Begin typing your search above and press return to search.
മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകള്‍ മോദിയെ കുഴയ്ക്കുമോ?, അടിപതറിയാല്‍ ഡൽഹിയും ബിഹാറും കിട്ടാക്കനിയാകുമെന്നും ആശങ്ക
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. കിഴക്കെ ഇന്ത്യയിലെ ധാതു സമ്പന്നമായ പ്രദേശമാണ് ജാർഖണ്ഡ്. രണ്ടിടത്തെയും നിയമസഭകളിലേക്കുള്ള വിധിയെഴുത്ത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കുള്ള അളവുകോലായി മാറുകയാണ്.
മഹാരാഷ്ട്ര നിലവിൽ ഭരിക്കുന്നത് ശിവസേനയില്‍ നിന്ന് വഴിപിരിഞ്ഞു വന്ന ഏക്നാഥ് ഷിന്‍ഡെയാണ്. ബി.ജെ.പി യും ശിവസേന- ഷിന്‍ഡെ വിഭാഗവും എന്‍.സി.പി- അജിത്ത് പവാര്‍ വിഭാഗവും ഉള്‍പ്പെടുന്ന മഹായുതി സഖ്യവും കോണ്‍ഗ്രസും ശിവസേന- ഉദ്ധവ് താക്കറെ വിഭാഗവും എന്‍.സി.പി ശരത് പവാര്‍ വിഭാഗവും ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ജാർഖണ്ഡിലാകാട്ടെ കേന്ദ്രത്തില്‍ പ്രതിപക്ഷത്തുളള കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമാണ് ഭരണത്തിലുള്ളത്.
രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഒട്ടേറെ വലിയ റാലികളാണ് മോദി നടത്തിയിട്ടുളളത്. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ക്ക് ക്ഷീണം ഉണ്ടാകുകയാണെങ്കില്‍, അത് മോദിയുടെ ജനപ്രീതിയുടെ ബാരോമീറ്ററായി കൂടി കണക്കിലെടുക്കാം.
തിരഞ്ഞെടുപ്പ് നിർണായകം
കേന്ദ്രത്തില്‍ പ്രാദേശിക പങ്കാളികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ച് മാസങ്ങൾ പിന്നിടുമ്പോഴുളള തിരഞ്ഞെടുപ്പ് എന്ന നിലയിലും ഈ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മോദിക്ക് നിർണായകമാകുകയാണ്.
ഡൽഹി, ബിഹാർ സംസ്ഥാനങ്ങളിൽ അടുത്ത വർഷം തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ലെങ്കില്‍, അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനും ബി.ജെ.പി ക്ക് ബുദ്ധിമുട്ടുകളുണ്ടാകും.
കൽക്കരിയും ഇരുമ്പയിരും കൊണ്ട് സമ്പന്നമാണ് ജാർഖണ്ഡ്. ജെ.എം.എം നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്കും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യവും തമ്മിലാണ് ജാർഖണ്ഡിൽ പ്രധാനമായും മത്സരം നടക്കുന്നത്. ഇവിടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പി ഉന്നമിടുന്നത്. 81 അംഗ നിയമ സഭയിലേക്ക് 61 ലക്ഷം സ്ത്രീകളടക്കം 1.23 കോടി പൗരന്മാരാണ് വോട്ടു രേഖപ്പെടുത്തുന്നത്.
13.1 കോടി ജനങ്ങളാണ് മഹാരാഷ്ട്രയിലുളളത്. ഇതില്‍ ഹിന്ദുക്കള്‍ 80 ശതമാനത്തോളവും മുസ്ലീങ്ങള്‍ 11.5 ശതമാനത്തോളവുമാണ് ഉളളത്. ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ഉയര്‍ത്തുന്ന "നമ്മൾ ഒന്നിച്ചാൽ സുരക്ഷിതരാണ്" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇതിനോടകം വിവാദമായിട്ടുണ്ട്.
കോൺഗ്രസ് പ്രതീക്ഷയില്‍
കോൺഗ്രസും പ്രാദേശിക പാർട്ടികളായ ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യത്തിന് മഹാരാഷ്ട്രയിൽ ബി.ജെ.പി യെക്കാൾ മുൻതൂക്കമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് സർവേകൾ സൂചിപ്പിക്കുന്നത്. ഏപ്രില്‍- ജൂണ്‍ മാസങ്ങളിലായി നടന്ന ലോക്സഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം സംസ്ഥാനത്ത് നിന്ന് 48 ൽ 30 സീറ്റുകളാണ് വാരിയത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുളള വിലകുറവ്, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയവ മൂലം ബി.ജെ.പി യുടെ ഭരണത്തിൻ കീഴിൽ പൊതുജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുളളതായാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.
അതേസമയം, വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെയുള്ള രണ്ട് കോടി സ്ത്രീകൾക്ക് മാസം 1,500 രൂപ നൽകുന്ന പദ്ധതിയിലൂടെ കുടുംബ വോട്ടുകളെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് മഹായുതി സഖ്യം കണക്കുകൂട്ടുന്നത്. എന്നാല്‍ തങ്ങൾ വിജയിച്ചാൽ ഈ തുക ഇരട്ടിയാക്കുമെന്നും സ്ത്രീകൾക്ക് സർക്കാർ ബസിൽ യാത്ര സൗജന്യമാക്കുമെന്നും വാഗ്ദാനം ചെയ്താണ് കോൺഗ്രസ് ഇതിനെ തിരിച്ചടിക്കുന്നത്.
ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച അറിയാന്‍ സാധിക്കും.
Next Story
Videos