

ഓവര്‍സീസ് വരുമാനം സിനിമകളുടെ പുതിയ വരുമാന മാര്‍ഗമായി മാറുന്നു. ഈ വര്‍ഷം മാത്രം വിദേശ തീയറ്ററുകളില്‍ നിന്ന് 100 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലോക: ചാപ്റ്റര്‍ 1-ചന്ദ്ര. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോള്‍ വിദേശ മാര്‍ക്കറ്റില്‍ നിന്ന് 109 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
മലയാളികളുടെ കുടിയേറ്റം വര്‍ധിച്ചതാണ് മലയാള സിനിമയ്ക്ക് വിദേശ മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ വരുമാനം നേടിത്തരുന്നത്. വിദേശത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ന്നതാണ്.
ഇന്ത്യയില്‍ തീയറ്ററില്‍ പോയി കാണുന്നവരേക്കാള്‍ കൂടുതല്‍ പണം നേടാന്‍ സാധിക്കുന്നത് ഇതുവഴിയാണ്. മലയാള സിനിമ വിദേശ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കുന്നതിന് കാരണവും ഇതാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ എംപുരാനും വിദേശത്ത് 100 കോടി രൂപയ്ക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു.
നിറഞ്ഞ സദസിന് മുന്നിലാണ് കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലോക പ്രദര്‍ശനം തുടരുന്നത്. 19 ദിവസം കൊണ്ട് ചിത്രം 250 കോടി ക്ലബില്‍ ഇടംപിടിച്ചു. ഇടദിവസങ്ങളില്‍ പോലും ചിത്രത്തിന് മികച്ച കളക്ഷന്‍ നേടാന്‍ സാധിക്കുന്നുണ്ട്. മറ്റ് വലിയ ചിത്രങ്ങള്‍ തീയറ്ററിലില്ലാത്തതും ലോകയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. ഫാമിലി ഓഡിയന്‍സിനെ ആകര്‍ഷിക്കാന്‍ സാധിച്ചതാണ് ലോകയുടെ കളക്ഷന്‍ കുതിച്ചു കയറാന്‍ ഇടയാക്കിയത്.
റിലീസ് ചെയ്ത് വെറും 7 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടംപിടിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രത്തിന് സാധിച്ചിരുന്നു.
മലയാള ചിത്രങ്ങള്‍ വിദേശത്ത് കാണുന്നവരുടെ എണ്ണം കേരളത്തിലെ അപേക്ഷിച്ച് തീരെ കുറവാണ്. എന്നാല്‍ ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന് 2,000 രൂപ വരെ ലഭിച്ച യൂറോപ്പിലെ തീയറ്ററുകളുണ്ട്. വിനിമയ നിരക്കിലെ ഈ വ്യത്യാസം തന്നെയാണ് മലയാള സിനിമയ്ക്ക് ഗുണകരമാകുന്നത്. കേരളത്തില്‍ ഒരു ടിക്കറ്റിന് ശരാശരി 180-200 രൂപയാണെങ്കില്‍ ഗള്‍ഫിലിത് 800 രൂപയ്ക്കടുത്താണ്. മറ്റ് വിദേശ രാജ്യങ്ങളിലും ഉയര്‍ന്ന തുകയാണ് ലഭിക്കുക.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറത്ത് യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ കാര്യമായ രീതിയില്‍ മലയാള സിനിമയ്ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇവിടങ്ങളില്‍ മലയാളികളുടെ എണ്ണം വര്‍ധിച്ചതാണ് കാരണം. കാനഡയും അമേരിക്കയും മലയാള സിനിമയുടെ പ്രധാന മാര്‍ക്കറ്റായി മാറിയിട്ടുണ്ട്. തീയറ്ററുകളില്‍ സ്‌ക്രീനിംഗ് ഡിജിറ്റലായതോടെയാണ് ഈ രീതിയിലുള്ള വരുമാനം കൂടുതലായി ലഭിച്ചു തുടങ്ങിയത്.
മുമ്പ് യു.എ.ഇയിലെ തീയറ്ററുകളിലെ പ്രദര്‍ശനത്തിനായിരുന്നു ഓവര്‍സീസ് റൈറ്റ്‌സ് നല്കിയിരുന്നത്. ബാക്കിയെല്ലാം റെസ്റ്റ് ഓഫ് ദ് വേള്‍ഡ് എന്ന പേരിലായിരുന്നു നല്കിയിരുന്നത്. ഈ രീതികള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. യൂറോപ്പിനും യു.എസിനും വ്യത്യസ്ത ഓവര്‍സീസ് അവകാശങ്ങളാണ് ഇപ്പോള്‍ വില്ക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine