
മലയാള സിനിമയ്ക്ക് സമീപകാല പ്രതിസന്ധിയില്‍ നിന്നൊരു ഉയിര്‍ത്തെണീല്‍പ്പായി 2025 മാറുന്നു. ഈ വര്‍ഷത്തെ ആദ്യ അഞ്ചു മാസത്തിനിടെ 70ലേറെ ചിത്രങ്ങള്‍ റിലീസ് ചെയ്‌തെങ്കിലും വിജയം നേടിയ ചിത്രങ്ങളുടെ എണ്ണം കുറഞ്ഞ നിലയില്‍ തന്നെയാണ്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പേരെ തീയറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കുടുംബങ്ങളെ തീയറ്ററിലേക്ക് എത്തിക്കാന്‍ സാധിച്ച മോഹന്‍ലാല്‍ തന്നെയാണ് വര്‍ഷത്തിലെ ആദ്യ പകുതിയുടെ താരം. എംപുരാന്‍, തുടരും എന്നീ ചിത്രങ്ങളിലൂടെ 500 കോടിയിലധികം കളക്ഷന്‍ നേടാനും ലാല്‍ ചിത്രങ്ങള്‍ക്ക് സാധിച്ചു. പ്രതീക്ഷിച്ച നേട്ടം കൊയ്യാതിരുന്ന എംപുരാന് പിന്നാലെയെത്തിയ തരുണ്‍ മൂര്‍ത്തി ചിത്രത്തിന് കരുത്തായത് കുടുംബ പ്രേക്ഷകരാണ്.
ഒ.ടി.ടി റിലീസിംഗിനു ശേഷവും തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്നു. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ലോംഗ് റണ്ണില്‍ ചിത്രത്തിന് ഗുണം ചെയ്തത്. എംപുരാന് സാധിക്കാതെ വന്നതും ഇതേ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കാത്തതാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ചേര്‍ത്ത് 1,000 കോടി രൂപയിലധികം തീയറ്ററില്‍ നിന്ന് കളക്ട് ചെയ്തിട്ടുണ്ട്. ഇതും റെക്കോഡാണ്.
സിനിമകളുടെ ബജറ്റ് കൈവിട്ട രീതിയില്‍ മുന്നോട്ടു പോയത് മലയാള സിനിമ വ്യവസായത്തിന്റെ നിലനില്‍പ്പിന് തന്നെ തിരിച്ചടിയായിരുന്നു. സിനിമ സംഘടനകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കുന്നത് സാമ്പത്തിക അച്ചടക്കത്തിന് കാരണമായിട്ടുണ്ട്. താരങ്ങളുടെ സഹകരണമില്ലായ്മ മൂലം സിനിമകള്‍ വൈകിയാല്‍ പിന്തുണയുണ്ടാകില്ലെന്ന താരസംഘടനയായ 'അമ്മ'യുടെ നിലപാടും നിര്‍ണായകമായി.
കോവിഡിനുശേഷം തീരെ ചെറിയ ചിത്രങ്ങളുടെ ബജറ്റ് പോലും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ ഒ.ടി.ടി വരുമാനം അടക്കം ഇടിയുകയും ചെയ്തു. ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്തതോടെ നിര്‍മാതാക്കളുടെ ഒഴുക്കും കുറഞ്ഞിരുന്നു. അടുത്ത കാലത്ത് നിര്‍മാതാക്കളുടെ സംഘടന ചിത്രങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതും ഇന്‍ഡസ്ട്രിക്ക് ഗുണകരമായെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
കോവിഡ് കാലത്ത് മലയാള സിനിമയെ പിടിച്ചു നിര്‍ത്തിയത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായിരുന്നു. അക്കാലത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പറയുന്ന വിലയ്ക്ക് എടുത്തിരുന്നു. ഒ.ടി.ടിക്കു വേണ്ടി മാത്രം സിനിമ നിര്‍മിക്കുന്ന അവസ്ഥയിലേക്കു പോലും കാര്യങ്ങള്‍ മാറി. എന്നാല്‍ പിന്നീട് ഇതേ പ്ലാറ്റ്‌ഫോമുകള്‍ മലയാള ചിത്രങ്ങളോട് അകലം പാലിക്കുന്നതാണ് കണ്ടത്.
2023-24 വര്‍ഷങ്ങളില്‍ തീയറ്ററിലെത്തിയ 100ലേറെ ചിത്രങ്ങളാണ് ഒ.ടി.ടിക്കാര്‍ക്ക് വേണ്ടാതെ പെട്ടിയിലിരിക്കുന്നത്. നിസാര തുകയ്ക്ക് നല്കാമെന്ന് പറഞ്ഞിട്ടു പോലും ഒ.ടി.ടി കമ്പനികള്‍ താല്പര്യം കാണിക്കാത്ത ചിത്രങ്ങളുമുണ്ട്. ഒരു മെഗാസ്റ്റാറിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സും വിറ്റുപോയിട്ടില്ല.
തീയറ്ററില്‍ വിജയിച്ചതോ അല്ലെങ്കില്‍ ഒ.ടി.ടിയില്‍ ഓടുമെന്ന് ഉറപ്പുള്ളതോ ആയ ചിത്രങ്ങളാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വാങ്ങാന്‍ താല്പര്യം കാണിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ പോലെ ചുരുക്കം ചിലരുടെ ചിത്രങ്ങളാണ് ഇതിനൊരു അപവാദം. സൂപ്പര്‍താരങ്ങളുടെ ചില ചിത്രങ്ങളൊഴികെ ബാക്കിയെല്ലാം വരുമാനം പങ്കുവയ്ക്കുന്ന രീതിയാണ് പിന്തുടരുന്നത്.
1. തുടരും
2. എംപുരാന്‍
3. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി
4. രേഖാചിത്രം
5. ആലപ്പുഴ ജിംഖാന
Read DhanamOnline in English
Subscribe to Dhanam Magazine