

സംസ്ഥാനത്ത് ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച പരാതികള്‍ വര്‍ദ്ധിക്കുമ്പോഴും ഇതുവരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ രണ്ടെണ്ണം മാത്രം. എറണാകുളത്തും വയനാട്ടിലുമാണ് ഓരോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി.
അതിനിടെ, പ്ലേ സ്റ്റോറില്‍ നിന്ന് 72 ആപ്പുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പൊലീസ് നോട്ടീസ് അയച്ചു. ഉപഭോക്തൃ പരാതികളുടെ അടിസ്ഥാനത്തിലാണിത്. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകളെ കുറിച്ച് പരാതിപ്പെടാനുള്ള നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പറിലേക്ക് ഈ വര്‍ഷം ഇതുവരെ 1,427 പേര്‍ പരാതിപ്പെട്ടിട്ടുണ്ട്. 2022ല്‍ ആകെ 1,340 പരാതികളായിരുന്നു ലഭിച്ചിരുന്നത്. 2021ല്‍ 1,400 എണ്ണവും.
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും
പരാതികളില്‍ സൂചിപ്പിച്ച ആപ്പുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടിയും പൊലീസെടുക്കും.
ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പിനും വായ്പാദാതാക്കളുടെ ഭീഷണിക്കും ഇരയായി ആത്മഹത്യകള്‍ വര്‍ദ്ധിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന പരാതികളും ഉയര്‍ന്നത്. ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ 9497980900 എന്ന നമ്പറില്‍ അറിയിക്കാമെന്ന് കഴിഞ്ഞദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനകം ഈ നമ്പറിലേക്ക് 300ലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine