തിരഞ്ഞെടുപ്പ് ചൂടും മികച്ച ചിത്രങ്ങളുടെ അഭാവവും വിനയാകുന്നു; തീയറ്ററുകളിലേക്ക് പ്രേക്ഷകരുടെ വരവില്‍ ഇടിവ്

കുടുംബ പ്രേക്ഷകര്‍ തീയറ്ററില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് തീയറ്ററുകള്‍ നേരിടുന്ന പ്രതിസന്ധി
malayalam film shooting, cinema location
Canva
Published on

100 കോടി ക്ലബിലേക്ക് കൂടുതല്‍ ചിത്രങ്ങളെത്തിയെങ്കിലും മലയാള സിനിമയ്ക്ക് 2025 നഷ്ടങ്ങളുടെ വര്‍ഷമായി മാറുന്നു. റിലീസ് ചിത്രങ്ങളുടെ എണ്ണം വലിയതോതില്‍ കുറയുന്നതും സിനിമ മേഖലയില്‍ തൊഴിലില്ലായ്മര്‍ വര്‍ധിക്കുന്നതിനും ഈ വര്‍ഷത്തിന്റെ പ്രത്യേകതയാണ്. കോവിഡ് കാലത്തെ ഒടിടി ബൂം നിരവധി പുതിയ നിര്‍മാതാക്കളെ സിനിമയിലേക്ക് ആകര്‍ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ പോലും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടാത്ത അവസ്ഥയാണ്.

ക്രിസ്മസ പരീക്ഷകള്‍ തുടങ്ങും മുമ്പുള്ള സമയം തീയറ്ററുകളിലേക്ക് കൂടുതല്‍ ആളുകളെത്തുന്ന സമയമാണ്. എന്നാല്‍ ഇത്തവണ ഓണത്തിനുശേഷം തീയറ്ററുകളില്‍ വേണ്ടത്ര സജീവമല്ല. ആരാധകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വരാത്തതും മറ്റ് വിനോദങ്ങളിലേക്ക് ആളുകള്‍ പോകുന്നതും സിനിമയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രമായ 'വിലായത്ത് ബുദ്ധ' തീയറ്ററിലെത്തിയിരുന്നു. വലിയ അഭിപ്രായം നേടാന്‍ സാധിക്കാത്തത് പൃഥ്വിരാജ് ചിത്രമായിരുന്നിട്ട് കൂടി പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിന് തിരിച്ചടിയായി. അതേസമയം പുതുമുഖ താരം സന്ദീപ് പ്രദീപ് നായകനായെത്തിയ എക്കോ (EKO) ഭേദപ്പെട്ട അഭിപ്രായം നേടുന്നുണ്ട്. കൂടുതലും യുവ ഓഡിയന്‍സാണ് ഈ സിനിമയുടെ ആരാധകര്‍.

കുടുംബ പ്രേക്ഷകര്‍ തീയറ്ററില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് തീയറ്ററുകള്‍ നേരിടുന്ന പ്രതിസന്ധി. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായെത്തിയ ലോക ചാപ്റ്റര്‍ 1: ചന്ദ്ര 300 കോടി ക്ലബില്‍ ഇടംപിടിച്ചത് കുടുംബ പ്രേക്ഷകരുടെ കരുത്തിലായിരുന്നു.

നവംബര്‍ 27ന് തീയേറ്ററിലെത്തേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിംഗ് മാറ്റിവച്ചിരുന്നു. കാരണം വ്യക്തമാക്കിയില്ലെങ്കിലും പരീക്ഷ ഉള്‍പ്പെടെയുള്ളവയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഹിറ്റായാല്‍ മുടക്കുമുതല്‍ കിട്ടും, ഇല്ലെങ്കില്‍...

ഒന്നുകില്‍ തീയറ്ററില്‍ നിന്ന് പണംവാരും ഇല്ലെങ്കില്‍ വന്‍ ഫ്‌ളോപ്പ്. മലയാള സിനിമ കടന്നുപോകുന്നത് വല്ലാത്തൊരു അവസ്ഥയിലൂടെയാണ്. കോടികള്‍ മുടക്കിയ ചിത്രങ്ങള്‍ പോലും മുടക്കുമുതല്‍ പോലു തിരിച്ചുകിട്ടാതെ മൂക്കുകുത്തി വീഴുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നയംമാറ്റിയതോടെ തീയറ്ററില്‍ നിന്ന് മാത്രം വരുമാനം കണ്ടെത്തേണ്ട അവസ്ഥയിലാണ് നിര്‍മാതാക്കള്‍.

തീയറ്ററില്‍ നിന്ന് മാത്രം മുടക്കുമുതല്‍ തിരിച്ചുപിടിക്കുക എല്ലാ ചിത്രങ്ങളെയും സംബന്ധിച്ച് സാധ്യമല്ലെന്നാണ് സിനിമരംഗത്തുള്ളവര്‍ പറയുന്നത്. ആളുകള്‍ മികച്ച അഭിപ്രായമുള്ള ചിത്രങ്ങള്‍ മാത്രം തീയറ്ററില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ആളുകള്‍ കൂടുതല്‍ സെലക്ടീവായതും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസിംഗ് ശേഷം പെട്ടെന്ന് തന്നെ സിനിമകളെത്തുന്നതും ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

2025നെ അപേക്ഷിച്ച് അടുത്ത വര്‍ഷം തീയറ്ററിലെത്തുന്ന ചിത്രങ്ങളുടെ വലിയ തോതില്‍ കുറയുമെന്ന സൂചനകളാണ് സിനിമരംഗത്തുള്ളവര്‍ നല്കുന്നത്. ചിത്രീകരണം നടക്കുന്ന സിനിമകളുടെ എണ്ണം വല്ലാതെ കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളാണ് അടുത്ത ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ റിലീസ് ചെയ്യേണ്ടത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഷൂട്ടിംഗ് വല്ലാതെ കുറഞ്ഞത് ഈ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് പേരെ ബാധിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com