിത്രം ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു. വാര്‍ഷിക ബജറ്റിന്റെ മറവില്‍ മറഞ്ഞുകിടക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്കുള്ള ഒരു കണ്ണാടി കൂടിയാണിത്.
സാക്ഷരത, ശിശുമരണനിരക്ക്, ലിംഗസമത്വം തുടങ്ങിയ സാമൂഹിക സൂചികകളില്‍ കേരളം ഇന്നും രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണ്. ഈ നേട്ടങ്ങള്‍ സംരക്ഷിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണം. എന്നാല്‍ സംസ്ഥാനത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ ചെലവുകള്‍ വഹിക്കാന്‍ കേരളത്തിന്റെ ധനശേഷി പര്യാപ്തമാണോ എന്നതാണ് പുതിയ സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. നിലവില്‍ കേരളത്തിന് 5.07 ലക്ഷം കോടി രൂപയുടെ കുടിശ്ശിക ബാധ്യതകളും, മൊത്തം വരുമാന വരവിന്റെ 77 ശതമാനം വിഴുങ്ങുന്ന സ്ഥിരബാധ്യതാ ചെലവുകളും, 20.9 ശതമാനം വരുമാനം പലിശ അടവുകള്‍ക്കായി ചെലവാകുന്ന സാഹചര്യവുമുണ്ട്.
സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GSDP) വെറും 1.3 ശതമാനം മാത്രമാണ് കേരളത്തിന്റെ മൂലധന ചെലവ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ധനക്കമ്മികളിലൊന്ന് നിലനില്‍ക്കുമ്പോഴും മൂലധന നിക്ഷേപം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കടമെടുത്ത് നിക്ഷേപിക്കുക; വളര്‍ച്ചയിലൂടെ കടം തിരിച്ചടയ്ക്കുക എന്ന അടിസ്ഥാന ധനകാര്യ തത്വത്തില്‍ നിന്ന് കേരളം ഗണ്യമായി വഴിതെറ്റിയിരിക്കുകയാണ്. ഇതിലൂടെ ഭാവി വളര്‍ച്ച സൃഷ്ടിക്കാനുള്ള ശേഷി ക്ഷയിച്ചിട്ടുണ്ട്.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (KIIFB) പോലുള്ള സമാന്തര ധനകാര്യ സംവിധാനങ്ങള്‍ ഒരു ഭാഗത്ത് സര്‍ക്കാരിന്റെ വരുമാന പ്രവാഹം ചോര്‍ത്തുകയും മറുവശത്ത് വന്‍ ബാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ബജറ്റില്‍ നിന്ന് നിരന്തരം ധനസഹായം ആവശ്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വലിയ ശൃംഖലയും നിലനില്‍ക്കുന്നു. മുമ്പ് GST നഷ്ടപരിഹാരവും വരുമാനക്കമ്മി ഗ്രാന്റുകളും ചില ആശ്വാസം നല്‍കിയിരുന്നെങ്കിലും അവ ഇപ്പോള്‍ അവസാനിച്ചിട്ടുണ്ട്. പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ കേരളത്തിന്റെ പങ്ക് നേരിയ തോതില്‍ വര്‍ധിപ്പിച്ചെങ്കിലും വരുമാനക്കമ്മി ഗ്രാന്റ് പൂര്‍ണമായും അവസാനിപ്പിക്കുകയും ധനക്കമ്മി നിയന്ത്രണത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നു. സ്വകാര്യ നിക്ഷേപത്തിന്റെ മന്ദഗതിയും സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.
ധനകാര്യ സമ്മര്‍ദ്ദത്തിന്റെ ആദ്യ പ്രതിഫലനം ട്രഷറി പ്രവര്‍ത്തനങ്ങളിലാണ് കാണുന്നത്. നികുതി, നികുതിയേതര വരുമാനം, കേന്ദ്ര വിഹിതം എന്നിവ ചേര്‍ന്നുള്ള വരവ് ചെലവിനേക്കാള്‍ കുറയുമ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സംസ്ഥാനം വായ്പയെടുക്കേണ്ടിവരുന്നു. ട്രഷറി ബാലന്‍സ് നിശ്ചിത പരിധിയായ 1.66 കോടിക്ക് താഴെയാകുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ മൂന്ന് ഘട്ട വായ്പാ സംവിധാനമാണ് ആശ്രയിക്കേണ്ടത്. സ്‌പെഷ്യല്‍ ഡ്രോയിംഗ് ഫസിലിറ്റി, വേയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്, ഓവര്‍ഡ്രാഫ്റ്റ് എന്നിവയാണ് അവ.
2015 മുതല്‍ കേരളം എല്ലാ വര്‍ഷവും വേയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ഉപയോഗിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സ്ഥിതി അതീവ ഗുരുതരമായി. 2024-ല്‍ 125 ദിവസവും 2025-ല്‍ 262 ദിവസവും സംസ്ഥാനം വേയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിനെ ആശ്രയിച്ചു. ഓവര്‍ഡ്രാഫ്റ്റ് ദിവസങ്ങളും വര്‍ധിച്ചു. ഇതെല്ലാം വലിയ പലിശച്ചെലവും സൃഷ്ടിച്ചു.
