കളിക്കളം നിറയാന്‍ മലപ്പുറം എഫ്.സി വരുന്നു; അമരം പിടിക്കാന്‍ വ്യവസായികള്‍

ഫുട്ബാള്‍ താരങ്ങളുടെയും ആരാധകരുടെയും ഈറ്റില്ലമായ മലപ്പുറം ജില്ലയില്‍ പിറവിയെടുക്കുന്ന പുതിയ പ്രൊഫഷണല്‍ ക്ലബ്ബ്- മലപ്പുറം എഫ്.സി, അടുത്ത മാസത്തോടെ സജീവമാകും. മികച്ച താരനിരയെയും പരിശീലകരെയും രംഗത്തിറക്കുന്ന ക്ലബ്ബ് വലിയ നിക്ഷേപമാണ് ഈ രംഗത്ത് ഇറക്കാനിരിക്കുന്നത്. പ്രമുഖ പ്രവാസി വ്യവസായി എം.എ യുസഫലി അടുത്ത മാസം ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇതിനകം തന്നെ ക്ലബ്ബ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. വരാനിരിക്കുന്ന കേരള സൂപ്പര്‍ ലീഗ് ഫുട്ബാളില്‍ കരുത്തു കാട്ടുകയാണ് മലപ്പുറം എഫ്.സിയുടെ ആദ്യലക്ഷ്യം. കേരള ബ്ലാസ്റ്റേഴ്‌സിനോടും ഗോകുലം എഫ്.സിയോടുമെല്ലാം കിടപിടക്കുന്ന ടീമാണ് ഒരുക്കുന്നത്.

അമരത്ത് പ്രമുഖ വ്യവസായികള്‍

ഏതാണ്ട് മുപ്പത് കോടി മൂല്യമുള്ള ക്ലബ്ബാണ് ഉടലെടുക്കുന്നത്. വ്യവസായ രംഗത്ത് പ്രശസ്തരായ ഒട്ടേറെ പേര്‍ മലപ്പുറം എഫ്.സിയില്‍ നിക്ഷേപകരായി എത്തുന്നുണ്ട്. അജ്മല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും മാനേജിംഗ് ഡരക്ടറുമായ അജ്മൽ ബിസ്മി, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡിയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റുമായ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര, കെ.ആര്‍.ബേക്കേഴ്സ് ഉടമ കെ.ആര്‍.ബാലന്‍, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയരക്ടര്‍ ആഷ്ഖ് കൈനിക്കര തുടങ്ങി കേരളത്തിലും വിദേശത്തും വാണിജ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നവരാണ് ചുക്കാന്‍ പിടിക്കുന്നത്.

കരുത്തനായ ഇംഗ്ലീഷ് പരിശീലകന്‍

ഇംഗ്ലണ്ട് ടീമിന്റെ മുന്‍ താരം ജോണ്‍ ചാള്‍സ് ഗ്രിഗറിയെ മുഖ്യപരിശീലകനായി രംഗത്തിറക്കി മലപ്പുറം എഫ്.സി തുടക്കത്തില്‍ തന്നെ കേരളത്തിലെ ഇതര ക്ലബ്ബുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയെ കീരീടമണിയിച്ച ഗ്രിഗറി ടീമിന്റെ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ചെന്നൈയിന്‍ എഫ്.സിയുടെ മുന്‍ ടെക്‌നിക്കല്‍ പരിശീലകനും റിസര്‍വ് ടീം പരിശീലകനുമായ തിരുവനന്തപുരം സ്വദേശി ക്ലയോഫസ് അലക്‌സ് ആണ് സഹപരിശീലകന്‍. മികച്ച വിദേശ താരങ്ങളെയും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്. നിരവധി കേരള താരങ്ങള്‍ക്കും അവസരം ലഭിക്കും.

സ്വന്തം സ്റ്റേഡിയം

തുടക്കത്തില്‍ തന്നെ സ്വന്തം സ്റ്റേഡിയം നിര്‍മ്മിക്കാനാണ് ക്ലബ്ബ് മാനേജ്‌മെന്റിന്റെ പദ്ധതി. ഇതിനായി മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയിലുള്ള വാഴക്കാട് 15 ഏക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. മഞ്ചേരിയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള പയ്യനാട് സ്റ്റേഡിയമാകും ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. കാലിക്കറ്റ് യുണിവേഴ്സിറ്റി സ്റ്റേഡിയത്തിലാകും പരിശീലനം. കരുത്തുറ്റ ടീമിനെ ഒരുക്കുന്നതിനൊപ്പം സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കാനും മലപ്പുറം എഫ്.സിക്ക് പദ്ധതിയുണ്ട്.

Related Articles
Next Story
Videos
Share it