Begin typing your search above and press return to search.
ഇന്ത്യയില്‍ നിര്‍മിക്കുന്ന സുഖോയ് വിമാനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യും: മോദി-പുടിന്‍ തന്ത്രം ഇങ്ങനെ
ഇന്ത്യയില്‍ നിര്‍മിക്കുന്ന സുഖോയ് സു30 എം.കെ.ഐ വിമാനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ റഷ്യയുമായി ധാരണയിലെത്തി. ഇരുരാജ്യങ്ങളും സംയുക്തമായി രൂപകല്‍പ്പന ചെയ്ത ബ്രഹ്‌മോസ് ദീര്‍ഘദൂര ക്രൂസ് മിസൈല്‍ ഫിലിപ്പൈന്‍സിലേക്ക് കയറ്റുമതി ചെയ്തതിന് പിന്നാലെയാണിത്. അടുത്തിടെ റഷ്യ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും റഷ്യന്‍ സുഖോയ്‌സും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇന്ത്യന്‍ വ്യോമപ്രതിരോധത്തിന്റെ നെടുന്തൂണായ സുഖോയ് വിമാനങ്ങള്‍ വര്‍ഷങ്ങളായി വ്യോമസേനയുടെ ഭാഗമാണ്. റഷ്യയുമായി കരാറിലെത്തിയ 272 സുഖോയ് വിമാനങ്ങള്‍ ഇതിനോടകം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) വ്യോമസേനയ്ക്ക് കൈമാറിയിട്ടുണ്ട്. 222 വിമാനങ്ങള്‍ എച്ച്.എ.എല്ലിന്റെ നാസിക്ക് പ്ലാന്റിലാണ് സാങ്കേതിക വിദ്യ കൈമാറ്റ പദ്ധതി ( transfer of technology -ToT) പ്രകാരം നിര്‍മിച്ചത്.
ഇതില്‍ നാല്‍പതെണ്ണം ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ ആകാശത്ത് നിന്നും തൊടുക്കാനാവുന്ന വിധത്തില്‍ ആധുനീകരിച്ചതാണ്. ബ്രഹ്‌മോസ് മിസൈലുകള്‍ ഘടിപ്പിച്ച സുഖോയ് സ്‌ക്വാഡ്രനെ 2020ല്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ എയര്‍ ബേസില്‍ നിയോഗിച്ചു. ടൈഗര്‍ ഷാര്‍ക്ക്‌സ് എന്ന ഓമനപ്പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഇന്ത്യന്‍ ഉപദ്വീപും ഇന്ത്യന്‍ മഹാസമുദ്ര മേഖലയും പൂര്‍ണമായും നിയന്ത്രണത്തിലാക്കുന്ന വിധത്തിലാണ് ഈ സ്‌ക്വാഡ്രണ്‍ന്റെ പ്രവര്‍ത്തനം.
സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം റഷ്യയെ രക്ഷിച്ച സു30
1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം സാമ്പത്തികമായി തകര്‍ന്ന റഷ്യന്‍ പ്രതിരോധ വ്യവസായത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ സഹായിച്ച കാരണങ്ങളിലൊന്ന് ഇന്ത്യയുമായുള്ള സുഖോയ് വിമാനക്കരാറായിരുന്നു. നേരത്തെ തന്നെ സോവിയറ്റ് നിര്‍മിത മിഗ് വിമാനങ്ങള്‍ ഇന്ത്യ ഉപയോഗിച്ചിരുന്നു. ഇതിനൊപ്പം വ്യോമസേനക്ക് വേണ്ടി മാറ്റങ്ങള്‍ വരുത്തിയ സുഖോയ് സു30 എം.കെ.ഐ വിമാനങ്ങളും വാങ്ങാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
ഇതിനൊപ്പം വിമാനം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യയും സ്വന്തമാക്കി. ഇന്ന് റഷ്യക്ക് സുഖോയ് വിമാനങ്ങള്‍ മറ്റൊരു രാജ്യത്തിന് വില്‍ക്കണമെങ്കില്‍ ഇന്ത്യയുടെ സമ്മതം ആവശ്യമാണ്. പല രാജ്യങ്ങളും സുഖോയ് വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇസ്രായേല്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങളുള്ള ഇന്ത്യന്‍ പതിപ്പിനൊപ്പം ഇവയൊന്നും എത്തില്ല.
Next Story
Videos