തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി: അഭ്യൂഹങ്ങളില്‍ മോദി മുതല്‍ ജയശങ്കര്‍ വരെ

തിരുവനന്തപുരത്ത് ഇക്കുറി 'അപ്രതീക്ഷിത ലോക്‌സഭാ സ്ഥാനാര്‍ത്ഥി' ഉണ്ടാകുമെന്ന് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ പരസ്യമായും രഹസ്യമായും വ്യക്തമാക്കി കഴിഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തുനിന്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ വിജയിച്ചതൊഴിച്ചാല്‍ ബി.ജെ.പിക്ക് കേരളം എന്നും കിട്ടാക്കനിയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ നേമവും കൈവിട്ടു. എന്നാല്‍, ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ കുറയാത്ത താമര കേരള മണ്ണില്‍ വിരിയിക്കുമെന്ന വാശിയിലാണ് ബി.ജെ.പി.
അതിന്റെ ഭാഗമായും കേരളത്തിലുടനീളം അനുകൂലമായ തരംഗം ഉറപ്പാക്കാനും 'സര്‍പ്രൈസ്' സ്ഥാനാര്‍ത്ഥിയെ ഇറക്കാനുള്ള നീക്കത്തിലുമാണ് ബി.ജെ.പി. ഇനി വരുന്ന ആദ്യ അങ്കം അടുത്തവര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. ബി.ജെ.പി ഏറെ പ്രതീക്ഷവയ്ക്കുന്ന മണ്ഡലങ്ങളില്‍ മുന്നിലാണ് തലസ്ഥാന നഗരിയായ അനന്തപുരി.
പത്മനാഭന്റെ മണ്ണില്‍ സാക്ഷാല്‍ നരേന്ദ്ര മോദി തന്നെ പോരിനിറങ്ങുമെന്ന ശ്രുതി ഉയര്‍ന്ന് കഴിഞ്ഞു. നിലവില്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയനായ ഡോ. ശശി തരൂര്‍ പ്രതിനിധാനം ചെയ്യുന്ന തിരുവനന്തപുരം പിടിച്ചെടുക്കാന്‍ വി.വി.ഐ.പി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് ബി.ജെ.പി കരുതുന്നു.
മോദിയോ നിര്‍മ്മലയോ അതോ ജയശങ്കറോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുടെ പേരുകളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലേക്കായി അഭ്യൂഹങ്ങളില്‍ പ്രധാനമായുമുള്ളത്.
ഇവര്‍ അല്ലെങ്കില്‍ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ എത്തിയേക്കുമെന്ന സൂചനയും ശക്തമാണ്. കേന്ദ്ര ഐ.ടി മന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പേരും കേള്‍ക്കുന്നു.
രണ്ടും കല്‍പ്പിച്ച് ബി.ജെ.പി; ഭയമില്ലെന്ന് തരൂർ
തലസ്ഥാനത്ത് മോദി മത്സരിച്ചാലും ഭയമില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ഡോ. ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇക്കുറി അക്കൗണ്ട് തുറന്നേ തീരൂ എന്ന് കര്‍ശന നിര്‍ദേശം ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. നിലവില്‍ കേന്ദ്രമന്ത്രിയായ വി. മുരളീധരന്‍ ആറ്റിങ്ങലില്‍ മത്സരിച്ചേക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാലക്കാട് മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.
വന്ദേ ഭാരതും വാട്ടർ മെട്രോയും
നിലവില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ലോക്‌സഭാ എം.പിമാരില്ലെങ്കിലും സംസ്ഥാനത്തിന് നിരവധി പദ്ധതികള്‍ വാരിക്കോരി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 25ന് മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ 4,500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കാണ് തുടക്കമിട്ടത്. സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെയാണിത്. കേരളത്തിനുള്ള രണ്ടാം വന്ദേഭാരതും അടുത്തിടെ ഓടിത്തുടങ്ങിയിരുന്നു.
കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം, വൈദ്യുതീകരിച്ച ഡിണ്ഡിഗല്‍-പഴനി-പാലക്കാട് റെയില്‍വേ ലൈൻ സമര്‍പ്പണം, തിരുവനന്തപുരവും കോഴിക്കോടും അടക്കം നിരവധി റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണോദ്ഘാടനം, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം തുടങ്ങിയവയും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു.
അതേസമയം, കേരളത്തെ എങ്ങനെയും സാമ്പത്തികമായി തകര്‍ക്കാനും വികസനത്തിന് തുരങ്കം വയ്ക്കാനുമാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷവും ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയും സംസ്ഥാനത്തിന് അവകാശപ്പെട്ട ഗ്രാന്റും കുത്തനെ വെട്ടിക്കുറച്ചത് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it