കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്, ജാര്‍ഖണ്ഡില്‍ രണ്ടുഘട്ടം, മഹാരാഷ്ട്രയില്‍ 20ന്; വോട്ടെണ്ണല്‍ 23ന്

രാഹുല്‍ ഗാന്ധി എം.പി സ്ഥാനം രാജിവച്ച വയനാട് ലോക്‌സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 13നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്.
നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ഒരു ഘട്ടമായും ജാര്‍ഖണ്ഡില്‍ രണ്ടുഘട്ടമായിട്ടുമാണ് വോട്ടെടുപ്പ്. നവംബര്‍ 13, 20 തിയതികളിലാണ് ജാര്‍ഖണ്ഡിലെ വോട്ടെടുപ്പ്. മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് ഒറ്റഘട്ടമായും നടക്കും. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.
മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലും ജാര്‍ഖണ്ഡില്‍ 81 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ (ജെ.എം.എം) ഹേമന്ത് സോറന്‍ നയിക്കുന്ന സര്‍ക്കാരില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും പങ്കാളികളാണ്.

ആകാംക്ഷയില്‍ കേരളം

മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചെത്തുന്നതോടെ രാഷ്ട്രീയ കേരളം ഈ മണ്ഡലങ്ങളിലേക്ക് ഒതുങ്ങും. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാന്‍ രാജിവച്ച പാലക്കാടാണ് ഇത്തവണ കടുത്ത മല്‍സരം നടക്കുന്നത്. ബി.ജെ.പിക്കും എല്‍.ഡി.എഫിനും സ്വാധീനമുള്ള മണ്ഡലമാണിത്. എം.എല്‍.എയായിരുന്ന കെ. രാധാകൃഷ്ണന്‍ രാജിവച്ചതിനാലാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണിത്.
Related Articles
Next Story
Videos
Share it