Begin typing your search above and press return to search.
കൂളായി ജയിച്ച മഹാരാഷ്ട്രയിൽ ബി.ജെ.പിക്കും മഹായുതിക്കും എന്താണ് പ്രശ്നം?
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും ബി.ജെ.പി, ഷിൻഡെ വിഭാഗം ശിവസേന, അജിത്പവാർ വിഭാഗം എൻ.സി.പി എന്നിവ ഉൾപ്പെട്ട മഹായുതി സഖ്യത്തിന് സർക്കാർ രൂപവൽക്കരിക്കാൻ എന്താണിത്ര തടസം?
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി സർക്കാർ രൂപവൽക്കരണത്തന് അവകാശവാദം ഉന്നയിച്ചിട്ടില്ല. ഗവർണർ അവരെ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിച്ചിട്ടില്ല. മുഖ്യമന്ത്രിയാരെന്ന് പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന് മിക്കവാറും ഉറപ്പായ സാഹചര്യത്തിൽ ഏകനാഥ് ഷിൻഡെ പല വിധത്തിൽ ചാഞ്ചാടുന്നു. അജിത് പവാറിന്റെ നിലപാടും വ്യക്തമല്ല. കോൺഗ്രസും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും ശരത്പവാർ നയിക്കുന്ന എൻ.സി.പിയും ഉൾപ്പെട്ട മഹാവികാസ് അഘാഡി സഖ്യത്തിന് ഭരണത്തിന് അടുത്തെത്താൻ പോയിട്ട് പ്രതിപക്ഷ നേതൃസ്ഥാനം തന്നെ ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയിൽ തന്നെയാണ് എതിർ പാളയത്തിലെ ആശയക്കുഴപ്പം.
വിട്ടുകൊടുക്കാൻ ഷിൻഡെക്ക് മനസില്ല, പക്ഷേ...
288ൽ 236 നിയമസഭ സീറ്റുകളാണ് മഹായുതി കയ്യടക്കിയത്. ഒൻപതു ദിവസം കഴിഞ്ഞിരിക്കുന്നു. പുതിയ സർക്കാറിന്റെ മുഖം രൂപപ്പെടുത്താൻ കഴിയാതെ പ്രയാസപ്പെടുകയാണ് സഖ്യം. എം.എൽ.എമാരുടെ എണ്ണത്തിൽ ഒന്നാം നമ്പർ കക്ഷിയായി മാറിയ ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്ത് ഉപമുഖ്യമന്ത്രിയാകാൻ ഏകനാഥ് ഷിൻഡെക്ക് മനസില്ല. താൻ വളരെ ചെറുതായിപ്പോകുന്ന പോലെ ഷിൻഡെക്ക് ഈ കസേര മാറ്റം സ്വാഭാവികമായും അനുഭവപ്പെടുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഷിൻഡെയെ മുഖ്യമന്ത്രിയായി വീണ്ടും വാഴിക്കാൻ ബി.ജെ.പിക്കൊട്ടു സമ്മതവുമല്ല. ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടാനും ബി.ജെ.പിക്ക് പിന്തുണ നൽകാനും തയാറാണെങ്കിലും അജിത് പവാർ ഇതിനിടയിൽ ചാഞ്ചാടുന്നു. ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ തന്നെ കഴിഞ്ഞിട്ടില്ല.
ഷിൻഡെക്ക് കീഴിൽ ഉപമുഖ്യമന്ത്രിയായി ഇത്രയും കാലം കഴിയാൻ തയാറായ ദേവേന്ദ്ര ഫട്നവിസ് തന്നെയാണ് പുതിയ മുഖ്യമന്ത്രിയാകേണ്ടതെന്ന് ബി.ജെ.പി അണികളും മഹാരാഷ്ട്ര വിജയത്തിന് പിന്നിൽ കൃത്യമായി പ്രവർത്തിച്ച ആർ.എസ്.എസും കരുതുന്നു. എന്നാൽ ഫട്നവിസ് 2019 വരെ ഭരിച്ചത് വൺ മാൻ ഷോ ആയിട്ടാണെന്ന ആക്ഷേപം നിലനിൽക്കുന്നു. ഫട്നവിസിനെ കയറൂരി വിടുകയല്ല ചെയ്യുന്നതെന്ന സന്ദേശം കൂടി ബി.ജെ.പി എടുക്കുന്ന കാലതാമസത്തിൽ നിന്ന് വായിച്ചെടുക്കാമെന്ന് കരുതുന്നവർ നിരവധി. മുന്നാക്ക വിഭാഗക്കാരനാണ് ഫട്നവിസ്, ബി.ജെ.പിയുടെ വിജയത്തിന് കാരണക്കാരായ വോട്ടർമാരിൽ നല്ല പങ്ക് ഒ.ബി.സിയാണെന്ന വിഷയവും ഒപ്പുമുണ്ട്.
ഷിൻഡെയെ ഒപ്പം കൂട്ടാതെ ബി.ജെ.പിക്ക് വയ്യ
ഉപമുഖ്യമന്ത്രിയായാൽ തനിക്ക് ആഭ്യന്തര വകുപ്പ് വിട്ടുകിട്ടണമെന്ന വിലപേശൽ ഏകനാഥ് ഷിൻഡെ നടത്തുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയായിരുന്നപ്പോഴും ബി.ജെ.പിക്ക് ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാൻ ഇതുവരെയുള്ള ഭരണത്തിൽ ഷിൻഡെ നിർബന്ധിതനായിരുന്നു. അതേസമയം, ഷിൻഡെയേയും അദ്ദേഹം നയിക്കുന്ന ശിവസേനയേയും ബി.ജെ.പിക്ക് ഒപ്പം കൂട്ടിയേ തീരൂ. അത് പ്രധാനമായും, ഉദ്ധവ് താക്കറെയുടെ ശിവസേനയെ നിലംപരിശാക്കാനുമാണ്. ഷിൻഡെക്ക് ഒടുവിൽ വഴങ്ങേണ്ടി വരുമെന്ന് തീർച്ച. മുഖ്യമന്ത്രിയാവുന്നതിനു മുമ്പ് ഏകനാഥ് ഷിൻഡെയുടെ പേര് ദേശീയ രാഷ്ട്രീയത്തിൽ എത്രപേർക്ക് അറിയുമായിരുന്നുവെന്ന ചോദ്യത്തിൽ അതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നു.
Next Story
Videos