
തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയവര്‍ക്ക് ലാഭം കിട്ടാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി മുതിര്‍ന്ന യു.എസ് സെനറ്റര്‍ എലിസബത്ത് വാറന്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാള്‍ സ്ട്രീറ്റിലെ തന്റെ ഇഷ്ടക്കാര്‍ക്ക് ലാഭമുണ്ടാക്കാനായി ട്രംപ് വിപണിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എലിസബത്ത് സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.
സാധാരണക്കാരും തൊഴിലാളികളുമാണ് ട്രംപിന്റെ തീരുമാനത്തിന്റെ തിക്തഫലം അനുഭവിച്ചതെന്നും എലിസബത്ത് വാറന്‍ പറയുന്നു. ട്രംപ് അമേരിക്കയിലെ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുകയാണ്. മൊത്തത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. താരിഫിന്റെ കാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും മനസിലാകില്ല. എന്നാല്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ്. ബിസിനസുകാര്‍ നിക്ഷേപം നടത്താന്‍ മടിക്കുകയാണ്. ചെറുകിട ബിസിനസുകാര്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും യു.എസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തില്‍ വാറന്‍ പറഞ്ഞു.
താരിഫ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ട്രംപ് നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സംശയാസ്പദമാണെന്നും അവര്‍ ആരോപിച്ചു. ഇതാണ് നിക്ഷേപത്തിന് പറ്റിയ സമയമെന്നാണ് അദ്ദേഹം കുറിച്ചത്. ഇക്കാര്യത്തില്‍ അഴിമതി ഉണ്ടോയെന്ന് അന്വേഷിക്കണം. ഡൊണാള്‍ഡ് ട്രംപോ അദ്ദേഹത്തിന്റെ ഭരണകൂടത്തിലുള്ള മറ്റാരെങ്കിലുമോ അഴിമതി നടത്തിയിട്ടുണ്ടോയെന്ന് അമേരിക്കന്‍ ജനത അറിയാന്‍ ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സെനറ്ററുടെ ആരോപണങ്ങളില്‍ ചിലതെങ്കിലും ശരിയാണെന്ന തരത്തിലുള്ള തെളിവുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കന്‍ സമയം രാവിലെ 9.37ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ ആപ്പില്‍ കുറിച്ചത് ' This is a great time to buy!!!! DJT'' (ഇതാണ് നിക്ഷേപിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയം) എന്നാണ്. ഇനിഷ്യലായ ഡി.ജെ.ടിന് ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്നാണ് അര്‍ത്ഥം. ട്രംപിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളെ സൂചിപ്പിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പദപ്രയോഗമാണിത്. ഈ പോസ്റ്റ് ഇട്ടതിന് നാല് മണിക്കൂറിനുള്ളിലാണ് തീരുവയില്‍ 90 ദിവസത്തെ അവധി നല്‍കാനുള്ള ട്രംപിന്റെ പ്രഖ്യാപനമെത്തുന്നത്. ഇതിന് പിന്നാലെ കുതിച്ചുയര്‍ന്ന യു.എസ് വിപണി കഴിഞ്ഞ നാല് ദിവസമുണ്ടാക്കിയ നഷ്ടത്തിന്റെ 70 ശതമാനവും തിരിച്ചു പിടിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതിന് മുമ്പ് തന്നെ തീരുവ സംബന്ധിച്ച തീരുമാനമെടുത്തിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനും ട്രംപ് തയ്യാറായില്ല. രാവിലെയാണ് തീരുമാനത്തിലെത്തിയതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കുറച്ച് നാളായി കൂടിയാലോചനകള്‍ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ അടുപ്പക്കാരില്‍ പലരും നയിക്കുന്ന കമ്പനികളാണ് ഓഹരി വിപണിയില്‍ നിന്നും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല 18.82 ശതമാനം, ഇന്റല്‍ 16.96 ശതമാനം, എന്‍വിഡിയ 16.18 ശതമാനം, ആപ്പിള്‍ 10.15 ശതമാനം, ആമസോണ്‍ 9.83 ശതമാനം എന്നിങ്ങനെയാണ് കുതിച്ചുയര്‍ന്നത്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത് ട്രംപിന്റെ വിശ്വസ്തനായ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയാണെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. ഇതിന് പിന്നാലെ ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ സമ്പത്തില്‍ കൂടിയത് 135 ബില്യന്‍ ഡോളര്‍ (ഏകദേശം 11 ലക്ഷം കോടി രൂപ) ആണെന്നും ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലോണ്‍ മസ്‌കിന്റെ സമ്പാദ്യം 35.9 ബില്യന്‍ ഡോളര്‍ (ഏകദേശം 3 ലക്ഷം കോടി രൂപ) വര്‍ധിച്ച് 326 ബില്യന്‍ ഡോളറായി (ഏകദേശം 28 ലക്ഷം കോടി രൂപ). മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, തുടങ്ങിയവരുടെയെല്ലാം സമ്പത്തില്‍ വമ്പന്‍ വര്‍ധനയുണ്ട്.
അതേസമയം, ട്രംപിന്റെ നീക്കത്തിനെതിരെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. തീരുവക്ക് അവധി പ്രഖ്യാപിക്കുന്നതിന് മുമ്പ് ട്രംപ് നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ചട്ടലംഘനമാണോ എന്ന് പരിശോധിക്കണമെന്ന് വൈറ്റ് ഹൗസിലെ നിയമവിദഗ്ധനായിരുന്ന റിച്ചാര്‍ഡ് പെയ്ന്റര്‍ (Richard Painter) ആവശ്യപ്പെട്ടു. ട്രംപിന്റെ പോസ്റ്റ് കണ്ടവര്‍ പെട്ടെന്ന് പണമുണ്ടാക്കി. വിപണിയില്‍ കൃത്രിമത്വം കാണിക്കുന്ന ആരെങ്കിലും ഉണ്ടെയോന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine