പതിനായിരങ്ങളുടെ പങ്കാളിത്തം: കണ്ണൂരില്‍ നടക്കുന്ന ഗ്രാന്‍ഡ് മലബാര്‍ എക്‌സ്‌പോ കൊടിയിറങ്ങുന്നു

കണ്ണൂര്‍ പോലീസ് മൈതാനത്ത് നടക്കുന്ന എക്‌സ്‌പോയില്‍ വന്‍ ഓഫറുകള്‍
പതിനായിരങ്ങളുടെ പങ്കാളിത്തം: കണ്ണൂരില്‍ നടക്കുന്ന ഗ്രാന്‍ഡ്  മലബാര്‍ എക്‌സ്‌പോ കൊടിയിറങ്ങുന്നു
Published on

ബി.എന്‍.ഐയുടെ കണ്ണൂര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഗ്രാന്റ് മലബാര്‍ എക്സ്പോ 2023' ഇന്ന് അവസാനിക്കും. നവംബര്‍ 24ന് കൊടികയറിയ എക്‌സ്‌പോയിലേക്ക് പതിനായിരങ്ങളാണ് എത്തിയത്. കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ രാത്രി 10 വരെയാണ് എക്സ്പോ നടക്കുന്നത്. മലബാറിലെ വിവിധ ബിസിനസ് മേഖലകളിലുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ എക്‌സ്‌പോ ബി.എന്‍.ഐ കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് റീജ്യണ്‍ ഇ.ഡിയായ ഡോ.എ.എം ഷറീഫ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

നവംബര്‍ 24ന് വൈകിട്ട് 4ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ.വി. ശിവദാസന്‍ എം.പി, എം.പി സന്തോഷ് എന്നിവർ സംസാരിച്ചു. തുടര്‍ന്ന് ഗായിക അഞ്ജു ജോസഫിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ ഇവന്റ് നടന്നു.

വിരുന്നൊരുക്കി എക്‌സ്‌പോ

മലബാറില്‍ നിന്നു മാത്രമല്ല കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്  എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ജനങ്ങളെത്തിയതായി സംഘാടകര്‍ പറയുന്നു. കെട്ടിട നിര്‍മാണത്തിനും ഇന്റീരിയര്‍ ഡിസൈനിംഗിലും ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുള്‍പ്പെടെ വിവിധ മേഖലകളിലെ ഉല്‍പ്പന്ന സേവന പ്രദര്‍ശന വേദിയായി ഈ എക്‌സ്‌പോ. ഫര്‍ണിച്ചര്‍, ഹോം അപ്ലയന്‍സ്, വാട്ടര്‍ പംപ്സ്, എയര്‍ കണ്ടീഷണേഴ്സ്, സോളാര്‍ എക്യുപ്മെന്റ്സ് തുടങ്ങിവിവിധ ഉല്‍പ്പന്നങ്ങള്‍ കാണാനും ഓഫറില്‍ വാങ്ങാനും അവസരമൊരുക്കിയിട്ടുണ്ട്. ഇവ കൂടാതെ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്, റിയല്‍ എസ്റ്റേറ്റ്, എബ്രോഡ് എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി തുടങ്ങി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പ്രദര്‍ശനത്തിലുണ്ട്. വൈവിധ്യമായ ഫുഡ് കോര്‍ട്ട്, കിഡ്സ് പ്ലേ ഏരിയ തുടങ്ങിയവയുമുണ്ട്. പ്രവേശനം സൗജന്യമാണ്.

പുരസ്‌കാര രാവ് 

നവംബര്‍ 25ന് വൈകിട്ട് നടന്ന ബി.എന്‍.ഐ അവാര്‍ഡ്‌സ് ചടങ്ങ് നടന്‍ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ ഡോ.ഹസ്സന്‍ കുഞ്ഞി, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും കോളേജ് ഓഫ് കൊമേഴ്‌സ് ഡയറക്റ്ററുമായ ഡോ. അനില്‍ കുമാര്‍, ഫലപ്രദമായ മാലിന്യ സംസ്‌കരണത്തിലൂടെ ശ്രദ്ധേയമായ സംരംഭം 'നെല്ലിക്ക'യുടെ സാരഥികളായ ഫഹദ്, വിജില്‍ എന്നിവരും വിവിധ അവാർഡുകൾ ഏറ്റുവാങ്ങി. 

പിന്നീട് പരിപാടിയുടെ സ്‌പോണ്‍സര്‍മാരെ ആദരിക്കലും കലാപരിപാടികളും വേദിയില്‍ അരങ്ങേറി. 8,000ത്തോളം പേരുടെ പങ്കാളിത്തമാണ് അവാര്‍ഡ് നിശയെ ശ്രദ്ധേയമാക്കിയത്. എക്‌സ്‌പോ ഇന്ന് വൈകിട്ട് സമാപിക്കും. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com