സന്തോഷ് ട്രോഫി കാണാന്‍ പോയ അനുഭവം പങ്കുവെച്ച് എം.എ.യൂസഫലി

ബിസിനസുകാരും ഫുട്ബാളും തമ്മിലെന്ത് ബന്ധമെന്ന് ചോദിക്കരുത്. ഫുട്ബാള്‍ ഉള്‍പ്പടെയുള്ള കായിക ഇനങ്ങള്‍ പുതിയ ബിസിനസായി രൂപപ്പെടുന്ന കാലത്ത് ഈ മേഖലയിലേക്ക് വ്യവസായ പ്രമുഖരുടെ ശ്രദ്ധ കൂടുതല്‍ പതിയുകയാണ്. മലപ്പുറത്ത് പുതിയ പ്രൊഫഷണല്‍ ക്ലബ്ബായ മലപ്പുറം ഫുട്ബാള്‍ ക്ലബ്ബിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഏറ്റവും ധനികനായ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി തന്റെ കൗമാരകാലത്തെ ഓര്‍മ്മകളിലേക്ക് തിരിച്ചു പോയി. കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി ഫുട്ബാള്‍ കാണാന്‍ പോയ ഓര്‍മ്മകളാണ് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ തടിച്ചു കൂടിയ ഫുട്ബാള്‍ ആരാധകരോട് പങ്കുവെച്ചത്. ചെറുപ്പത്തില്‍ താനും ഫുട്ബാള്‍ കളിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും സന്തോഷ് ട്രോഫി കാണാന്‍ പോയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഫുട്ബാള്‍ ഓര്‍മ്മയെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബാളിന്റെ ഈറ്റില്ലമാണ് മലപ്പുറം. കേരളത്തിലെ ജനകീയ കായിക ഇനമായി ഫുട്ബാള്‍ മാറിയിരിക്കുന്നു. ഒട്ടേറെ മികച്ച താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും എം.എ.യുസഫലി പറഞ്ഞു. പുതിയ ക്ലബ്ബിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ച അദ്ദേഹം, കേരള സൂപ്പര്‍ ലീഗില്‍ ജേതാക്കളായാല്‍ മലപ്പുറം ഫുട്ബാള്‍ ക്ലബ്ബിലെ താരങ്ങള്‍ക്ക് പ്രത്യേക സമ്മാനങ്ങളും വാഗ്ദാനം ചെയ്തു.

മുതല്‍ മുടക്കാന്‍ പ്രമുഖ വ്യവസായികള്‍

ഏതാണ്ട് 30 കോടി രൂപ മുടക്കിയാണ് മലപ്പുറം എഫ്.സി, പ്രൊഫഷണല്‍ ക്ലബ്ബ് ഫുട്ബാള്‍ രംഗത്തേക്ക് വരുന്നത്. വ്യവസായ രംഗത്ത് പ്രശസ്തമായ അജ്മല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ അജ്മല്‍ ബിസ്മി, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡിയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റുമായ ഡോ.അന്‍വര്‍ അമീന്‍ ചേലാട്ട്, സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര, കെ.ആര്‍ ബേക്കേഴ്‌സ് ഉടമ കെ.ആര്‍.ബാലന്‍, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ എ.പി.ഷംസുദ്ദീന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയരക്ടര്‍ ആഷിഖ് കൈനിക്കര തുടങ്ങിയവരാണ് പ്രധാന നിക്ഷേപകര്‍.

ഇംഗ്ലണ്ട് ടീമിന്റെ മുന്‍ താരവും ചെന്നൈയിന്‍ എഫ്.സിയുടെ മുന്‍ പരിശീലകനുമായ ജോണ്‍ ചാള്‍സ് ഗ്രിഗറിയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ചെന്നൈയിന്‍ എഫ്.സിയുടെ ടെക്നിക്കല്‍ പരിശീലകനായിരുന്ന തിരുവനന്തപുരം സ്വദേശി ക്ലയോഫസ് അലക്‌സ് ആണ് സഹപരിശീലകന്‍. വിദേശ താരങ്ങളുടക്കം മികച്ച താരനിരയാണ് മലപ്പുറം എഫ്.സിക്കുള്ളത്.

Related Articles

Next Story

Videos

Share it