Begin typing your search above and press return to search.
പാക്കറ്റിലെ പൊറോട്ടയ്ക്ക് വില കൂടും, കുറഞ്ഞ ജി.എസ്.ടി ഈടാക്കാനുള്ള വിധിക്ക് സ്‌റ്റേ
പാക്കറ്റുകളിലാക്കിയ പാതി വേവിച്ച പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) ചുമത്താനുള്ള സിംഗിള്‍ ബഞ്ചിന്റെ തീരുമാനം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സംസ്ഥാന സര്‍ക്കാരും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവരുടെ ഉത്തരവ്. വിഷയത്തില്‍ പൊറോട്ട ഉത്പാദകര്‍, കേന്ദ്ര സര്‍ക്കാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി) എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേട്ട ശേഷം തീരുമാനമെടുക്കാനാണ് കോടതിയുടെ നീക്കം. ജൂലൈ 17ന് കേസ് വീണ്ടും പരിഗണിക്കും.
അഞ്ച് മതിയെന്ന് സിംഗിള്‍ ബെഞ്ച്
കഴിഞ്ഞ ഏപ്രിലിലാണ് പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കൊച്ചിയിലെ മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ് കോടതിയെ സമീപിച്ചത്. കമ്പനി പുറത്തിറക്കുന്ന ക്ലാസിക്ക് മലബാര്‍ പൊറോട്ട, ഹോള്‍വീറ്റ് മലബാര്‍ പൊറോട്ട എന്നിവക്ക് 18 ശതമാനം നികുതി ചുമത്തിയത് കോടതിയില്‍ ചോദ്യം ചെയ്തു. ധാന്യപ്പൊടി കൊണ്ട് നിര്‍മിക്കുന്ന പൊറോട്ടയെ ബ്രെഡിന്റെ ശ്രേണിയില്‍ പെടുത്തണമെന്നും അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇതംഗീകരിച്ച ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ സിംഗിള്‍ ബെഞ്ച് അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തണമെന്ന് ഉത്തരവിടുകയായിരുന്നു.
Next Story
Videos