

ഇന്ത്യയില്‍ നിന്നുള്ള ബഹുരാഷ്ട്ര കമ്പനികളുടെ മുന്‍നിരയില്‍ പെണ്‍കരുത്ത് തിളങ്ങുകയാണ്. പ്രമുഖ എഫ്എംസിജി കമ്പനിയായ യൂണിലിവറിന്റെ സിഇഒ ആയി മലയാളിയായ പ്രിയ നായര്‍ നിയമിതയായതോടെ ഇന്ത്യയില്‍ വമ്പന്‍ കമ്പനികള്‍ക്ക് സാരഥ്യം വഹിക്കുന്ന വനിതാ പ്രൊഫഷണലുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഒരു കാലത്ത് പുരുഷന്‍മാര്‍ വാണിരുന്ന സുപ്രധാന പദവികളിലേക്ക് ഇപ്പോള്‍ വനിതകളും ഉയര്‍ന്നു വരുന്നു.
ഉന്നത പദവികളില്‍ സ്ത്രീകള്‍ എത്തുന്നത് ഇന്ത്യയില്‍ കുറവാണെന്നാണ് കണക്കുകള്‍. ഇതുസംബന്ധിച്ച് മെക് കിന്‍സെ ഈ വര്‍ഷം ആദ്യം നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ കമ്പനികളുടെ പ്രധാന പദവികളില്‍ സ്ത്രീകളുടെ സാന്നിധ്യം 20 ശതമാനം മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. കുറഞ്ഞ നിയമനങ്ങള്‍, ഉയര്‍ന്ന കൊഴിഞ്ഞു പോക്ക്, പരിമിതമായ തൊഴില്‍ പുരോഗതി തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. അതേസമയം, എന്‍ട്രി ലെവല്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് ഉയര്‍ന്ന പ്രാതിനിധ്യമുണ്ട്.
ഇന്ത്യയില്‍ ഏതാനും ലിസ്റ്റഡ് കമ്പനികളുടെ പ്രധാന പദവികളില്‍ സ്ത്രീകളുടെ സാന്നിധ്യമുണ്ട്. എഫ്എംസിജി കമ്പനികള്‍ മുതല്‍ ഹോസ്പിറ്റലുകള്‍ വരെയുള്ള മേഖലകളില്‍ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ദീര്‍ഘകാലമായി ആ പദവികളില്‍ തുടരുന്നവരും കുടുംബ ബിസിനസിലൂടെ വളര്‍ന്ന് ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിയവരും ഇവരിലുണ്ട്.
ഇന്ത്യയില്‍ ഏവര്‍ക്കും സുപരിചിതമായ കോള്‍ഗേറ്റ്-പാമോലിവ് കമ്പനിയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ പ്രഭ നരസിംഹന്‍ (Prabha Narasimhan) 2022 മുതല്‍ ആ പദവികളിലുണ്ട്. മെല്‍ബണ്‍ ബിസിനസ് സ്‌കൂളിലും ബംഗളുരു ഐഎംഎമിലും പഠിച്ച പ്രഭ, ആദിത്യ ബിര്‍ല ഗ്രൂപ്പില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് 2006 ല്‍ യൂണിലിവറില്‍ റീജണല്‍ മാര്‍ക്കറ്റിംഗ് മാനേജറായി എത്തിയിരുന്നു. യൂണിലിവറില്‍ 14 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് കോള്‍ഗേറ്റ്-പാമോലിവില്‍ എത്തുന്നത്.
എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സിന്റെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായി വിഭ പദാല്‍ക്കര്‍ (Vibha Padalkar) 2018 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ നിന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയില്‍ മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയ വിഭ, വിവിധ ബഹുരാഷ്ട്ര എഫ്എംസിജി കമ്പനികളിലും ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളിലും ജോലി ചെയ്ത ശേഷമാണ് എച്ച്ഡിഎഫ്‌സി ലൈഫില്‍ എത്തിയത്.
മുംബൈ ആസ്ഥാനമായ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ നൈക്കയുടെ സ്ഥാപക സിഇഒ ആയി ഫാല്‍ഗുനി നയ്യാര്‍ (Falguni Nayar)ചുമതലയേറ്റത് 2012 ല്‍. ഇന്ത്യയിലെ ധനികരുടെ പട്ടികയിലും ഫാല്‍ഗുനിക്ക് ഇടമുണ്ട്. കഴിഞ്ഞ വര്‍ഷം ഫോബ്‌സ് ലിസ്റ്റില്‍ ഇന്ത്യയിലെ 100 ധനികരില്‍ 89-ാം സ്ഥാനം ഫാര്‍ഗുനിയുടെ കുടുംബത്തിനായിരുന്നു.
വെല്‍സ്പണ്‍ ലിവിംഗിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറും. 2023 മുതല്‍ ഈ പദവികളില്‍. 2016 ല്‍ ഏഷ്യയിലെ ഏറ്റവും ശക്തരായ വനിതകളെ ഫോബ്‌സ് തെരഞ്ഞെടുത്തപ്പോള്‍ ദീപാലി ഗോയങ്കയും (Dipali Goenka) ഇടം പിടിച്ചു. എന്‍ഡിടിവിയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു.
2001 മുതല്‍ ജിന്‍ഡാല്‍ സോയുടെ മാനേജിംഗ് ഡയറക്ടര്‍. ഇന്ത്യന്‍ വനിതാ സംരംഭകരുടെ പട്ടികയില്‍ മുന്‍നിരയില്‍. സ്മിനു ജിന്‍ഡാല്‍ (Sminu Jindal)1992 ല്‍ കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനിയായി ചേര്‍ന്നു. കമ്പനിയുടെ വൈവിധ്യവല്‍ക്കരണത്തില്‍ പ്രധാന പങ്കിവഹിച്ച പ്രഫഷണല്‍ കൂടിയാണ് സ്മിനു.
അപ്പോളോ ഹോസ്പിറ്റലിന്റെ ഭരണ സിരാകേന്ദ്രത്തില്‍ പ്രമുഖരായ രണ്ട് സഹോദരിമാരാണുള്ളത്. സുനീത് റെഡ്ഡിയും (Suneeta Reddy) സംഗീത റെഡ്ഡിയും (Sangita Reddy). ഇരുവരും 2014 മുതല്‍ മാനേജിംഗ് ഡയറക്ടര്‍മാരാണ്.
ബ്രിഗേഡ് എന്റര്‍പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറായ പവിത്ര ശങ്കര്‍ (Pavitra Shankar) 2022 ലാണ് ചുമതലയേറ്റത്. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബ്രിഗേഡ്‌സ് ഗ്രൂപ്പിന്റെ സഹസ്ഥാപനമാണിത്. കാലിഫോര്‍ണിയ ആസ്ഥാനമായ ലീജിയന്‍ റിയല്‍ എസ്‌റ്റേറ്റിന്റെ സ്ഥാപക കൂടിയാണ് പവിത്ര.
സുന്ദരം ഫാസ്റ്റ്‌നേഴ്സിന്റെ മാനേജിംഗ് ഡയറക്ടറായ ആരതി കൃഷ്ണ (Arathi Krishna) കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നു. മിഷിഗണ്‍ ബിസിനസ് സ്‌കളില്‍ പഠന പൂര്‍ത്തിയാക്കിയ അവര്‍, ടിവിഎസ് ഗ്രൂപ്പില്‍ നിന്ന് ബിസിനസ് രംഗത്തേക്ക് കടന്നു വന്ന ആദ്യത്തെ വനിതയാണ്. 20-ാം വയസില്‍ ടിവിഎസ് ഗ്രൂപ്പില്‍ മാനേജ്‌മെന്റ് ട്രെയിനി ആയാണ് തുടക്കം. ആരതിയുടെ സഹോദരി അരുന്ധതിയും (Arundathi Krishna) കമ്പനിയില്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ്.
Read DhanamOnline in English
Subscribe to Dhanam Magazine