നിര്‍മാണചെലവ് ₹45 കോടി, കളക്ഷന്‍ ₹ 60,000, ആദ്യദിനം വിറ്റത് വെറും 293 ടിക്കറ്റ്; ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ദുരന്തം

ഇന്ത്യന്‍ വിനോദ വ്യവസായം ഇന്ന് കോടികളുടേതാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും വെബ്‌സീരിയസുകളും വന്നെങ്കിലും വിനോദ വ്യവസായത്തില്‍ ആധിപത്യം സിനിമയ്ക്കു തന്നെയാണ്. ഇന്ത്യയില്‍ സിനിമയ്ക്കായി ഏറ്റവും കൂടുതല്‍ ബജറ്റുണ്ടായിരുന്ന ബോളിവുഡ് ചിത്രങ്ങള്‍ക്കായിരുന്നു. എന്നാലിപ്പോള്‍ തെലുഗു, കന്നഡ ഉള്‍പ്പെടെയുള്ള ഭാഷകളിലെ ചിത്രങ്ങള്‍ വലിയ ബജറ്റിലെത്തി കോടികളാണ് വാരുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പഴയ പ്രതാപം ഇല്ലതാനും.

ഇന്ത്യന്‍ സിനിമലോകം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ദുരന്തമായി മാറിയത് ഒരു ബോളിവുഡ് ചിത്രമാണ്. അജയ് ബഹല്‍ സംവിധാനം ചെയ്ത 'ദ ലേഡി കില്ലര്‍' എന്ന ചിത്രമാണ് ദുരന്തമായി മാറിയത്. 2023ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തില്‍ അര്‍ജുന്‍ കപൂര്‍ ഭൂമി പെഡനേക്കര്‍ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.

ക്രൈം ത്രില്ലര്‍ വിഭാഗത്തിലെത്തിയ ചിത്രം നിര്‍മാതാവിനെ അക്ഷരാര്‍ത്ഥത്തില്‍ പെടുത്തി കളഞ്ഞു. രണ്ടുവര്‍ഷത്തോളം എടുത്തു ഷൂട്ട് ചെയ്ത ചിത്രത്തിനായി നിര്‍മാതാവിന്റെ പോക്കറ്റില്‍ നിന്നിറങ്ങിയത് 45 കോടി രൂപയാണ്. നിരവധി തവണ റീഷൂട്ട് നടത്തിയ ചിത്രം 2023 നവംബറിലാണ് തീയറ്ററിലെത്തിയത്. എന്നാല്‍ ആദ്യ ദിവസം വിറ്റുപോയത് വെറും 293 ടിക്കറ്റുകള്‍ മാത്രമാണ്. ആകെ ടിക്കറ്റ് വരുമാനം 60,000 രൂപ മാത്രവും.

തിരിച്ചടിയായത് ക്ലൈമാക്‌സ്

ബോക്‌സ്ഓഫീസില്‍ ദുരന്തമായി മാറിയെങ്കിലും ചിത്രം വലിയ ചര്‍ച്ചാവിഷമായി മാറി. അപൂര്‍ണമായ ക്ലൈമാക്‌സുമായിട്ടാണ് ചിത്രം റിലീസ് ചെയ്തതെന്ന് സംവിധായകന്‍ അജയ് ബഹല്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഈ പ്രസ്താവന പിന്നീട് തിരുത്തിയെങ്കിലും അതില്‍ സത്യമുണ്ടായിരുന്നു. ഒ.ടി.ടി റിലീസിംഗിനായി നെറ്റ്ഫ്‌ളിക്‌സുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇതുകാരണം നവംബറില്‍ തന്നെ സിനിമ റിലീസ് ചെയ്യേണ്ടി വന്നു. ആവശ്യത്തിനു തീയറ്ററുകള്‍ ലഭിക്കാതെ തിടുക്കത്തിലായിരുന്നു റിലീസിംഗ്. വേണ്ടത്ര പ്രമോഷന്‍ പോലും നല്‍കാന്‍ സാധിച്ചില്ല.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി വന്നവര്‍ പോലും പ്രമോഷനായി കാര്യമായൊന്നും ചെയ്തില്ല. തീയറ്ററില്‍ മോശം അഭിപ്രായം വന്നതോടെ ഈ ചിത്രം ഒ.ടി.ടി റിലീസിംഗ് നടത്തുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറി. ഒടുവില്‍ യുട്യൂബില്‍ സൗജന്യമായി അപ് ലോഡ് ചെയ്യേണ്ടിവന്നു. ഇവിടെയും വലിയ നെഗറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. എല്ലാത്തരത്തിലും ഒരു ദുരന്ത ചിത്രമായി ഇത് മാറി.
Related Articles
Next Story
Videos
Share it