
രാജ്യത്ത് എല്‍.പി.ജി വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് (ഒക്ടോബര്‍ 1) നിലവില്‍ വരുന്ന വിലവര്‍ധനവില്‍ വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് 48.50 രൂപയാണ് ഉയര്‍ത്തിയത്. എന്നാല്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
പുതിയ നിരക്കനുസരിച്ച് 19 കിലോഗ്രാം സിലിണ്ടറിന് 1,740 രൂപ നല്‍കണം. മുമ്പ് ഇത് 1,691.50 രൂപയായിരുന്നു. ജൂലൈ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30 രൂപ കുറച്ചിരുന്നു. ഇതിനുശേഷം ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് വിലകൂടുന്നത്. എല്ലാ മാസവും ഒന്നാം തിയതി വില പുതുക്കുന്നതാണ് രീതി.
വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടുന്നത് ബാധിക്കുക ഹോട്ടല്‍, കേറ്ററിംഗ് യൂണിറ്റുകളെയാണ്. ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടാന്‍ സിലിണ്ടര്‍ വിലയിലെ വര്‍ധന കാരണമാകും. ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ പാമോയില്‍, സൂര്യകാന്തി എണ്ണ, വെളിച്ചെണ്ണ എന്നിവയുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിനൊപ്പം സിലിണ്ടര്‍ വിലയും കൂടിയത് ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയാകും.
Read DhanamOnline in English
Subscribe to Dhanam Magazine