Begin typing your search above and press return to search.
ഉന്നം ടയര്‍-3 സിറ്റികള്‍, ആദ്യ വര്‍ഷം 55 ലക്ഷം സന്ദര്‍ശകരെ ലക്ഷ്യം, മൂന്നുവര്‍ഷത്തിനിടെ 10,000 കോടി നിക്ഷേപം; ലുലുഗ്രൂപ്പിന്റെ പദ്ധതികള്‍ വ്യത്യസ്തം
മൂന്നു വര്‍ഷത്തിനിടെ 10,000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലുഗ്രൂപ്പ് മുന്നോട്ടു പോകുന്നത്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇടത്തരം നഗരങ്ങളിലേക്ക് മിനി മാളുകളുമായി കമ്പനി കടന്നു വരുന്നത്.
രാജ്യത്ത് മാളുകളിലും ഹോട്ടല്‍ പ്രൊജക്ടുകളിലും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളിലുമായി ഇതുവരെ 20,000 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയതായി അടുത്തിടെ എം.എ യൂസഫലി വ്യക്തമാക്കിയിരുന്നു. മൊത്തം തൊഴിലവസരങ്ങള്‍ 50,000ത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് യൂസഫലി പറയുന്നത്.
കോട്ടയം മാള്‍ അടുത്തമാസം
കോട്ടയം മണിപ്പുഴയിലെ മാള്‍ ഡിസംബറില്‍ തുറക്കും. ക്രിസ്മസിന് മുമ്പ് തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് വിവരം. മധ്യകേരളത്തിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കോട്ടയം മാള്‍ അണിഞ്ഞൊരുങ്ങുന്നത്. രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്രയടിയിലാണ് അക്ഷരനഗരിയില്‍ ലുലുവിന്റെ പ്രൊജക്ട് അണിഞ്ഞൊരുങ്ങുന്നത്.
ഒരേ സമയം 500 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ് ഫുഡ് കോര്‍ട്ട്. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യമുള്ളതിനാല്‍ 1,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. താഴത്തെ നിലയിലാകും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. രണ്ടാമത്തെ നിലയില്‍ ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയ്ക്കൊപ്പം മക്ഡൊണാള്‍സ്, കെ.എഫ്.സി, ലൂയി ഫിലിപ്പ്, കോസ്റ്റ കോഫീ, അമൂല്‍ തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകളും ഉണ്ടാകും.
കോട്ടയത്തെ മാളില്‍ ആദ്യ വര്‍ഷം 55 ലക്ഷം സന്ദര്‍ശകരെയാണ് ലക്ഷ്യമിടുന്നതെന്ന് ലുലുഗ്രൂപ്പ് അധികൃതരെ ഉദ്ധരിച്ച് ഇന്ത്യ റീട്ടെയ്‌ലിംഗ്‌ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ ചെറുകിട നഗരങ്ങളില്‍ കൂടുതല്‍ മിനി മാളുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യവും ലുലുഗ്രൂപ്പിനുണ്ട്. കഴിഞ്ഞ വര്‍ഷം പാലക്കാടും സെപ്റ്റംബറില്‍ കോഴിക്കോടും സമാന രീതിയിലുള്ള പ്രൊജക്ടുകള്‍ ലുലുഗ്രൂപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
ജമ്മു കാശ്മീരിലും ഉത്തര്‍ പ്രദേശിലും പഴം, പച്ചക്കറി എന്നിവ ശേഖരിച്ച് കയറ്റുമതി ചെയ്യുന്നതിനുള്ള എക്സ്പോര്‍ട്ട് ഹബ്ബുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. ഈ കേന്ദ്രം പ്രാദേശിക കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിക്കാന്‍ ഈ പ്രൊജക്ടിന് സാധിക്കും.
Next Story
Videos