താമരപ്പൂവില്‍ വാഴുന്ന ബിസിനസ്; ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല വിപണി; വെല്ലുവിളികളുമുണ്ട് ഏറെ
കണ്ണെത്താ ദുരത്തോളം വയലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന താമരമൊട്ടുകള്‍. വിരിയും മുമ്പെ അതെല്ലാം വിപണിയുടെ തിരക്കിലേക്കെത്തുന്നു. കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ നിശബ്ദമായി വളരുകയാണ് താമര കൃഷി. ക്ഷേത്രങ്ങളില്‍ പൂജക്കായും ഉല്‍സവ സീസണുകളില്‍ അലങ്കാരങ്ങള്‍ക്കായും ഉപയോഗിക്കുന്ന താമരമൊട്ടുകള്‍ക്ക് ഇന്ന് വിപണി സാധ്യത വര്‍ധിക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറത്തിനടുത്ത് തിരുനാവായയില്‍ വയലുകളിലെല്ലാം താമരകൃഷി വ്യാപകമാണ്. ഷൊര്‍ണൂര്‍-കോഴിക്കോട് റെയില്‍പാതയിലൂടെയുള്ള യാത്രയില്‍ തിരുനാവായ എത്തിയാല്‍ കിലോമീറ്ററുകളോളം ഇരുവശത്തുമുള്ള പാടങ്ങളില്‍ താമരമൊട്ടുകള്‍ വളര്‍ന്നു നില്‍ക്കുന്നത് കാണാനാകും. ഈ ഗ്രാമത്തിന്റെ പരമ്പരാഗത വരുമാന മേഖലയായി താമരകൃഷി മാറിയിരിക്കുന്നു. വിപണിയിലെ സാധ്യതകള്‍ വളരുന്നതോടെ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കടന്നു വരുന്നു. വെല്ലുവിളികള്‍ക്കിടയിലും മോശമല്ലാത്ത വരുമാനം നല്‍കുന്ന മേഖലയായി ഇത് മാറുന്നു. മറ്റു കൃഷികളെ പോലെ തന്നെ നഷ്ട സാധ്യതകളുമുണ്ട്.
പ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ സവിശേഷമായ പൂജാപുഷ്പമാണ് താമര. ഇതിനായി ഈ മേഖലയില്‍ താമരകൃഷി തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പിന്നീട് ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലേക്ക് എത്തിക്കാന്‍ തുടങ്ങി. ക്ഷേത്രങ്ങള്‍ക്ക് പുറത്തും വിപണി വളര്‍ന്നതോടെ കൂടുതല്‍ പേര്‍ ഈ കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. വിശേഷ ചടങ്ങുകളില്‍ അലങ്കാരങ്ങള്‍ക്കായി താമരമൊട്ടുകള്‍ക്ക് ഡിമാന്റ് കൂടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും അപൂര്‍വ്വമായി വിദേശ രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് പൂക്കള്‍ കയറ്റിപ്പോകുന്നുണ്ട്. തിരുനാവായയിലെ മൂന്നു വില്ലേജുകളിലായി 1,000 ഏക്കറോളം സ്ഥലത്താണ് കൃഷി നടക്കുന്നത്. ഇവിടുത്തെ വലിയ പറപ്പൂര്‍ കായല്‍ തുടങ്ങിയ കായല്‍പ്രദേശങ്ങളിലാണ് കൃഷി വര്‍ധിച്ച രീതിയില്‍ നടക്കുന്നത്. നൂറിലേറെ കുടുംബങ്ങള്‍ക്ക് ഇത് പ്രധാന വരുമാന മാര്‍ഗമാണ്. 25 വയസ് മുതല്‍ 65 വയസിന് മുകളിലുള്ളവര്‍ വരെ ഈ രംഗത്ത് സജീവമാണ്. തിരിച്ചെത്തിയ പ്രവാസികളും ഇപ്പോള്‍ താമരകൃഷിയിലേക്ക് കടന്നു വന്നിട്ടുണ്ട്.
പ്രധാന വെല്ലുവിളികള്‍
കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളെല്ലാം താമര കര്‍ഷകരും നേരിടുന്നു. കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ കൃഷിയെ സാരമായി ബാധിക്കുന്നതായി 20 ഏക്കറിലേറെ സ്ഥലത്ത് താമരകൃഷി നടത്തുന്ന യുവ കര്‍ഷകനായ ചക്കാലി പറമ്പില്‍ ദില്‍ഷാദ് പറയുന്നു. എഞ്ചിനിയറിംഗ് ബിരുദധാരിയായ ദില്‍ഷാദ് നേരത്തെ അബുദബിയില്‍ ജോലി ചെയ്ത ശേഷമാണ് ഇപ്പോള്‍ നാട്ടിലെത്തി കൃഷിയില്‍ സജീവമായത്. ദില്‍ഷാദിന്റെ കുടുംബം തലമുറകളായി ഈ കൃഷി ചെയ്യുന്നവരാണ്. നല്ല വെയിലും വെള്ളവുമുള്ള സ്ഥലത്താണ് കൃഷി നല്ല രീതിയില്‍ നടക്കുന്നത്. അപ്രതീക്ഷിതമായി കൂടുതല്‍ മഴ പെയ്താല്‍ വിളവ് കുറയും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ ദോഷം ചെയ്തതായും ദില്‍ഷാദ് പറയുന്നു. കൃഷി അസാധ്യമാക്കി മാറ്റുന്ന രീതിയില്‍ ആഫ്രിക്കന്‍ പായല്‍ വയലില്‍ പരക്കുന്നതും കര്‍ഷകരെ വലക്കുന്നുണ്ട്. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നതാണ് ഈ വയലുകളുടെ ഘടന. അര മീറ്റര്‍ മൂതല്‍ നാല് മീറ്റര്‍ വരെയാണ് വയലുകളുടെ ആഴം. ഇത്തരം സ്ഥലങ്ങളില്‍ ആഫ്രിക്കന്‍ പായല്‍ വേഗത്തില്‍ പടരുന്നത് കര്‍ഷകര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. താമരച്ചെടികളുടെ വളര്‍ച്ചയെ ഇവ ഇല്ലാതാക്കുന്നു. പായല്‍ നീക്കം ചെയ്യുന്നതാകട്ടെ ശ്രമകരവും ചെലവുകൂടിയതുമായ ജോലിയുമാണ്. ഇതോടൊപ്പം, കൂട്ടമായെത്തി താമരമൊട്ടുകള്‍ തിന്നു തീര്‍ക്കുന്ന താമരക്കിളികളും വിളവ് കുറയാന്‍ കാരണമാകുന്നുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഏകീകൃത വിപണന സംവിധാനമില്ലാത്തതും വിലയിലെ ഏറ്റക്കുറച്ചിലും സര്‍ക്കാര്‍ സഹായത്തിന്റെ കുറവും വര്‍ധിച്ച കൂലി ചിലവും കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന തിരുനാവായ സ്വദേശി ഉമ്മര്‍ ചിറക്കല്‍ പറയുന്നു.
താങ്ങുവില വേണം
താമര കൃഷിയെ സര്‍ക്കാര്‍ സമഗ്രമായ കൃഷിയായി അംഗീകരിച്ചിട്ടില്ല. ഇത് മൂലം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണയോ സാമ്പത്തിക സഹായമോ കാര്യമായില്ല. കൃഷി വകുപ്പ് പൂകൃഷിക്ക് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ചെറിയ സഹായങ്ങളാണ് താമര കര്‍ഷകര്‍ക്ക് അപൂര്‍വ്വമായി ലഭിക്കുന്നത്. കൃഷിക്ക് പ്രത്യേക സീസണ്‍ ഇല്ല. അതിനാല്‍ എല്ലാ കാലത്തും പരിചരണം ആവശ്യമാണ്. താമര മൊട്ടിനാണ് വിപണിയില്‍ ഡിമാന്റ്. പൂ വിരിയാന്‍ കര്‍ഷകര്‍ കാത്തു നില്‍ക്കില്ല. ക്ഷേത്രങ്ങളിലെ ഉല്‍സവ സീസണുകളിലാണ് മൊട്ടിന് ഡിമാന്റ് കൂടുന്നത്. ആ സമയത്ത് കര്‍ഷകര്‍ക്ക് മൊത്തവിലയായി ഒരു പൂവിന് അഞ്ചു രൂപയിലേറെ ലഭിക്കും. സീസണ്‍ കഴിഞ്ഞാല്‍ ഒരു രൂപ വരെ താഴുകയും ചെയ്യും. അതേസമയം, ഇടനിലക്കാര്‍ കുറഞ്ഞ വിലക്ക് കര്‍ഷകരില്‍ നിന്ന് വാങ്ങി ഒരു പൂവിന് 15 രൂപ വരെ ഉയര്‍ന്ന വിലയില്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. അധ്വാനിക്കുന്ന കര്‍ഷകന് യഥാര്‍ത്ഥ വില കിട്ടാത്ത അവസ്ഥ ഇവിടെയുമുണ്ടെന്ന് ഉമ്മര്‍ ചിറക്കല്‍ ചൂണ്ടിക്കാട്ടുന്നു.
