സൗന്ദര്യത്തിന്റെ പേരില്‍ വിഷവ്യാപാരം; സോഷ്യല്‍ മീഡിയയിലെ ക്രീം ബിസിനസ് എങ്ങനെ വളരുന്നു?

ഇന്‍സ്റ്റന്റ് ഫെയര്‍നെസിന് വലിയ വില നല്‍കേണ്ടിവരും; മുന്നറിയിപ്പായി മലപ്പുറത്തെ 17-കാരിയുടെ അനുഭവം
സൗന്ദര്യത്തിന്റെ പേരില്‍ വിഷവ്യാപാരം; സോഷ്യല്‍ മീഡിയയിലെ ക്രീം ബിസിനസ് എങ്ങനെ വളരുന്നു?
Published on: 

ഒരു ഇന്‍സ്റ്റഗ്രാം വീഡിയോ, ഒരു വാട്‌സാപ്പ് നമ്പര്‍. അവിടെയാണ് മലപ്പുറത്തെ 17 വയസുകാരിയുടെ കഥ തുടങ്ങിയത്. മുഖക്കുരുവും ഡാര്‍ക്ക് സ്‌പോട്ടും മാറ്റുമെന്ന വാഗ്ദാനത്തില്‍ ക്രീം വാങ്ങി. ഫലിക്കുന്നുണ്ടെന്ന് തോന്നിയപ്പോള്‍ ഒരു വര്‍ഷത്തോളം ഉപയോഗിച്ചു, കൂടുതല്‍ ബോട്ടിലുകളും വരുത്തി.

പിന്നാലെ കാലില്‍ നീരും ബോധക്ഷയവും ഉണ്ടായി. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ രക്തത്തില്‍ മെര്‍ക്കുറി അപകടകരമായി കൂടിയതായി കണ്ടെത്തി. 'മെംബ്രേനസ് നെഫ്രോപ്പതി' എന്ന ഗുരുതര വൃക്കരോഗവും സ്ഥിരീകരിച്ചു. ക്രീം പരിശോധിച്ചപ്പോള്‍ മെര്‍ക്കുറി 12,500 ppm. അനുവദനീയ പരിധി ഒരു ppm-ല്‍ താഴെയാണ്.

ലൈസന്‍സും ടെസ്റ്റിംഗും ഇല്ലാത്തതിനാല്‍ ക്രീം ഉല്‍പ്പാദനച്ചെലവ് കുറവാണ്. കടയോ ബില്ലോ വേണ്ട, ഒരു വാട്‌സാപ്പ് നമ്പര്‍ മതി. പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്തവുമില്ല. ഇവിടെ കമ്പനി പിന്നീട് മറുപടി നല്‍കിയില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. ലാഭം വില്‍പ്പനക്കാരന്, നഷ്ടം മുഴുവന്‍ വാങ്ങിയവര്‍ക്ക്.

ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍, പൊലീസ് മേധാവി തുടങ്ങിയവരോട് റിപ്പോര്‍ട്ട് തേടി. ആരോഗ്യമന്ത്രി 'ഓപ്പറേഷന്‍ സൗന്ദര്യ' പരിശോധന ശക്തമാക്കാന്‍ നിര്‍ദേശിച്ചു. ഈ വര്‍ഷം മാത്രം 9.64 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്ന ഇന്‍ഫ്‌ളൂവന്‍സര്‍മാരും അന്വേഷണ പരിധിയിലാണ്. തെറ്റിധരിപ്പിക്കുന്ന പരസ്യത്തിന് 10 ലക്ഷം രൂപ വരെ പിഴ ചുമത്താമെന്ന് CCPA മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപ വരെ പിഴ കടുക്കും.

ഇവിടെ യഥാര്‍ഥത്തില്‍ വില്‍ക്കപ്പെടുന്നത് ക്രീമല്ല, അരക്ഷിതത്വമാണ്. പിമ്പിള്‍, ഡാര്‍ക്ക് സ്‌പോട്ട്, പിഗ്മെന്റേഷന്‍. ഇതൊക്കെ 'പോരായ്മ'കളാണെന്നും ഇത് മാറ്റിയാലേ ഭംഗിയും ആത്മവിശ്വാസവും കിട്ടൂ എന്നും ആണ് പരസ്യങ്ങള്‍ പറയാതെ പറയുന്നത്. ടീനേജര്‍മാരാണ് ഏറ്റവും എളുപ്പത്തില്‍ വീഴുന്ന ഉപഭോക്താക്കള്‍. 'ഇന്‍സ്റ്റന്റ് റിസള്‍ട്ട്' എന്ന വാഗ്ദാനത്തില്‍ ഇന്‍ഫ്‌ളൂവന്‍സറുടെ മുഖം കൂടി ചേരുമ്പോള്‍ വിശ്വാസ്യതയും കൂടുന്നു.

വന്‍കിട കമ്പനികള്‍ പോലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'ഫെയര്‍' എന്ന വാക്ക് ബ്രാന്‍ഡ് പേരില്‍ നിന്ന് മാറ്റേണ്ടി വന്നത് ഈ വിമര്‍ശനം കൊണ്ടാണ്. പക്ഷേ ലൈസന്‍സില്ലാത്ത ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല.

എന്താണ് പ്രതിവിധി

'ഇന്‍സ്റ്റന്റ് ഫെയര്‍നെസ്' വാഗ്ദാനം കണ്ടാല്‍ സംശയിക്കുക. ലേബലില്‍ നിര്‍മാതാവിന്റെ വിവരവും ലൈസന്‍സും ഉണ്ടോ എന്ന് നോക്കുക. ബില്ലോടെ, വിശ്വസനീയ വില്‍പ്പനക്കാരില്‍ നിന്ന് മാത്രം വാങ്ങുക. ചര്‍മപ്രശ്‌നങ്ങള്‍ക്ക് ഡെര്‍മറ്റോളജിസ്റ്റിനെ കാണുക.

സംശയമുള്ള ഉല്‍പ്പന്നം ഡ്രഗ്‌സ് കണ്‍ട്രോള്‍ ടോള്‍ഫ്രീ നമ്പറായ 1800-425-3182-ല്‍ അറിയിക്കാം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ്‌ലൈന്‍ 1915-ലും പരാതിപ്പെടാം.

ഓര്‍ക്കുക: ബില്ലും ലൈസന്‍സും ഇല്ലാത്ത ഒരു ഉല്‍പ്പന്നത്തില്‍ കുറഞ്ഞ വില ലാഭമല്ല. അതില്‍ ഉത്തരവാദിത്തം ആര്‍ക്കുമില്ല എന്നതാണ് ഏറ്റവും വലിയ അപകടം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```