

ഇന്ത്യന്‍ ജുവലറി രംഗത്തെ വമ്പന്മാരായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മാതൃകമ്പനിയായ മലബാര്‍ ഗ്രൂപ്പ് ഇന്‍ഡോര്‍ ഗെയിമിംഗ് ബിസിനസില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു. പ്ലേയാസ എന്ന പേരിലുള്ള എന്റര്‍ടെയ്ന്‍മെന്റ് വിഭാഗം ഈ സാമ്പത്തികവര്‍ഷം 42 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിച്ചു.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പ്ലേയാസയുടെ രണ്ട് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്ലേയാസ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) നിയാസ് അഹമ്മദ് ധനംഓണ്‍ലൈനോട് പറഞ്ഞു.
മലബാര്‍ ഗ്രൂപ്പിന്റെ പുതിയ ഇന്‍ഡോര്‍ ഗെയിമിംഗ് സെന്റര്‍ വരുന്നത് കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളിലും മറ്റൊന്ന് തൃശൂര്‍ ഹൈലൈറ്റ് മാളിലുമാണ്. ഈ വര്‍ഷം ഡിസംബറില്‍ കൊച്ചിയിലെ പ്ലേയാസ പ്രവര്‍ത്തനസജ്ജമാകും. 2025 മാര്‍ച്ചോടെ തൃശൂരിലെ ഫണ്‍പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. നിലവില്‍ തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പ്ലേയാസ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ളതാണ് ഇവിടത്തെ ഫണ്‍ ഏരിയ.
മാളുകള്‍ കേന്ദ്രീകരിച്ച് ഇന്‍ഡോര്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് രീതിയിലുള്ള സെന്ററുകളുമായി ലുലുഗ്രൂപ്പും സജീവമാണ്. കൊച്ചി ലുലുവില്‍ ഉള്‍പ്പെടെ ഫണ്‍ടൂറ എന്ന പേരില്‍ കുട്ടികളെ ആകര്‍ഷിക്കാനുള്ള വിനോദ കേന്ദ്രങ്ങളുണ്ട്. ലുലുവിന്റെ തിരുവനന്തപുരം, ബംഗളൂരു, ലക്‌നൗ, ഹൈദരാബാദ് മാളുകളിലും ഫണ്‍ടൂറ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഡോര്‍ അമ്യൂസ്‌മെന്റ് രംഗത്തെ വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് മലബാര്‍ ഗ്രൂപ്പും കൂടൂതല്‍ നിക്ഷേപത്തിന് ഒരുങ്ങുന്നത്.
പുതിയ രണ്ട് ഔട്ട്‌ലെറ്റുകള്‍ വരുന്നതോടെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ പ്ലേയാസയ്ക്കാകുമെന്ന് നിയാസ് അഹമ്മദ് പറഞ്ഞു. അമ്യൂസ്‌മെന്റ് റൈഡ്‌സ്, വീഡിയോ ഗെയിംസ്, കഡിസ് റൈഡ്‌സ്, സോഫ്ട് പ്ലേ ഏരിയ, വിര്‍ച്വല്‍ റിയാലിറ്റി ഗെയിംസ് എന്നിവയടങ്ങുന്നതാണ് പുതിയ സെന്ററുകള്‍. 20,000 മുതല്‍ 25,000 വരെ ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഈ ഫണ്‍പാര്‍ക്കുകള്‍ ഒരുങ്ങുന്നത്. നിലവില്‍ തിരുവനന്തപുരത്തും കോഴിക്കോടും പ്ലേയാസ സെന്ററുകളുണ്ട്.
അടുത്ത സാമ്പത്തികവര്‍ഷം ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പ്ലേയാസ ഒരുങ്ങുന്നത്. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായി 60 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്.
കോഴിക്കോട് ആസ്ഥാനമായുള്ള മലബാര്‍ ഗ്രൂപ്പ് 13 രാജ്യങ്ങളിലായി 360 സ്റ്റോറുകളുള്ള ലോകത്തെ ആറാമത്തെ വലിയ ജുവലറി ശൃംഖലയാണ്. ജുവലറി, റീട്ടെയ്ല്‍, എന്റര്‍ടെയ്ന്‍മെന്റ്, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലയിലടക്കം 52,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയാണ് മലബാര്‍ ഗ്രൂപ്പ്.
Read DhanamOnline in English
Subscribe to Dhanam Magazine