Begin typing your search above and press return to search.
മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന്; കേരളവും തെരഞ്ഞെടുപ്പ് ചൂടിലേക്ക്
ഹരിയാന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനു പിന്നാലെ മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പു തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞ് 3.30നാണ് തെരഞ്ഞെടുപ്പു തീയതികള്‍ തെരഞ്ഞെടുപ്പു കമീഷന്‍ പ്രഖ്യാപിക്കുക. രാഹുല്‍ ഗാന്ധി രാജി വെച്ച ഒഴിവില്‍ വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് ഇതിനൊപ്പം പ്രഖ്യാപിച്ചേക്കും. കെ. രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ എം.പിമാരായ സാഹചര്യത്തില്‍ ചേലക്കര, പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
നവംബര്‍ 26നാണ് മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മഹായുതി സര്‍ക്കാറാണ് അധികാരത്തില്‍. ബി.ജെ.പി, ഏകനാഥ് ഷിന്‍ഡെ വിഭാഗം ശിവസേന, അജിത്പവാര്‍ പക്ഷം എന്‍.സി.പി എന്നിവയാണ് ഭരണമുന്നണിയിലെ സഖ്യകക്ഷികള്‍. 288 സീറ്റാണ് മഹാരാഷ്ട്ര നിയമസഭയില്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയ ബി.ജെ.പിക്കും ഘടക കക്ഷികള്‍ക്കും വാണിജ്യ തലസ്ഥാനം ഉള്‍പ്പെടുന്ന പ്രമുഖ സംസ്ഥാനത്തെ വിധിയെഴുത്ത് ഏറെ നിര്‍ണായകം. പ്രതിപക്ഷ മുന്നണിക്കും ഈ തെരഞ്ഞെടുപ്പ് അഭിമാന പ്രശ്‌നം. മഹാവികാസ് അഘാഡി സഖ്യത്തില്‍ ശിവസേന-ഉദ്ധവ് താക്കറെ വിഭാഗം, എന്‍.സി.പി-ശരദ് പവാര്‍ വിഭാഗം, കോണ്‍ഗ്രസ് എന്നിവയാണ് ഉള്ളത്. മഹാവികാസ് അഘാഡി സഖ്യത്തില്‍ പിളര്‍പ്പുണ്ടാക്കിയാണ് ഇടക്കാലത്ത് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തില്‍ വന്നത്.
ഝാര്‍ഖണ്ഡില്‍ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് ജനുവരി അഞ്ചിനാണ്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച-കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാറിനെ ഹേമന്ത് സോറന്‍ നയിക്കുന്നു. 81 സീറ്റാണ് ഝാര്‍ഖണ്ഡ് നിയമസഭയില്‍. ബി.ജെ.പി, ജെ.ഡി.യു, ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവ ഉള്‍പ്പെട്ട സഖ്യത്തെയാണ് ഭരണ മുന്നണി നേരിടുന്നത്.
ഭരണ, പ്രതിപക്ഷ മുന്നണികള്‍ക്ക് നിര്‍ണായകം
ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഹരിയാനയില്‍ മൂന്നാം വട്ടം അധികാരം നിലനിര്‍ത്താന്‍ സാധിച്ചതിന്റെ സന്തോഷത്തോടെയാണ് ബി.ജെ.പി പുതിയ തെരഞ്ഞെടുപ്പു കളത്തിലേക്ക് ഇറങ്ങുന്നത്. അതേസമയം, പ്രത്യേക സംസ്ഥാന പദവി ഇല്ലാതാക്കി രണ്ടായി വിഭജിച്ച ശേഷം ജമ്മുകശ്മീരില്‍ ആദ്യമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ്. മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തൊട്ടുപിറ്റേന്ന് ഹരിയാന മുഖ്യമന്ത്രിയായി ബി.ജെ.പിയിലെ നായബ് സിങ് സെയ്‌നി സത്യപ്രതിജ്ഞ ചെയ്യുന്നു.
Next Story
Videos