ഈ ആശ്രിതാവസ്ഥ കുറയ്ക്കാനുള്ള ഒരു മാര്‍ഗം വിപണിയില്‍ നിന്ന് കൂടുതല്‍ വായ്പയെടുക്കലാണ്. എന്നാല്‍ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ ഉള്‍പ്പെടുന്ന സ്ഥിരബാധ്യതാ ചെലവുകള്‍ തന്നെ എല്ലാ വര്‍ഷവും വിപണി വായ്പകളെക്കാള്‍ കൂടുതലായതിനാല്‍ വലിയ ആശ്വാസം ലഭിക്കുന്നില്ല. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനത്തിലെ പ്രധാന ഘടകമായ GST-യുടെ പ്രകടനവും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. കേന്ദ്രത്തില്‍ നിന്നുള്ള വിഹിതവും വരുമാനക്കമ്മി ഗ്രാന്റുകളും കുറഞ്ഞതോടെ ട്രഷറി പ്രവര്‍ത്തനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായി.
ചെലവുകളുടെ കാര്യത്തില്‍, വരുമാനത്തിന്റെ ഏകദേശം നാലില്‍ മൂന്ന് ഭാഗം സ്ഥിരബാധ്യതകള്‍ വിഴുങ്ങുന്നു. ചെലവ് കുറയ്ക്കാനായി ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും നല്‍കാതിരിക്കുന്ന രീതിയാണ് പിന്തുടര്‍ന്നത്. പുതിയ സര്‍ക്കാരിന് 21,670 കോടി ക്ഷാമബത്ത കുടിശ്ശികയും 14,387 കോടി ക്ഷാമാശ്വാസ കുടിശ്ശികയും പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്കും കരാറുകാര്‍ക്കും നല്‍കാനുള്ള ബില്‍ ഡിസ്‌കൗണ്ടിംഗ് കുടിശ്ശിക 3,431 കോടിയാണ്. മറ്റ് മാറ്റിവെച്ച പണമടവുകള്‍ ഉള്‍പ്പെടെ മൊത്തം കുടിശ്ശിക 48,733 കോടിയിലേറെയാണ്. ഇത് സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ ശുദ്ധ വായ്പയെടുപ്പിനോട് തുല്യമാണ്.
വാര്‍ഷിക ബജറ്റ് ഒരു വര്‍ഷത്തെ വരുമാന-ചെലവ് കണക്കുകൂട്ടലാണ്. എന്നാല്‍ കേരളം കഴിഞ്ഞ പത്ത് വര്‍ഷമായി വരുമാനക്കമ്മി, ധനക്കമ്മി, പ്രാഥമികക്കമ്മി എന്നിവയുടെ ചക്രവ്യൂഹത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥ കണക്കുകളും ബജറ്റ് കണക്കുകളും തമ്മിലുള്ള വ്യത്യാസം വലുതാണ്. 2019-20 ഓടെ വരുമാനക്കമ്മി ഇല്ലാതാക്കണമെന്ന ലക്ഷ്യം ഉണ്ടായിരുന്നെങ്കിലും കോവിഡ് വര്‍ഷം ഒഴികെ എല്ലാ വര്‍ഷവും വലിയ വരുമാനക്കമ്മി നിലനിന്നു.
2026-27ല്‍ കേന്ദ്ര ധനകാര്യ കമ്മീഷന്‍ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിഹിതത്തില്‍ ഏകദേശം 20,000 കോടിയുടെ കുറവ് സംഭവിക്കാമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ ആഘാതം പദ്ധതി ചെലവുകളിലും പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളിലും ഗുരുതരമായിരിക്കും.
സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം സ്ഥിരമായി ബജറ്റ് കണക്കുകളേക്കാള്‍ ഏകദേശം 10 ശതമാനം കുറവാണ്. അതേസമയം പദ്ധതി ചെലവുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ ബജറ്റിനെക്കാള്‍ കൂടുതലായി കാണപ്പെടുന്നു. കാരണം KIIFB-യുടെയും ചില പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചെലവുകള്‍ യഥാര്‍ത്ഥ കണക്കില്‍ ഉള്‍പ്പെടുമ്പോള്‍ ബജറ്റ് കണക്കില്‍ ഉള്‍പ്പെടുന്നില്ല. ഇതിലൂടെ ധനകാര്യ യാഥാര്‍ഥ്യത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കാതെ പോകുന്നു.
2016-ല്‍ രൂപം കൊണ്ട KIIFB അടിസ്ഥാനസൗകര്യ വികസനത്തിനായി വിപണിയില്‍ നിന്ന് പണം സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇന്ന് ഏകദേശം ₹21,000 കോടി രൂപയുടെ വായ്പാബാധ്യതയും ഇനി ധനസഹായം നല്‍കേണ്ട ₹35,000 കോടി രൂപയുടെ പദ്ധതികളും അതിന്റെ ചുമലിലുണ്ട്. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലുകള്‍ പ്രകാരം KIIFB-യുടെ കടം സംസ്ഥാനത്തിന്റെ കടമായി തന്നെ കണക്കാക്കപ്പെടേണ്ടതാണ്. സംസ്ഥാനത്തേക്കാള്‍ 1 മുതല്‍ 1.5 ശതമാനം വരെ കൂടുതല്‍ പലിശ നിരക്കിലാണ് KIIFB പണം സമാഹരിക്കുന്നത്.
KIIFB പദ്ധതികളുടെ വിതരണത്തിലും അസന്തുലിതാവസ്ഥ കാണപ്പെടുന്നു. കണ്ണൂര്‍ ജില്ലയ്ക്ക് മാത്രം മൊത്തം അനുവദിച്ച തുകയുടെ 20 ശതമാനത്തിലധികം ലഭിച്ചപ്പോള്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളുമായി ചേര്‍ന്ന് ഏകദേശം പകുതിയോളം തുക ഈ മൂന്ന് ജില്ലകളിലേക്ക് കേന്ദ്രീകരിച്ചു. മനുഷ്യവികസന സൂചികകളോ സാമ്പത്തിക ആവശ്യകതകളോ ഇതിന് വ്യക്തമായ ന്യായീകരണം നല്‍കുന്നില്ല.
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്. 132 സജീവ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. ആകെ നഷ്ടം 2021-22ലെ ₹31,571 കോടിയില്‍ നിന്ന് 2024-25ല്‍ ₹78,851 കോടിയായി ഉയര്‍ന്നു. KSRTC, KSSPL, KWA എന്നീ സ്ഥാപനങ്ങള്‍ മാത്രം 72 ശതമാനം നഷ്ടത്തിനും കാരണമായി. ഇതോടെ ഇവ നിലനിര്‍ത്താന്‍ തുടര്‍ച്ചയായി ബജറ്റ് സഹായം നല്‍കേണ്ടിവരുന്നു.
സാമൂഹിക ഉത്തരവാദിത്തം എന്ന പേരില്‍ പ്രവര്‍ത്തനക്ഷമതക്കുറവും സാമ്പത്തിക ദുരുപയോഗവും മറച്ചുവയ്ക്കരുതെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. ഉല്‍പാദന സബ്‌സിഡികളില്‍ നിന്ന് ഉപഭോഗ സബ്‌സിഡികളിലേക്കുള്ള മാറ്റമാണ് പരിഹാരമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നതും പരിഗണിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു.
ധനകാര്യ പ്രതിസന്ധിയുടെ ഏറ്റവും വലിയ ആഘാതം വികസന ചെലവുകളിലാണ്. പദ്ധതി ചെലവുകള്‍ നാമമാത്രമായി നിലച്ചിരിക്കുകയാണ്. മൊത്തം ചെലവില്‍ അതിന്റെ പങ്ക് 18 ശതമാനത്തില്‍ താഴെയായി. പട്ടികജാതി, പട്ടികവര്‍ഗം, പിന്നാക്കവര്‍ഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കുള്ള പദ്ധതി ചെലവുകളുടെ വിഹിതം 2017-18ലെ 9.24 ശതമാനത്തില്‍ നിന്ന് 2025-26ല്‍ 3.85 ശതമാനമായി കുറഞ്ഞു. സാമൂഹിക സേവനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സഹായം, കൃഷി, വിദ്യാഭ്യാസം എന്നിവയും ചെലവ് ചുരുക്കലിന്റെ ഇരയായി.
റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ നാല് അധ്യായങ്ങളിലൂടെയുള്ള വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ്. ഹ്രസ്വകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ചെലവ് ചുരുക്കല്‍ മാത്രം ദീര്‍ഘകാല പരിഹാരമല്ലെന്ന് കമ്മിറ്റി വ്യക്തമാക്കുന്നു. വളര്‍ച്ച, നിക്ഷേപം, തൊഴില്‍ സൃഷ്ടി എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് മുന്നോട്ടുള്ള യഥാര്‍ത്ഥ വഴി. സ്വകാര്യ നിക്ഷേപം, സഹകരണ നിക്ഷേപം, തദ്ദേശ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് ഫണ്ട് സമാഹരിക്കല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. പുതിയ വ്യവസായ മേഖലകളുടെ വളര്‍ച്ചയ്ക്ക് മതിയായ വൈദ്യുതി ലഭ്യത നിര്‍ണായകമാണ്. അതിനാല്‍ വൈദ്യുതി മേഖലയിലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണം. ഭൂമി, തൊഴില്‍ നിയമങ്ങള്‍ എന്നിവ പുനഃപരിശോധിക്കുകയും വ്യവസായ അടിസ്ഥാനസൗകര്യ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.''
Read DhanamOnline in English
Subscribe to Dhanam Magazine