Begin typing your search above and press return to search.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗംകൂട്ടി എല്‍.ഐ.സി
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ബിസിനസിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ എല്‍.ഐ.സി. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുംമുമ്പ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് എല്‍.ഐ.സി എം.ഡിയും സി.ഇ.ഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തി വ്യക്തമാക്കി. കമ്പനിയുടെ ആദ്യപാദ ഫലം പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രമുഖ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം എല്‍.ഐ.സി സ്ഥിരീകരിച്ചിരുന്നില്ല. പുതിയ കമ്പനി സ്ഥാപിക്കുന്നതിലും നല്ലത് നിലവിലുള്ളവയില്‍ ഒന്നിനെ ഏറ്റെടുക്കുന്നതിനാണ് മാനേജ്‌മെന്റ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
എതിരാളികള്‍ വിയര്‍ക്കും
എല്‍.ഐ.സിക്ക് നിലവില്‍ 14.1 ലക്ഷത്തിലധികം ഏജന്റുമാരുണ്ട്. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് മേഖലയിലേക്ക് കടക്കുമ്പോള്‍ കമ്പനിക്കുള്ള അനുകൂല ഘടകം ഇതാണ്. എല്‍.ഐ.സി ഏജന്റുമാര്‍ നിലവില്‍ മറ്റ് കമ്പനികളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് വിതരണം ചെയ്യുന്നുണ്ട്. തങ്ങളുടേതായ ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനി വരുമ്പോള്‍ ഇവരെയെല്ലാം എല്‍.ഐ.സിയുടെ മാത്രമായ ഏജന്റുമാരായി നിലനിര്‍ത്താന്‍ സാധിക്കും. ഇതുവഴി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വിപണി പിടിക്കാമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ഇന്ത്യയിലെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ ആദ്യ സ്ഥാനങ്ങളില്‍ സ്റ്റാര്‍ ഹെല്‍ത്ത്, നിവ ബുപ, ആദിത്യ ബിര്‍ല, കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എന്നിവയാണ്. എല്‍.ഐ.സി കൂടി വരുന്നതോടെ വിപണിയിലെ സമവാക്യത്തില്‍ കാര്യമായ മാറ്റം വരും.
എല്‍.ഐ.സിയുടെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ വരുമാനം 2,10,910 കോടി രൂപയായി വര്‍ധിച്ചു. അറ്റാദായം 10,544 കോടി രൂപയാണ്. തൊട്ടുമുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 1,88,749 കോടി രൂപയായിരുന്നു. ആദ്യ വര്‍ഷ പ്രീമിയത്തിലൂടെയുള്ള വരുമാനം മുന്‍വര്‍ഷത്തെ 6,811 കോടിയില്‍ നിന്ന് 7,470 കോടി രൂപയായും വര്‍ധിച്ചു.
നിയമം മാറ്റേണ്ടി വരും
എല്‍.ഐ.സിക്ക് ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കണമെങ്കില്‍ ചില കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. ഇതിനായി നിലവിലുള്ള ഇന്‍ഷ്വറന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടിവരും. ഒരു ഇന്‍ഷ്വറന്‍സ് കമ്പനി മറ്റൊരു ജനറല്‍ അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുക്കുന്നത് നിയമം അനുവദിക്കുന്നില്ല.
രാജ്യത്ത് ഇന്‍ഷ്വറന്‍സ് രംഗം കൂടുതല്‍ ചലനാത്മകമാക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരം ഏറ്റെടുക്കലുകള്‍ക്ക് അനുമതി നല്‍കണമെന്ന് പാര്‍ലമെന്ററി പാനല്‍ അടുത്തിടെ ശിപാര്‍ശ ചെയ്തിരുന്നു. പാര്‍ലമെന്റ് ഇതു പാസാക്കിയാല്‍ എല്‍.ഐ.സിക്ക് ഏറ്റെടുക്കല്‍ എളുപ്പമാകും.
രാജ്യത്ത് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് രംഗം വലിയ സാധ്യതകളുടേതാണ്. ഇത് മുതലാക്കുകയാണ് എല്‍.ഐ.സിയുടെ ലക്ഷ്യം. കൊവിഡ് മഹാമാരിക്ക് ശേഷം ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിരുന്നു. ജനറല്‍ ഇന്‍ഷ്വറന്‍സിനേക്കാള്‍ ഇരട്ടി വളര്‍ച്ചയാണ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് രംഗത്തുണ്ടാകുന്നത്.
Next Story
Videos