സര്‍ക്കാര്‍ നയം കാറ്റില്‍പ്പറത്തി നോക്കുകൂലി സമരം സംരംഭകന്റെ വീട്ടുപടിക്കലേക്ക്

കേരളത്തെ ബിസിനസ് സൗഹൃദമാക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വേഗം പകരുമ്പോഴും തിരിച്ചടിയായി നോക്കുകൂലി സമരങ്ങള്‍. തൊഴില്‍ നിഷേധമെന്ന പേരില്‍ കണ്ണൂര്‍ മാടായിയിലെ ശീപോര്‍ക്കലി സ്റ്റീലിന് മുന്നില്‍ 155 ദിവസത്തോളമായി തുടരുന്ന നോക്കുകൂലി സമരം സംരംഭകന്റെ വീട്ടുപടിക്കലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തൊഴിലാളി യൂണിയന്‍. ഇതുസംബന്ധിച്ച തീരുമാനം ചുമട്ടുതൊഴിലാളി സംയുക്ത സമര സമിതി യോഗം കഴിഞ്ഞദിവസം കൈക്കൊണ്ടിരുന്നു. വയനാട് കല്‍പ്പറ്റയില്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നിലെ സമരം ചര്‍ച്ചയാകുന്നതിനിടെയാണ് മാടായിയില്‍ ലാലുവിന്റെ ഉടമസ്ഥതയിലുള്ള ശീപോര്‍ക്കലി സ്റ്റീലിന് മുന്നിലുള്ള സമരം സംരംഭകന്റെ വീട്ടുപടിക്കലേക്കും വ്യാപിപ്പിക്കാനുള്ള നീക്കവുമായി യൂണിയന്‍ തൊഴിലാളികള്‍ മുന്നോട്ടുപോകുന്നത്. ഈ മാസം 18ന് രാവിലെ പത്തിന് ലാലുവിന്റെ വെള്ളൂരിലുള്ള വീട്ടുപടിക്കലേക്ക് മാര്‍ച്ച് നടത്താനാണ് തൊഴിലാളി യൂണിയന്റെ തീരുമാനം.

ജനുവരി 23 നാണ് 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് ലാലു മാടായിയില്‍ ശ്രീപോര്‍ക്കലി സ്റ്റീല്‍ കട പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടത്തെ കയറ്റിറക്കിനായി ലേബര്‍ കാര്‍ഡുള്ള മൂന്ന് തൊഴിലാളികളെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തൊഴില്‍ നിഷേധം ആരോപിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് പോലീസ് പ്രൊട്ടക്ഷന്‍ നേടുകയും ചെയ്തു. എങ്കിലും മാടായിയിലെ ലാലുവിന്റെ കടയ്ക്ക് മുന്നിലുള്ള സമരം ഇന്നും തുടരുകയാണ്.
ലാലുവിന്റെ ഉടമസ്ഥതയില്‍ മൊത്തം ആറ് സ്റ്റീല്‍ കടകളാണുള്ളത്. ഇതില്‍ മൂന്നെണ്ണം മാടായി, മാതമംഗലം, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ്. ബാക്കിയുള്ളവ കാസര്‍കോട് ജില്ലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ മാടായിയിലെ കടയില്‍ മാത്രമാണ് ലേബര്‍ കാര്‍ഡുള്ള തൊഴിലാളികളെ ലാലു നിയമിച്ചിട്ടുള്ളത്. മറ്റ് കടകളില്‍ യൂണിയന്‍ തൊഴിലാളികള്‍ തന്നെയാണ് കയറ്റിറക്ക് നടത്തുന്നത്. എന്നാല്‍ മാടായിയിലെ സമരത്തിന് പരിഹാരമായില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ മാതമംഗലും പയ്യന്നൂരിലും തൊഴിലാളികള്‍ ജോലി ചെയ്യേണ്ടതില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ലാലു ധനത്തോട് പറഞ്ഞു.
''മറ്റ് കടകളിലെ ജോലികള്‍ യൂണിയന്‍ തൊഴിലാളികള്‍ ഒഴിവാക്കുമ്പോള്‍ സ്വന്തം തൊഴിലാളികളെ നിയമിക്കേണ്ടി വരും. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിലവില്‍ മാടായിയില്‍ മറ്റ് സ്റ്റീല്‍ കടകളുണ്ട്. ഇവിടത്തെ കയറ്റിറക്ക് ജോലികള്‍ യൂണിയന്‍ തൊഴിലാളികളല്ല ചെയ്യുന്നത്. സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റിറക്ക് കൈ മുറിയുമെന്നൊക്കെ പറഞ്ഞ് യൂണിയന്‍ തൊഴിലാളികള്‍ ഒഴിവാക്കുകയാണ്. എന്നിട്ടും മാടായിയിലെ ശ്രീപോര്‍ക്കലിന് സ്റ്റീലിന് മുന്നില്‍ സമരം നടത്തുന്നത് പ്രതികാര നടപടിയാണ്'' ലാലു പറയുന്നു.
155 ദിവസത്തോളമായി തുടരുന്ന സമരം കാരണം ഭീമമായ നഷ്ടമാണ് ലാലുവിനുണ്ടായിട്ടുള്ളത്. ഇത് തൊഴിലാളി യൂണിയനില്‍നിന്ന് തന്നെ ഈടാക്കാന്‍ നിയമപരമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ''155 ദിവസത്തിലധികമായി സമരം തുടരുന്നു. ഇതിന്റെ ഫലമായി ഭീമമായ നഷ്ടമാണ് നേരിടേണ്ടി വന്നത്. തികച്ചും കോടതി ഉത്തരവോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ എനിക്ക് വന്ന നഷ്ടം തൊഴിലാളി യൂണിയനില്‍നിന്നും ബോര്‍ഡില്‍നിന്നും തിരിച്ചുവാങ്ങുന്നതിന് നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനം'' ലാലു പറഞ്ഞു.



Related Articles
Next Story
Videos
Share it