വേനലും മോഹന്‍ലാലും രക്ഷിച്ചു! മലയാള സിനിമയ്ക്ക് കളക്ഷന്‍ ചാകര! 500 കോടി പിന്നിട്ട് അവധിക്കാലം; തീയറ്ററുകള്‍ക്ക് ആശ്വാസം

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി മലയാള സിനിമയുടെ കളക്ഷന്‍ 500 കോടിക്ക് മുകളിലായി. തീയറ്ററില്‍ നിറഞ്ഞോടുന്ന മോഹന്‍ലാല്‍ ചിത്രം 'തുടരും' ആണ് സിനിമ ലോകത്തിന് ആശ്വാസമായത്
malayalam cinema theatre
Published on

കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ തുടര്‍ ഹിറ്റുകളുമായി മലയാള സിനിമ തിരിച്ചു വരുന്നുവെന്ന് തോന്നിച്ചതാണ്. എന്നാല്‍ ജൂണിനുശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും വിവാദങ്ങളും മികച്ച ചിത്രങ്ങളുടെ അഭാവവുമെല്ലാം ചേര്‍ന്നതോടെ പഴയപടിയായി കാര്യങ്ങള്‍. ഈ വര്‍ഷം തുടക്കം നേരെ മറിച്ചായിരുന്നു. ആദ്യത്തെ മൂന്നു മാസം ഒരൊറ്റ ചിത്രം മാത്രമാണ് തീയറ്ററില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിച്ചത്. എന്നാല്‍ വേനല്‍ അവധിക്കാലം എത്തിയതോടെ കഥമാറി.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി മലയാള സിനിമയുടെ കളക്ഷന്‍ 500 കോടിക്ക് മുകളിലായി. തീയറ്ററില്‍ നിറഞ്ഞോടുന്ന മോഹന്‍ലാല്‍ ചിത്രം 'തുടരും' ആണ് സിനിമ ലോകത്തിന് ആശ്വാസമായത്. ഏപ്രില്‍ 25ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസിലാണ് ഓടുന്നത്.

തീയറ്ററുടമകള്‍ക്കും ആശ്വാസം

തുടരും കഴിഞ്ഞ ദിവസം 200 കോടി ക്ലബ് പിന്നിട്ടിരുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ എത്തിയ ചിത്രത്തിന് കുടുംബപ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഗുണം ചെയ്തത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്യാന്‍ ചിത്രത്തിന് സാധിച്ചു. റിലീസിംഗ് ദിനത്തില്‍ 5.25 കോടി രൂപയായിരുന്നു തുടരും കളക്ട് ചെയ്തത്.

മൗത്ത് പബ്ലിസിറ്റി കൂടിയതോടെ മൂന്നാംദിനം മാത്രം 10.5 കോടി രൂപ കളക്ഷന്‍ ലഭിച്ചു. ഇതിനിടെ ഇന്ത്യ-പാക് സംഘര്‍ഷം യുദ്ധത്തിനടുത്തെത്തിയത് ചിത്രത്തെയും ബാധിച്ചു. മേയ് 19 തിങ്കളാഴ്ച്ച 2.9 കോടി രൂപയായിരുന്നു കളക്ഷന്‍. റിലീസ് ചെയ്ത 20 ദിവസമായിട്ടും തീയറ്ററുകളില്‍ ആവേശം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. മാര്‍ച്ചില്‍ റിലീസ് ചെയ്ത മറ്റൊരു മോഹന്‍ലാല്‍ ചിത്രം എംപുരാന് തുടക്കം മികച്ച കളക്ഷന്‍ ലഭിച്ചെങ്കിലും പിന്നീട് ഇടിയുകയായിരുന്നു. വിവാദങ്ങളും ചിത്രത്തിന് തിരിച്ചടിയായി.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദിലീപ് ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ തന്നെയാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആദ്യത്തെ നാലു ദിവസം കൊണ്ട് 10 കോടിക്ക് അടുത്ത് കളക്ട് ചെയ്തു. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ദിലീപ് ചിത്രം തീയറ്ററില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കുന്നത്.

ആസിഫ് അലിയുടെ 'സര്‍ക്കീട്ട്' സുരാജ് വെഞ്ഞാറമൂട് പ്രധാന റോളിലെത്തിയ 'പടക്കളം' എന്നീ ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാല്‍ മാര്‍ക്കറ്റിംഗിന്റെ അഭാവം ഇരുചിത്രങ്ങള്‍ക്കും തീയറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിന് വിലങ്ങുതടിയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച കാലാവസ്ഥയും ഇത്തവണ തീയറ്ററിലേക്ക് ആളെത്തുന്നതിന് സഹായിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com