പൂ പറിച്ചെടുക്കുന്നതിനുള്ള ചിലവ് താങ്ങാനാവുന്നില്ലെന്ന് കര്‍ഷകനായ ദില്‍ഷാദ് പറയുന്നു. വില കുറയുമ്പോള്‍ പൂക്കള്‍ പൊട്ടിച്ചു കളയാറുമുണ്ട്. സൂക്ഷിച്ച് വെക്കാന്‍ സംവിധാനങ്ങളില്ല. ഒരു മൊട്ട് പറിച്ചെടുക്കാന്‍ മാത്രം 75 പൈസ ചിലവ് വരുമെന്നാണ് കണക്ക്. അത് വിപണിയിലെത്തിക്കാനുള്ള ചിലവ് വേറെയും. ദില്‍ഷാദ് പറഞ്ഞു. തിരുനാവായയില്‍ പ്രതിദിനം ശരാശരി 40,000 ല്‍ അധികം പൂക്കളുടെ വില്‍പ്പനയാണ് നടക്കുന്നത്. വില സ്ഥിരതക്കായി താമരപൂവിന് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യം കര്‍ഷകര്‍ മുന്നോട്ടു വെക്കുന്നു.
വൈവിധ്യവല്‍ക്കരണത്തിന്റെ സാധ്യതകള്‍
താമരപ്പൂക്കള്‍ക്ക് പുതിയ വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ അപൂര്‍വ്വമായാണ് നടക്കുന്നത്. ഇടനിലക്കാരിലൂടെ എത്തുന്ന ബിസിനസാണ് പ്രധാനം. ഇത് കര്‍ഷകര്‍ക്ക് കൂടിയ വരുമാനം നല്‍കുന്നില്ല. ബംഗളുരു, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് വിമാന മാര്‍ഗം കയറ്റി അയക്കുന്നുണ്ട്. ദുബൈ വിപണിയില്‍ നിന്നും ചിലപ്പോള്‍ ഓര്‍ഡര്‍ ലഭിക്കാറുണ്ട്. നിലവില്‍ പൂമൊട്ടുകള്‍ മാത്രമാണ് വില്‍ക്കുന്നത്. അതേസമയം താമരച്ചെടിയുമായി ബന്ധപ്പെട്ട ഒട്ടേറെ ബിസിനസ് സാധ്യതകള്‍ ഉണ്ടെന്ന് ഉമ്മര്‍ ചിറക്കല്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. താമരപ്പൂ സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്. അപൂര്‍വ്വമായി മാത്രം ചിലര്‍ ഈ ആവശ്യത്തിനായി പൂക്കള്‍ കൊണ്ടു പോകുന്നുണ്ട്. എന്നാല്‍ ഏറെ സാധ്യതയുള്ള ഈ മേഖലയിലേക്ക് വിപണിയെ വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. താമരച്ചെടിയുടെ തണ്ട് ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്നതിനാൽ ആയുര്‍വേദ മേഖലയിലും സാധ്യതകളുണ്ട്. ഈ തണ്ട് ഉപയോഗിച്ച് കൊണ്ടാട്ടം, സ്‌ക്വാഷ്, അച്ചാറുകള്‍ പോലുള്ള ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണവും സാധ്യമാണ്. ഇത്തരത്തില്‍ അനുബന്ധ വിപണിയിലേക്കും വളരാനായാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയും. ചര്‍മ സംരക്ഷണത്തിന് മികച്ചതായ താമര എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് ഒരു സാധ്യതയാണെങ്കിലും ഇതിന് ഏറെ പ്രക്രിയകള്‍ ഉണ്ടെന്ന് ദില്‍ഷാദ് ചൂണ്ടിക്കാട്ടുന്നു.
ടൂറിസം സാധ്യതകള്‍
താമരപ്പാടങ്ങളുടെ സൗന്ദര്യം ഏവരെയും ആകര്‍ഷിക്കുന്നതാണ്. ഈ പാടങ്ങള്‍ കാണാന്‍ എത്തുന്നത് നിരവധി പേരാണ്. ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന രീതിയില്‍ കൃഷി രീതിയില്‍ മാറ്റം വരുത്തുന്നത് ഈ മേഖലയില്‍ പുതിയ വികസനമെത്തിക്കും. ചെറിയ ഒരു പ്രദേശത്തെങ്കിലും താമരപ്പൂക്കള്‍ പൂര്‍ണമായി വിരിഞ്ഞു നില്‍ക്കുന്ന രീതിയില്‍ കൃഷി മാറ്റുന്നത് ഇതിന് സഹായിക്കും. ചെറു തോണികള്‍ ഇറക്കി താമരപ്പൂക്കള്‍ക്കിടയിലൂടെയുള്ള സുരക്ഷിത യാത്രകള്‍ ഇവിടെ ഒരുക്കാനാകും. ഇത്തരം യാത്രകള്‍ ആസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ എത്തും. വെഡ്ഡിംഗ് ഫോട്ടോ സെഷനുകള്‍ക്കും ഇത്തരമൊരു പ്രദേശം കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നു.