പ്രമുഖ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുക്കാന്‍ എല്‍.ഐ.സി നീക്കം

കേന്ദ്ര പൊതുമേഖ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയുമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍.ഐ.സി) ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് രംഗത്തേക്ക്. രാജ്യത്തെ പ്രധാനപ്പെട്ട ഒരു സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുക്കാന്‍ നീക്കം തുടങ്ങിയതായി 'ലൈവ് മിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടുതല്‍ വിശാലമായ വിപണിയിലേക്ക് കടക്കുന്നത് പരിഗണനയിലുണ്ടെന്ന് എല്‍.ഐ.സി ചെയര്‍മാന്‍ സിദ്ധാര്‍ഥ മൊഹന്തി അടുത്തിടെ സൂചന നല്‍കിയിരുന്നു. അതേസമയം, എല്‍.ഐ.സിക്ക് ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കണമെങ്കില്‍ ചില കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. ഇതിനായി നിലവിലുള്ള ഇന്‍ഷ്വറന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടിവരും. ഒരു ഇന്‍ഷ്വറന്‍സ് കമ്പനി മറ്റൊരു ജനറല്‍ അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുക്കുന്നത് നിയമം അനുവദിക്കുന്നില്ല.
രാജ്യത്ത് ഇന്‍ഷ്വറന്‍സ് രംഗം കൂടുതല്‍ ചലനാത്മകമാക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരം ഏറ്റെടുക്കലുകള്‍ക്ക് അനുമതി നല്‍കണമെന്ന് പാര്‍ലമെന്ററി പാനല്‍ അടുത്തിടെ ശിപാര്‍ശ ചെയ്തിരുന്നു. പാര്‍ലമെന്റ് ഇതു പാസാക്കിയാല്‍ എല്‍.ഐ.സിക്ക് ഏറ്റെടുക്കല്‍ എളുപ്പമാകും.
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിലെ സാധ്യതകള്‍
രാജ്യത്ത് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് രംഗം വലിയ സാധ്യതകളുടേതാണ്. ഇത് മുതലാക്കുകയാണ് എല്‍.ഐ.സിയുടെ ലക്ഷ്യം. കൊവിഡ് മഹാമാരിക്ക് ശേഷം ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിരുന്നു. ജനറല്‍ ഇന്‍ഷ്വറന്‍സിനേക്കാള്‍ ഇരട്ടി വളര്‍ച്ചയാണ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് രംഗത്തുണ്ടാകുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ജനറല്‍ ഇന്‍ഷ്വറന്‍സ് വിഭാഗത്തിന്റെ വളര്‍ച്ചാനിരക്ക് 13 ശതമാനമായിരുന്നു. അതേസമയം, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിലിത് 26.2 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. വിപണിയിലെ ഈ സാധ്യതകള്‍ മുതലെടുക്കുകയെന്ന ലക്ഷ്യം തന്നെയാണ് എല്‍.ഐ.സിക്ക് മുന്നിലുള്ളത്.
എല്‍.ഐ.സിയുടെ കടന്നുവരവ് മറ്റ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് തലവേദനയാകും. കമ്പനികള്‍ പ്രീമിയം കുത്തനെ വര്‍ധിപ്പിച്ചെന്ന പരാതികള്‍ ഉപയോക്താക്കളില്‍ വ്യാപകമാകുന്നുവെന്ന സമയത്താണ് എല്‍.ഐ.സിയുടെ വരവെന്നത് ശ്രദ്ധേയമാണ്.
ക്യാഷ്‌ലെസ് സംവിധാനം മൂന്നുമണിക്കൂറിനുള്ളില്‍ ലഭ്യമാക്കണമെന്ന് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) കഴിഞ്ഞദിവസം കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. എല്‍.ഐ.സിയുടെ വരവ് രാജ്യത്തെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് മേഖലയെ കൂടുതല്‍ മല്‍സരക്ഷമമാക്കും.

Related Articles

Next Story

Videos

Share it