നിരക്ക് കുറയ്ക്കല്‍, ആഘോഷമേളം: കൊച്ചി മെട്രോയെ ജനപ്രിയമാക്കാനൊരുങ്ങി ബെഹ്‌റ

കൊച്ചിയുടെ ഇഷ്ട പൊതുഗതാഗത സംവിധാനമായി മെട്രോയെ മാറ്റാന്‍ ബഹുമുഖ പദ്ധതികള്‍ അവതരിപ്പിക്കാനൊരുങ്ങി മാനേജിംഗ് ഡയറക്റ്റര്‍ ലോക്‌നാഥ് ബെഹ്‌റ. യാത്രക്കാര്‍ കൂടാതെ കൊച്ചി മെട്രോ പാളം തെറ്റാതെ ഓടില്ലെന്ന് തിരിച്ചറിഞ്ഞ് പരമാവധി ആളുകളെ മെട്രോയില്‍ കയറ്റാനുള്ള പദ്ധതികളാണ് ഒരുക്കുന്നതെന്ന് ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ് അംഗങ്ങളുമായുള്ള സംവാദത്തില്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

യാത്രാ നിരക്ക്, പാര്‍ക്കിംഗ് ഫീസ്, മെട്രോ സ്‌റ്റേഷനില്‍ നിന്നുള്ള ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി എന്നീ കാര്യങ്ങളിലെല്ലാം സാധാരണക്കാര്‍ക്ക് ഇഷ്ടക്കേടുകളുണ്ട്. മെട്രോ സ്‌റ്റേഷനുകള്‍ സുന്ദരമാണെങ്കിലും കൂടുതല്‍ സൗകര്യങ്ങള്‍ അതില്‍ വേണമെന്നും ജനങ്ങള്‍ക്കുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞ് വലിയ മാറ്റങ്ങള്‍ എല്ലാ തലത്തിലും കൊണ്ടുവരുമെന്ന് ബെഹ്‌റ അറിയിച്ചു.
മെട്രോയെ ലാഭത്തിലാക്കാന്‍ നിരവധി പദ്ധതികള്‍
കൊച്ചി മെട്രോയുടെ വരുമാനം കൂട്ടാനും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. പുതിയ കിയോക്‌സുകള്‍, കട്ട് ഫ്രൂട്ട്‌സ്, പാക്കേജ്ഡ് ഗ്രോസറീസ് എന്നിവ വില്‍ക്കുന്ന ഷോപ്പുകള്‍, ബേക്കറികള്‍ എന്നിവയെല്ലാം പുതുതായി തുടങ്ങും. താമസിയാതെ തന്നെ മെട്രോ ട്രെയ്‌നിലും പ്ലാറ്റ് ഫോമിലും ലഭ്യമായ ഇടമെല്ലാം പരസ്യങ്ങള്‍ക്കായി നല്‍കും.

യുവയാത്രക്കാരെ ആകര്‍ഷിക്കാന്‍ ചെറിയ ആഘോഷങ്ങള്‍, മ്യൂസിക് പരിപാടികള്‍, ട്രെയ്‌നില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് തുടങ്ങിയവയെല്ലാമാണ് ഒരുക്കാന്‍ പോകുന്നത്.

ഓട്ടോ, ടാക്‌സി, ബസ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് ഒരു ടിക്കറ്റില്‍ യാത്രക്കാര്‍ക്ക് അവര്‍ക്ക് പോകേണ്ടയിടത്ത് എത്തിച്ചേരാന്‍ പറ്റുന്ന സംവിധാനം ഒരുക്കാനും ആലോചനയുണ്ട്. മെട്രോ സ്‌റ്റേഷനുകള്‍ ഇല്ലാത്തയിടത്ത് യാത്രക്കാര്‍ക്ക് ഇതേറെ ഉപകാരപ്പെടും.

ഡിസംബറോടെ ആധുനിക ബോട്ട് സര്‍വീസ് ആരംഭിക്കും. അടുത്ത മാര്‍ച്ചോടെ പൊതുഗതാഗത്തിനായി 50 ബോട്ടുകള്‍ സജ്ജമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.


Related Articles
Next Story
Videos
Share it