

ഹെൽമാൻ വേൾഡ് വൈഡ് ലോജിസ്റ്റിക്സ് ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സി.ഒ.ഒ) മാധവ് കുറുപ്പിനെ നിയമിച്ചു. ലോജിസ്റ്റിക്‌സ് രംഗത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡം, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മേഖലകളില്‍ പ്രധാന സാന്നിധ്യമാണ് ഹെൽമാൻ. വിമാന-സാമുദ്രിക ചരക്ക് ഗതാഗതം, കരാർ ലോജിസ്റ്റിക്സ് എന്നിവയുടെ ആഗോള ചുമതലയാണ് മാധവ് കുറുപ്പ് നിര്‍വഹിക്കുക. കൊച്ചി സ്വദേശിയാണ് അദ്ദേഹം. ലോജിസ്റ്റിക് വ്യവസായത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി കുറുപ്പ് പ്രവര്‍ത്തിക്കുന്നു.
ഹെൽമാനിലെ ആഗോള സി-സ്യൂട്ട് ചുമതലയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യ ജർമ്മൻ ഇതര വ്യക്തിയാണ് കുറുപ്പ്. യു.എ.ഇ, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, കുവൈറ്റ്, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, മഡഗാസ്കർ, ടാൻസാനിയ, സാംബിയ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കമ്പനിയാണ് ഹെൽമാൻ.
ഹെൽമാന്റെ പൈതൃകത്തെ ശക്തിപ്പെടുത്താന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കുറുപ്പ് പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളില്‍ ഇന്ത്യൻ പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം പ്രചോദനം നൽകുന്നു. കേരളത്തിലെ തന്റെ തുടക്ക കാലമാണ് ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും നേതൃ സമീപനവും രൂപപ്പെടുത്തിയതെന്നും മാധവ് കുറുപ്പ് പറഞ്ഞു.
ദുബൈ ആസ്ഥാനമായുള്ള ഹെൽമാൻ വേൾഡ് വൈഡ് ലോജിസ്റ്റിക്സ് മിഡിൽ ഈസ്റ്റിന്റെ സി.ഇ.ഒ ആയി 2008 ലാണ് കുറുപ്പ് ചേരുന്നത്. ഓട്ടോമോട്ടീവ്, ഹെൽത്ത് കെയർ, കെമിക്കൽ, ഫാഷൻ മേഖലകളിലെ തന്ത്രപരമായ സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. കൊച്ചിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ കേരള സർവകലാശാലയിൽ നിന്ന് ധനകാര്യത്തിൽ ബിരുദാനന്തര ബിരുദം നേടി.
14 രാജ്യങ്ങളിലായി 2000 ജീവനക്കാരാണ് ഹെൽമാൻ വേൾഡ് വൈഡ് ലോജിസ്റ്റിക്സിനുളളത്.
Read DhanamOnline in English
Subscribe to Dhanam Magazine