ഭിന്നശേഷിയുള്ളവര്‍ക്ക് ധനസഹായം: തന്റെ കാലശേഷവും ഒരു കോടി രൂപ വീതം ലഭ്യമാക്കുമെന്ന് എം.എ യൂസഫലി

ഭിന്നശേഷിയുള്ള ആയിരത്തോളം കുട്ടികളെ ഏറ്റെടുക്കാന്‍ കാസര്‍കോട് ആരംഭിക്കുന്ന പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കാസര്‍കോട് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്റെ ആര്‍ട് സെന്റെറിലെത്തിയപ്പോഴാണ് അദ്ദേഹം തുക നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്.

ഒരു കോടി രൂപ വീതം

എല്ലാവര്‍ഷവും ഡിഫറന്റെ ആര്‍ട് സെന്റെറിന് ഒരു കോടി രൂപ വീതം നല്‍കുമെന്നും തന്റെ കാലശേഷവും ഈ തുക എല്ലാവര്‍ഷവും ഇവരുടെ കയ്യിലെത്തുമെന്നും എം.എ യൂസഫലി പറഞ്ഞു. സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മജീഷ്യനുമായ ഗോപിനാഥ് മുതുകാടിന് വേദിയില്‍ വെച്ച് തന്നെ എം.എ യൂസഫലി ഒന്നരകോടി രൂപയുടെ ചെക്ക് കൈമാറി.

കാസര്‍കോട് ആയിരത്തോളം ഭിന്നശേഷി കുട്ടികളെ ഏറ്റെടുക്കുന്ന ഈ പദ്ധതിയാക്കായി സ്ഥലം നിലവിലുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായൊരു ആശുപത്രിയും ഹൈടെക് തെറാപ്പി യൂണിറ്റുമൊക്കെയായിട്ട് 83 കോടി രൂപയുടെ പദ്ധതിയാണ് ഗോപിനാഥ് മുതുകാട് മുന്നോട്ട് വയ്ക്കുന്നത്. സെന്ററിന്റെ ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എം.എ യൂസഫലി പൂര്‍ണ്ണ പിന്തുണയും അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്‌പോര്‍ട്‌സ് സെന്റര്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it