എല്‍.പി.ജി വില വീണ്ടും കുറച്ചു; പക്ഷേ സാധാരണക്കാര്‍ക്ക് നേട്ടമില്ല

രാജ്യത്ത് എല്‍.പി.ജി വിലയില്‍ വീണ്ടും കുറവുവരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോഗ്രാം സിലിണ്ടറുകളുടെ വിലയാണ് 19 രൂപ കുറച്ചത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ (14.2) വിലയില്‍ മാറ്റമില്ല. പുതിയ നിരക്ക് കേരളത്തില്‍ ഉള്‍പ്പെടെ പ്രാബല്യത്തില്‍ വന്നു. ഇത് തുടര്‍ച്ചയായി രണ്ടാംമാസമാണ് വില കുറയുന്നത്.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്കും കേറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും വിലയിലെ മാറ്റം ഗുണം ചെയ്യും. 19 കിലോയുടെ സിലിണ്ടറുകള്‍ക്ക് കൊച്ചിയിലെ വില 1,756 രൂപയായി. കോഴിക്കോട് 1,788, തിരുവനന്തപുരം 1,777 എന്നിങ്ങനെയാണ് പുതുക്കിയ വില.

മാര്‍ച്ച് ഒന്നിന് 25 രൂപ കൂട്ടിയ ശേഷം പിന്നീട് തുടര്‍ച്ചയായി ഇതു രണ്ടാം മാസമാണ് വിലയില്‍ കുറവുണ്ടാകുന്നത്. രണ്ടു തവണയായി 50 രൂപയാണ് കുറച്ചത്. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍.പി.ജി വില പരിഷ്‌കരിക്കുന്നത്. ക്രൂഡോയില്‍ വിലയ്ക്ക് ആനുപാതികമായിട്ടാണ് എല്‍.പി.ജി വിലയിലും മാറ്റം വരുന്നത്.

അതേസമയം, ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഹോട്ടല്‍ ഭക്ഷണങ്ങളുടെ അടക്കം വിലയില്‍ വലിയ കുറവുണ്ടാകാന്‍ പുതിയ നിരക്കുമാറ്റത്തിന് സാധിക്കില്ല. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍.പി.ജി വിലകുറച്ചാല്‍ മാത്രമേ സാധാരണ ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യൂ.
Related Articles
Next Story
Videos
Share it