വിട, എം.ടി ...

മലയാളത്തിന്റെ അക്ഷര നക്ഷത്രം, എം.ടി എന്ന രണ്ടക്ഷരം ഇനി ദീപ്തമായ ഓര്‍മ്മ. മനുഷ്യ മനസിന്റെ ഭാവതീവ്രതകളെ അനശ്വര കഥാപാത്രങ്ങളിലൂടെ വായനയുടെ വിശ്വലോകത്തിന് സമ്മാനിച്ച എം.ടി.വാസുദേവന്‍ നായര്‍ അന്തരിച്ചു. വിട വാങ്ങിയത് എഴുത്തിൻ്റെ കുലപതി.

ഇന്നലെ രാത്രി 10 മണിക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

പല പതിറ്റാണ്ടുകൾ മലയാള സാഹിത്യ രംഗത്ത് സജീവമായി നിന്ന എം.ടി, നോവലിസ്റ്റ്, തിരക്കഥാ കൃത്ത്, ചലച്ചിത്ര സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തി. 1933 ജൂലൈ 15 ന് പാലക്കാട് ജില്ലയിലെ (അന്നത്തെ പൊന്നാനി താലൂക്ക്) കൂടല്ലൂരില്‍ ജനനം. സ്‌കൂള്‍ പഠനകാലത്ത് ചെറുകഥാ മല്‍സരത്തില്‍ സമ്മാനം നേടി തുടക്കം. പാതിരാവും പകല്‍ വെളിച്ചവും ആദ്യ നോവല്‍. 1958 ല്‍ പ്രസിദ്ധീകരിച്ച നാലുകെട്ട് മലയാള സാഹിത്യത്തില്‍ പുതുതരംഗമായി, സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 1968 മുതല്‍ 99 വരെ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.

അനശ്വര കഥാപാത്രങ്ങള്‍

ജീവിതഗന്ധിയായ നോവലുകളിലൂടെ അനശ്വര കഥാപാത്രങ്ങളെയാണ് എം.ടി സൃഷ്ടിച്ചത്. കൂടല്ലൂര്‍ എന്ന ഗ്രാമത്തിലെ സൂക്ഷ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ വിളക്കിചേര്‍ത്ത് നാലുകെട്ട് എന്ന നോവലിലൂടെ മനുഷ്യജീവിതത്തിന്റെ ആകുലതകളെയും സംഘര്‍ഷങ്ങളെയും വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കാലം, അസുരവിത്ത്, വിപാലയാത്ര, മഞ്ഞ്,രണ്ടാമൂഴം, വാരാണസി തുടങ്ങി ഒട്ടേറെ കരുത്തുറ്റ, വിഖ്യാത നോവലുകളാണ് ആ തൂലികയില്‍ നിന്ന് പുറത്ത് വന്നത്.

പ്രതിഭയുടെ വെള്ളിത്തിരയിളക്കം

ചലചിത്ര രംഗത്തും എം.ടിയുടെ പ്രതിഭയുടെ തിളക്കം കണ്ടവരാണ് മലയാളികള്‍. സ്വന്തം നോലവുകളെ മികച്ച തിരക്കഥയുടെ കരുത്തോടെ അദ്ദേഹം അഭ്രപാളികളിലെത്തിച്ചു. മുറപ്പെണ്ണ് എന്ന സിനിമക്ക് തിരക്കഥയെഴുതിയാണ് കടന്നു വന്നത്. പിന്നീട് നിര്‍മാല്യം (1973), ബന്ധനം (1978),മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഒരു വടക്കന്‍ വീരഗാഥ ഉള്‍പ്പടെയുള്ള ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.

അംഗീകാരങ്ങളുടെ നിറവ്

ജ്ഞാനപീഠം ഉള്‍പ്പടെ സുപ്രധാനമായ ഒട്ടേറെ പുരസ്‌കാരങ്ങളാണ് എം.ടിയെ തേടിയെത്തിയത്. 2005 ലാണ് ജ്ഞാനപീഠം അദ്ദേഹത്തിന് ലഭിക്കുന്നത്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്ത് വര്‍ക്കി അവാര്‍ഡ്, പദ്മരാജൻ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ. കോഴിക്കോട്, മഹാത്മ ഗാന്ധി സര്‍വ്വകലാശാലകള്‍ ഡിലിറ്റ് നല്‍കി ആദരിച്ചു. തിരൂരിലെ തുഞ്ചന്‍പറമ്പ് ട്രസ്റ്റിന്റെ ചെയര്‍മാനാണ് എം.ടി വാസുദേവന്‍ നായര്‍.

Related Articles
Next Story
Videos
Share it