

ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ലുലുഗ്രൂപ്പിനും എം.എ യൂസഫലിക്കും വലിയ പരിഗണനയാണ് ലഭിക്കുന്നത്. ഉത്തര്‍പ്രദേശ് മുതല്‍ ജമ്മു കശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങള്‍ ലുലുവിനായി എല്ലാവിധ സഹായങ്ങളും നല്‍കി സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ലുലുവിന്റെ കൈയൊപ്പ് പതിക്കുന്ന പദ്ധതികള്‍ ഉണ്ടാകുമെന്ന് അടുത്തിടെ എം.എ യൂസഫലി തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു പദ്ധതി കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. അതും ആറ് വര്‍ഷം മുമ്പ് അപമാനിതനായി പോകേണ്ടി വന്ന സംസ്ഥാനത്തു നിന്നും. ആന്ധ്രപ്രദേശിലാണ് ലുലുഗ്രൂപ്പിന്റെ പുതിയ മാള്‍ വരുന്നത്. ഒന്നല്ല, മൂന്നു മാള്‍ പ്രോജക്ടുകളാണ് ഒരേസമയം വരുന്നത്. രാഷ്ട്രീയ ചേരിപ്പോര് മൂലം വര്‍ഷങ്ങള്‍ക്കു മുമ്പേ നടക്കേണ്ടിയിരുന്ന വിശാഖപട്ടണം മാളിനൊപ്പമാണ് മറ്റ് പദ്ധതികളും വരുന്നത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ ചന്ദ്രബാബു നായിഡു നേരിട്ടാണ് യൂസഫലിയെ ക്ഷണിക്കുന്നത്. ലുലുഗ്രൂപ്പിന്റെ ഉന്നതസംഘം കഴിഞ്ഞ മാസം ആന്ധ്രയിലെത്തി ചര്‍ച്ചകളും നടത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിനുശേഷം നായിഡുവാണ് ലുലുഗ്രൂപ്പിന്റെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. വിശാഖപട്ടണത്തിനു പുറമേ അമരാവതി, തിരുപ്പതി എന്നിവിടങ്ങളിലും ലുലുവിന്റെ മാളുകള്‍ വരും. വിശാഖപട്ടണത്ത് സ്ഥലം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
2019ല്‍ ടി.ഡി.പി സര്‍ക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിംഗ് മാള്‍, വിശാഖപട്ടണത്ത് ആഡംബര ഹോട്ടല്‍ എന്നിവ സ്ഥാപിക്കാനുള്ള 2,200 കോടിയുടെ പദ്ധതികള്‍ ലുലു ഗ്രൂപ്പ് ആന്ധ്രയില്‍ പ്രഖ്യാപിച്ചിരുന്നു. വിശാഖപട്ടണത്ത് ടി.ഡി.പി സര്‍ക്കാര്‍ അനുവദിച്ച 13.8 ഏക്കര്‍ രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കിയിരുന്നു.
ചന്ദ്രബാബു നായിഡു കൊണ്ടുവന്ന പദ്ധതികളെ കണ്ണുമടച്ച് എതിര്‍ക്കുകയെന്നതായിരുന്നു ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ രീതി. 2014-19 കാലഘട്ടത്തില്‍ നായിഡു സ്വപ്‌നപദ്ധതിയായ അവതരിപ്പിച്ച അമരാവതി തലസ്ഥാന പദ്ധതിക്കൊപ്പം ലുലുവിന്റെ ആന്ധ്രയിലെ മോഹവും കരിഞ്ഞു. വിശാഖപട്ടണത്ത് ലുലുവിന്റെ അതിവിപുലമായ മാള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിരുന്നു.
സ്ഥല കൈമാറ്റത്തില്‍ ചട്ടം ലംഘനമുണ്ടെന്ന് ആരോപിച്ച് 2019ല്‍ ജഗന്‍ സര്‍ക്കാര്‍ പദ്ധതിക്ക് ഇടംകോലിട്ടു. കിട്ടിയ അവസരം മുതലാക്കിയ തെലങ്കാനയിലെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ ലുലുവിനെ ഹൈദരാബാദിലേക്ക് എത്തിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് പൂര്‍ത്തിയാകേണ്ട പദ്ധതിയിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വിശാഖപട്ടണത്ത് സൃഷ്ടിക്കപ്പെടേണ്ടതായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine