ടോള്‍ കൊടുക്കാതെ ഇനി മുംബൈയിലേക്ക് കടക്കാം; സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
മുംബൈ നഗരത്തിലേക്ക് കാറില്‍ പോകുന്നവര്‍ക്ക് ഇനി ടോള്‍ കൊടുക്കാതെ സഞ്ചരിക്കാം. മഹാരാഷ്ട്ര സര്‍ക്കാരിന്റേതാണ് തീരുമാനം. ചെറു വാഹനങ്ങള്‍ക്ക് (എല്‍.എം.വി) ഇനി മുതല്‍ നഗരത്തിന് പുറത്തുള്ള അഞ്ച് ടോള്‍ ബൂത്തുകളില്‍ ടോള്‍ നല്‍കാതെ പോകാം. ദഹിസര്‍, എല്‍.ബി.എസ് റോഡ്, മുളുന്ദ്, ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ, എയ്‌റോളി ക്രീക്ക് ബ്രിഡ്ജ്, വാശി എന്നിവിടങ്ങളിലെ ടോളുകളാണ് സൗജന്യമാക്കിയത്. കാര്‍, ജീപ്പ്, വാന്‍, ഓട്ടോറിക്ഷ, ടാക്‌സി, ഡെലിവറി വാനുകള്‍, ചെറിയ ട്രക്കുകള്‍ എന്നിവക്ക് ആനുകൂല്യം ലഭിക്കും. നിലവില്‍ 45-75 രൂപ വരെയാണ് വിവിധ ബൂത്തുകളിലെ ടോള്‍ നിരക്ക്.
ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് ?
ഒരു ദിവസം 6 ലക്ഷം വാഹനങ്ങള്‍ മുംബൈ നഗരത്തിന്റെ അതിര്‍ത്തികളിലൂടെ പോകുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 80 ശതമാനം ചെറു വാഹനങ്ങളാണ്. ടോള്‍ ബൂത്തുകളിലെ തിരക്ക് കാരണം സമയനഷ്ടവും ഇന്ധന നഷ്ടവുമുണ്ടാകുന്നതായി പരാതികള്‍ ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ടോള്‍ ഒഴിവാക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, അടുത്തു വരുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമാണ് ഇതെന്നാണ് സൂചനകള്‍. ദീപാവലിക്ക് മുമ്പുള്ള ഈ പ്രഖ്യാപനം ജനപിന്തുണ വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
യൂണിവേഴ്‌സിറ്റിക്ക് രത്തന്‍ ടാറ്റയുടെ പേര്
മുംബൈയിലെ മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കില്‍ യൂണിവേഴ്സിറ്റിക്ക് രത്തന്‍ ടാറ്റയുടെ പേര് നല്‍കാനും മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നിര്യാതനായ ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയോടുള്ള ആദരമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൈപുണ്യ വികസനത്തില്‍ ബിരുദ കോഴ്‌സുകള്‍ നല്‍കുന്ന യൂണിവേഴ്‌സിറ്റി 2022 ലാണ് ആരംഭിച്ചത്.