Begin typing your search above and press return to search.
വിസ്മയം തുറന്ന് ലുലു ഐ.പി.ഒ; ഇന്ത്യയില്‍ നിന്ന് അപേക്ഷിക്കാന്‍ എളുപ്പം, വിശദാംശങ്ങള്‍ ഇങ്ങനെ
മലയാളി വ്യവസായി എം.എ യൂസഫലിയുടെ കീഴിലുള്ള ലുലു റീറ്റെയ്‌ലിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ഇന്ന് ഇന്ന് തുടക്കം. ഐ.പി.ഒയിലൂടെ 25 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആകെ 258.2 കോടി ഓഹരികളാണ് ഇത്തരത്തില്‍ വില്പനയ്ക്കുള്ളത്. യോഗ്യരായ ജീവനക്കാര്‍ക്കായി ഒരു ശതമാനം ഓഹരികള്‍ മാറ്റിവച്ചിട്ടുണ്ട്. ബാക്കിയുള്ളതില്‍ 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ളതാണ്. അവശേഷിക്കുന്ന പത്തുശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കും മാറ്റിവച്ചിട്ടുണ്ട്.
ഓഹരി വില്പനയിലൂടെ 15,120 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യമാണ് ലുലുവിനുള്ളത്. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 5,000 ദിര്‍ഹത്തിന്റെ ഓഹരി അപേക്ഷ നല്‍കാന്‍ സാധിക്കും. ഇന്ത്യന്‍ രൂപയില്‍ 1.14 ലക്ഷം രൂപയ്ക്കടുത്ത്. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് മിനിമം 1,000 ഓഹരികളാകും ലഭിക്കുക. യോഗ്യരായ ജീവനക്കാര്‍ക്ക് 2,000 ഓഹരികളും.
ഇന്ത്യയില്‍ നിന്ന് എങ്ങനെ വാങ്ങാം?
നിക്ഷേപകരായ മലയാളികളെ സംബന്ധിച്ച് ഏറ്റവും വലിയ ചോദ്യമാണിത്. ലുലുവിന്റെ ഓഹരികള്‍ കേരളത്തിലിരുന്ന് വേണമെങ്കിലും വാങ്ങാമെന്നാണ് ഉത്തരം. ഇതിനു ചില കാര്യങ്ങള്‍ ചെയ്തിരിക്കണം. ഇതിനായി അബുദാബി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എ.ഡി.എക്‌സ്) നിന്നുള്ള നാഷണല്‍ ഇന്‍വെസ്റ്റര്‍ നമ്പര്‍ (എന്‍.ഐ.എന്‍) നിര്‍ബന്ധമാണ്. ഇന്ത്യയിലെ ഡിമാറ്റ് അക്കൗണ്ട് പോലെ തന്നെയാണ് എന്‍.ഐ.എന്‍. ഇതിനൊപ്പം ഒന്നുകില്‍ യു.എ.ഇയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്.
എന്‍.ഐ.എന്‍ എങ്ങനെ ലഭിക്കും
യു.എ.ഇയില്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നിര്‍ബന്ധമായതിനാല്‍ എന്‍.ഐ.എന്‍ എടുക്കുന്നത് നഷ്ടമാകില്ല. എ.ഡി.എക്‌സിന്റെ അബുദാബി, അല്‍ ഐന്‍, ഷാര്‍ജ എന്നിവിടങ്ങളിലെ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളില്‍ നിന്ന് ഇത് സ്വന്തമാക്കാം. ബ്രോക്കറേജ് സ്ഥാപനങ്ങള്‍, എ.ഡി.എക്‌സിന്റെ സമി (sahmi) മൊബൈല്‍ ആപ്പ് വഴിയും എന്‍.ഐ.എന്‍ സ്വന്തമാക്കാം.
ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശികള്‍ക്ക് നാഷണല്‍ ഐഡി കാര്‍ഡും പാസ്‌പോര്‍ട്ടും ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ടും ഉണ്ടെങ്കില്‍ എന്‍.ഐ.എന്‍ ലഭിക്കും. ബാങ്ക് അക്കൗണ്ട് സ്വന്തം പേരിലുള്ളതാകണം, ജോയിന്റ് അക്കൗണ്ട് ആയിരിക്കരുത്. കൈ.വൈ.സി രേഖകള്‍ക്കൊപ്പം നിശ്ചിത ഫീസും നല്‍കി അപേക്ഷിക്കാം.
യു.എ.ഇയിലെ വലിയ ഐ.പി.ഒ
ലുലു റീട്ടെയ്‌ലിന്റെ ഐ.പി.ഒയ്ക്ക് സവിശേഷതകളേറെയാണ്. യു.എ.ഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയാകും ഇത്. എന്‍.എം.ഡി.സിയുടെ 87.7 കോടി ഡോളറിന്റെ നേട്ടമാകും മറികടക്കുക. മറ്റ് കമ്പനികളുടെ ഓഹരികള്‍ കൈവശമുള്ളവര്‍ ഇത് വിറ്റ് ലുലുവിന്റെ ഐ.പി.ഒയ്ക്കായി കാത്തിരിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
1974ല്‍ ആരംഭിച്ച ലുലുവിന് യു.എ.ഇയില്‍ മാത്രം 103 സ്‌റ്റോറുകളാണുള്ളത്. യു.എ.ഇയില്‍ ഓണ്‍ലൈന്‍ വിതരണത്തില്‍ ആമസോണുമായി ലുലുവിന് കരാറുണ്ട്. അബുദാബി സര്‍ക്കാരിന് കീഴിലുള്ള നിക്ഷേപക സ്ഥാപനമായ എ.ഡി.ക്യു (ADQ) 100 കോടി ഡോളര്‍ നിക്ഷേപിച്ച് ലുലുവിന്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. 2020ലായിരുന്നു ഇത്. നികുതിക്കുശേഷമുള്ള ലാഭത്തിന്റെ 75 ശതമാനം തുക ലാഭവിഹിതമായി നല്‍കാന്‍ പദ്ധതിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതും ലുലു ഐ.പി.ഒയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.
Next Story
Videos