

സമീപഭാവിയില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. എ.എന്‍.ഐ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. 5 ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നത്തിനൊപ്പം ചേരുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മാദാബാദില്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ് തങ്ങള്‍. വിശാഖപട്ടണത്തും പുതിയ പ്രോജക്ടിന്റെ നിര്‍മാണം വൈകില്ല. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാള്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. തങ്ങളെ സംബന്ധിച്ച് നാഗ്പൂര്‍ പ്രോജക്ടിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സവിശേഷ ശ്രദ്ധ ഈ പ്രോജക്ടിന് കൊടുക്കുന്നുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
വിശാഖപട്ടണത്ത് സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് വഴിയൊരുക്കിയത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇടപെടലാണെന്ന് യൂസഫലി അനുസ്മരിച്ചു. ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിശാഖപട്ടണം മാള്‍ പദ്ധതിക്ക് കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ വന്നതോടെയാണ് പദ്ധതിക്ക് ജീവന്‍ വച്ചത്.
2019ല്‍ ടി.ഡി.പി സര്‍ക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് മാള്‍, വിശാഖപട്ടണത്ത് ആഡംബര ഹോട്ടല്‍ എന്നിവ സ്ഥാപിക്കാനുള്ള 2,200 കോടിയുടെ പദ്ധതികള്‍ ലുലു ഗ്രൂപ്പ് ആന്ധ്രയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തിലെത്തിയ ജഗ്‌മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലെത്തിയ സര്‍ക്കാര്‍ വിശാഖപട്ടണത്ത് ടി.ഡി.പി സര്‍ക്കാര്‍ അനുവദിച്ച 13.8 ഏക്കര്‍ രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കിയിരുന്നു.
മഹാരാഷ്ട്രയില്‍ വലിയ നിക്ഷേപങ്ങള്‍ക്ക് ലുലുഗ്രൂപ്പ് നേരത്തെ തന്നെ താല്പര്യം അറിയിച്ചിരുന്നു. നാഗ്പൂരില്‍ അത്യാധുനിക ഹൈപ്പര്‍ മാര്‍ക്കറ്റിന് പുറമേ സംസ്ഥാനത്ത് ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക് രംഗത്തും ലുലുഗ്രൂപ്പ് നിക്ഷേപം നടത്തും. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും യൂസഫലിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine