

മലയാള സിനിമയിലെ റിലീസിംഗ് കുത്തൊഴുക്ക് കുത്തനെ ഇടിയുന്നതിനിടെ ട്രെന്റ് മാറ്റവും. പുതിയ നിര്‍മാതാക്കളുടെ വരവ് കുറയുന്നതിനിടെ സൂപ്പര്‍താര ചിത്രങ്ങളില്‍ നിന്ന് പിന്തിരിയുകയാണ് പലരും. പുതുമുഖങ്ങളെ വച്ച് താരതമ്യേന കുറഞ്ഞ ബജറ്റില്‍ സിനിമയെടുക്കുകയെന്ന രീതിയിലേക്കാണ് പുതുമുഖ നിര്‍മാതാക്കള്‍ മാറുന്നത്. മുന്‍നിര താരങ്ങള്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയിലേക്ക് മാറുന്നതും ചെലവ് കുത്തനെ കൂടുന്നതുമാണ് പുതിയ പരീക്ഷണത്തിന് നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.
വലിയ താരമൂല്യമില്ലാത്ത അഭിനേതാക്കളെ മുന്‍നിര്‍ത്തി എടുക്കുന്ന ചിത്രങ്ങള്‍ ഭേദപ്പെട്ട കളക്ഷന്‍ നേടുന്നതാണ് ചുവടുമാറ്റത്തിലേക്ക് നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്. ഒരു ഡസനിലേറെ ചിത്രങ്ങളാണ് പുതുമുഖങ്ങളെ വച്ച് അണിയറയില്‍ ഒരുങ്ങുന്നത്.
ഈ വര്‍ഷം കളക്ഷനില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുടേത് അഞ്ചെണ്ണം മാത്രമാണുള്ളത്. ബാക്കിയുള്ള ചിത്രങ്ങള്‍ പുതുമുഖങ്ങളുടേതോ രണ്ടാംനിരക്കാരെ വച്ചെടുത്തതോ ആണ്. മലയാള സിനിമയിലെ ആദ്യ 300 കോടി ചിത്രമായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര എന്ന ചിത്രം മുതല്‍ ആലപ്പുഴ ജിംഖാന വരെയുള്ള ചിത്രങ്ങള്‍ ഈ വസ്തുത ഊട്ടിയുറപ്പിക്കുന്നു.
മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പഴയപോലെ തീയറ്ററില്‍ മിനിമം ഗ്യാരണ്ടി ലഭിക്കുന്നില്ലെന്നതാണ് വസ്തുത. പ്രമേയം നല്ലതാണെങ്കില്‍ മാത്രം സിനിമ ഹിറ്റാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇനീഷ്യല്‍ കളക്ഷന്‍ നേടാന്‍ മാത്രമാണ് സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഇപ്പോള്‍ പ്രയോജനപ്പെടുന്നത്. ചിത്രം മോശമാണെന്ന് കണ്ടാല്‍ ആദ്യയാഴ്ച്ച തന്നെ സിനിമയുടെ വിധി കുറിക്കപ്പെടുകയും ചെയ്യുന്നു.
രണ്ടാംനിര, പുതുമുഖ അഭിനേതാക്കളിലേക്ക് തിരിയാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത് പലവിധ കാരണങ്ങളാണ്. മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ബജറ്റ് കൂടുതലായിരിക്കും. മുന്‍കൂട്ടി പറഞ്ഞ ബജറ്റില്‍ പല ചിത്രങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. എത്ര സൂപ്പര്‍ താരമാണെങ്കിലും ചിത്രം മോശമാണെങ്കില്‍ തീയറ്റര്‍ കളക്ഷന്‍ കൂപ്പുകുത്തും. ഒ.ടി.ടി, സാറ്റലൈറ്റ് വരുമാനവും നേര്‍ത്തതാകും.
30-40 കോടി മുടക്കി എടുത്ത 20ലേറെ ചിത്രങ്ങള്‍ ഈ വര്‍ഷം തീയറ്ററില്‍ എട്ടു നിലയില്‍ പൊട്ടി. അതേസമയം, വലിയ ബജറ്റില്ലാതിരുന്ന ആലപ്പുഴ ജിംഖാന, സുമതി വളവ്, പൊന്മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ നിന്ന് ഭേദപ്പെട്ട കളക്ഷന്‍ നേടുകയും ചെയ്തു.
ഒക്ടോബറില്‍ പത്തിനടുത്ത് ചിത്രങ്ങള്‍ മാത്രമാണ് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാധാരണഗതിയില്‍ 20 ചിത്രങ്ങളെങ്കിലും രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണിത്. പ്രവാസി നിര്‍മാതാക്കളുടെ വരവ് കുറഞ്ഞതും സിനിമ രംഗത്തെ പ്രതിസന്ധിയെക്കുറിച്ച് പലരും ബോധവാന്മാരായതുമാണ് നിര്‍മാതാക്കളുടെ താല്പര്യക്കുറവിന് കാരണം.
കഴിഞ്ഞ വര്‍ഷം 230ലേറെ സിനിമകളാണ് തീയറ്ററില്‍ റിലീസ് ചെയ്തത്. ഇതില്‍ 90 ശതമാനം ചിത്രങ്ങളും സാമ്പത്തികമായി വലിയ തിരിച്ചടി നേരിട്ടു. ഈ വര്‍ഷം ആകെ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം 150-160ന് ഇടയില്‍ നില്‍ക്കുമെന്നാണ് ഫിലിം ഇന്‍ഡസ്ട്രി നല്കുന്ന സൂചന.
സിനിമകളുടെ ചിത്രീകരണം നിലച്ചതോടെ ഈ രംഗത്തെ തൊഴിലവസരങ്ങളും വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. കോവിഡ് കാലം ഒഴിച്ചുനിര്‍ത്തിയാല്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന് സിനിമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine